"അധ്വാനം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി" ഏതെങ്കിലും തൊഴിലാളി യൂണിയന്റെ പതാകയിൽ തുന്നിച്ചേർത്തിരിക്കുന്ന മുദ്രാവാക്യമാണെന്ന് തീർപ്പുകല്പിക്കാൻ വരട്ടെ; നാസികളുടെ ഏറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പായിരുന്ന പോളണ്ടിലെ ഓഷ്‌വീസിന്റെ ഇരുമ്പ് കവാടത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വാക്കുകളാണു് ഇവ. ക്രൂരമായ പീഡനങ്ങൾക്കിരയായി ഇവിടെ ജീവിച്ചിരുന്ന തടവുകാർ അതിലെ 'സ്വാതന്ത്ര്യം' എന്ന വാക്കിനു മരണമെന്നാണോ അർത്ഥം എന്ന് സംശയിച്ചിരുന്നിരിക്കണം. ദുരിതമയമായ ആ കാലഘട്ടത്തിന്റെ ഓർമ്മകളും പേറി, പോളണ്ടിലെ ക്രാക്കൂവ് നഗരത്തിൽ നിന്നും ഏതാണ്ട് അൻപത് കിലോമീറ്റർ അകലെ ഓഷ്‌വീസ് ക്യാമ്പുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്.
ഞങ്ങൾ ഒന്നുരണ്ട് പേർ ചേർന്ന് പെട്ടെന്നു തീരുമാനിച്ച് നടപ്പിലാക്കിയ യാത്രയിലെ ഒരു ദിവസം ഇവിടം സന്ദർശിക്കുന്നതിനായി മാത്രം മാറ്റിവച്ചിരുന്നു. പോളണ്ടിലെ ഓഷ്‌വിഎൻഷീം (Oświęcim) എന്ന സ്ഥലത്തിനടുത്താണു് ഓഷ്‌വീസ് കോൺസൻട്രേഷൻ ക്യാമ്പുകൾ. (ഈ സ്ഥലത്തിന്റെ ജർമനിലുള്ള നാമമാണു് ഓഷ്‌വീസ് (Auschwitz)). മൂന്നു പ്രധാന ക്യാമ്പുകൾ ചേരുന്നതാണ് പൊതുവേ ഓഷ്വീസ് എന്നറിയപ്പെടുന്നത്. ഓഷ്‌വീസ് എന്നും വിളിക്കപ്പെടുന്ന ഓഷ്വീസ്-1, ഓഷ്‌വീസ്-2 എന്നറിയപ്പെടുന്ന ബിർക്കാനൗ ക്യാമ്പ്, ഓഷ്‌വീസ് മൂന്നാമനായ മോണോവീറ്റ്സ് ക്യാമ്പുമാണു് ഇവ. കൂടാതെ കുറെയധികം ചെറുക്യാമ്പുകളുമുണ്ടിവിടെ . . പോളിഷ്സേനയുടെ ഒരു ആസ്ഥാനമായിരുന്നു ഓഷ്‌വീസ് ഒന്ന് നിർമ്മിക്കാനായി 1940-ൽ തെരഞ്ഞെടുക്കപ്പെട്ടത്. ജർമ്മൻ സാമ്രാജ്യത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായുള്ള സ്ഥാനവും, മറ്റു സ്ഥലങ്ങളിലേക്കുള്ള റെയിൽ സൗകര്യവും ഈ തീരുമാനത്തെ സ്വാധീനിച്ചിരിക്കണം. ഏതാണ്ട് നാല്പത് കിലോമീറ്റർ ചുറ്റളവിലുണ്ടായിരുന്ന താമസക്കാർ ഒഴിപ്പിക്കപ്പെട്ടു. ക്യാമ്പുകളുടെ ഭരണസിരാകേന്ദ്രം ഒന്നാം നമ്പർ ക്യാമ്പായിരുന്നു.
പ്രധാനമായും പോളിഷ് സോവിയറ്റ് യുദ്ധതടവുകാരെയാണു് ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പിൽ താമസിപ്പിച്ചിരുന്നത്. അത്യന്തം ശോചനീയമായിരുന്നു തടവുകാരുടെ സ്ഥിതി. ഓരോ മുറിയിലും കഴിയുന്നത്ര തടവുകാരെ കുത്തിനിറയ്ക്കാൻ ശ്രമിച്ചിരുന്നു. മിക്കവാറും ആൾക്കാരുടെ ഉറക്കം വയ്ക്കോലിലും ചാക്ക് തുണികളിലുമായിരുന്നു. നാമമാത്രമായ ഭക്ഷണത്തിനൊപ്പം അതികഠിനമായ ജോലിയും വൃത്തിഹീനമായ ശുചിത്വസംവിധാനങ്ങളും ശിക്ഷാമുറകളും ചേർന്ന് ആ തടവറയെ ദുസ്സഹമാക്കിത്തീർത്തു. ഇതിനു പുറമേ തടവുകാരുടെ ബ്ലോക്കുകളുടെ മേൽനോട്ടം പലപ്പോഴും ജർമൻ കുറ്റവാളികൾക്കായിരുന്നുവെന്ന് കൂട്ടിച്ചേർത്താൽ മാത്രമേ ആ അന്തരീക്ഷത്തിന്റെ ഭീകരത പൂർണ്ണമാകുന്നുള്ളൂ. എത്തിപ്പെടുന്നവരിൽ മിക്കവരും ക്യാമ്പുകളിലെ പീഡനങ്ങളേറ്റ് മരിക്കുക സാധാരണസംഭവം മാത്രമായിരുന്നു.
ആദ്യമാദ്യം ഒരാളെ ഈ ക്യാമ്പിലേക്ക് അയക്കുമ്പോൾ, അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ക്യാമ്പിലെത്തിപ്പെട്ട തീയതി രേഖപ്പെടുത്തിയ ഫോട്ടോകൾ ക്യാമ്പിന്റെ ചുവരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്യാമ്പിലെ അന്തരീക്ഷത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആളുകൾ മരിക്കുന്നത് മൂലം ഒട്ടുമിക്ക ഫോട്ടോകളിലും അവരുടെ മരണത്തീയതിയുമുണ്ട്. ഭൂരിഭാഗം പേരും ക്യാമ്പിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടിരുന്നുവെന്ന് ആ ചരിത്രരേഖകൾ തെളിയിക്കുന്നു. ക്യാമ്പിലെ പ്രതികൂലസാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് തന്നെ തടവുകാർ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതപ്രായരായിത്തീരുന്നത് കൊണ്ട് പിന്നീട് തിരിച്ചറിയൽ കയ്യിലോ കാലിലോ റോൾ നമ്പർ ചാപ്പകുത്തുന്നതിനു വഴിമാറി.

ഓരോ ബ്ലോക്കിലും നൂറുകണക്കിനു തടവുകാർ. വയ്ക്കോൽ അല്ലെങ്കിൽ ചാക്ക് തുണികൾ വിരിച്ച നിലത്തായിരുന്നു വേനല്ക്കാലത്തെ കൊടും ചൂടിലും പൂജ്യത്തിനും വളരെ താഴെ പോകുന്ന അതിശൈത്യത്തിലും അന്തേവാസികൾ കഴിഞ്ഞത്. കൂടുതൽ ആൾക്കാരെ തിക്കി കൊള്ളിക്കുന്നതിനു വേണ്ടി ഇഷ്ടിക കൊണ്ട് നിർമിക്കപ്പെട്ട ബങ്ക് ബഡ്ഡുകൾ. മിക്കവാറൂം ഈർപ്പം നിറഞ്ഞ നിലത്ത് കിടക്കേണ്ടി വരുന്ന തടവുകാർ തമ്മിൽ താരതമ്യേന ഉണങ്ങിയ സ്ഥലത്തിനു വേണ്ടിയുള്ള നിരന്തര വഴക്കുകളും. ഇതിനെല്ലാം പുറമേ, ബങ്കറുകൾ ഇടിഞ്ഞ് പൊളിഞ്ഞ് താഴേക്ക് വീണ് മരണപ്പെട്ടവരും ഏറെ.
ഏത് നിമിഷവും മരണം മുന്നിൽ കണ്ട് ജീവിച്ച തടവുകാർക്ക് രാവിലെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുന്നതിനു മിനിറ്റുകൾ മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. ഓരോ ബ്ലോക്കിലും പത്തിരുപത് ക്ലോസറ്റുകൾ ഒരൊറ്റ മുറിയിൽ അടുപ്പിച്ച് ഇട്ടിരിക്കുന്നതിലാണു് നൂറുകണക്കിനാൾക്കാർ മിനുട്ടുകളുടെ വ്യത്യാസത്തിൽ പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചിരുന്നത്. സ്വാഭാവികമായും ഈ വൃത്തിഹീനമായ ചുറ്റുപാടുകൾ അതിസാരം, കോളറ മുതലായ രോഗങ്ങൾ വഴി ഒരുപാട് മനുഷ്യരുടെ ജീവനെടുത്തു.
ഹാജരെടുപ്പായിരുന്നു പ്രഭാതകൃത്യങ്ങൾക്ക് ശേഷമുള്ള നടപടി. അതു കഴിഞ്ഞാലുടൻ അന്നത്തെ ജോലി തുടങ്ങുകയായി. പതിനൊന്ന് മണിക്കൂർ വരെ ആളുകൾക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അതേ സമയം ചിലവു ചുരുക്കലിന്റെ പേരിൽ ഭക്ഷണം നാമമാത്രവും! മരിച്ച് പോകുന്നവർക്ക് പകരം പുതിയ തടവുകാരെ കിട്ടുന്നതു കൊണ്ട് അധികാരികൾക്ക് ഒരു മരണമെന്നാൽ ഹാജർബുക്കിലും നിന്നും വെട്ടിക്കളയുന്ന ഒരു സംഖ്യ മാത്രമായിരുന്നു . ജോലിസ്ഥലത്തുനിന്ന് മടങ്ങുന്ന സമയത്തും ഹാജരെടുപ്പ് ഉണ്ടായിരുന്നു. രാവിലെ ഉണ്ടായിരുന്ന ആരെയെങ്കിലും കാണാതായാൽ (ജോലിസ്ഥലത്ത് നിന്നും രക്ഷപെടുകയോ മറ്റോ), അയാളെ കണ്ടെത്തുന്നതു വരെയോ, രക്ഷപെടാൻ സഹായിച്ചവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നത് വരെയോ എല്ലാ അന്തേവാസികൾക്കും റോൾക്കാൾ സ്ഥലത്ത് വരിയായി പ്രതികൂലകാലാവസ്ഥയിലും മണിക്കൂറുകൾ നിൽക്കേണ്ടി വന്നു.
ജോലിചെയ്യാൻ കഴിയാത്ത തടവുകാരെ മൃഗീയമായ വൈദ്യശാസ്ത്രപരീക്ഷണങ്ങൾക്ക് ഇരയാക്കിയ സ്ഥലമായിരുന്നു ക്യാമ്പിലെ കുപ്രസിദ്ധമായ പത്താം നമ്പർ ബ്ലോക്ക്. ജോലിയെടുക്കാൻ കഴിവില്ലാത്ത സ്ത്രീകളും കുട്ടികളുമായിരുന്നു അധികവും പരീക്ഷണങ്ങളുടെ ഇരകൾ. മരണത്തിന്റെ മാലാഖയെന്നറിയപ്പെട്ടിരുന്ന ഡോക്ടർ ജോസഫ് മെംഗൽ-നു സമരൂപ (identical twins) ഇരട്ടകളിലായിരുന്നു താല്പര്യം. ഇരട്ടകളിലെ ഒരാളിൽ രോഗാണുക്കൾ കുത്തിവച്ച് അസുഖബാധിതനാക്കി കൊല്ലുകയും മറ്റേയാളേ നേരിട്ട് കൊല്ലുകയും ചെയ്ത ശേഷം രണ്ടു മൃതദേഹങ്ങളും താരതമ്യപ്പെടുത്തി പഠിക്കുകയായിരുന്നത്രേ ഡോക്ടറുടെ പരീക്ഷണ രീതി!
ക്യാമ്പിലെ ചിട്ടവട്ടങ്ങൾ കർശനമായിരുന്നു. പുകവലി മുതൽ കുറ്റവാളിയായ ഒരു സഹതടവുകാരനെ സഹായിക്കുന്നത് വരെ ഗുരുതരമായ കുറ്റങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പിലെ പതിനൊന്നാം നമ്പർ കെട്ടിടമായിരുന്നു കുപ്രസിദ്ധമായ ജയിലിനകത്തെ ജയിൽ. പലതരം ശിക്ഷകൾ രേഖകളിലുണ്ടായിരുന്നെങ്കിലും അവയുടെ ആത്യന്തികമായ ലക്ഷ്യം ശിക്ഷിതനെ മരണത്തിലേയ്ക്ക് നയിക്കുകയെന്നതായിരുന്നു. മരണം വരെ പട്ടിണിയ്ക്കിടൽ, വായു കടക്കാത്ത മുറിയിൽ അടച്ചിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുക തുടങ്ങിയവയായിരുന്നു ശിക്ഷകൾ. ഇതിനെല്ലാം പുറമേ ഒരു ടെലഫോൺ ബൂത്തിന്റെ വലിപ്പത്തിൽ നിർമ്മിച്ച നിൽപ്പ്മുറിയും മറ്റൊരു മർദ്ദനോപാധിയായിരുന്നു. നാലുചുവരുകളും മേൽഭാഗവും കെട്ടിയടയ്ക്കപ്പെട്ട മുറിയിൽ ഒരാൾക്ക് കഷ്ടിച്ച് നൂഴ്ന്ന് കടക്കാവുന്ന ഒരു വിടവ് മാത്രമുണ്ട്. നാലുപേരെ ഇതിലൂടെ അകത്തെത്തിച്ച് രാത്രി മുഴുവൻ അവിടെ നിൽക്കാൻ വിധിക്കും. പകൽ ജോലി സമയം നഷ്ടപ്പെടുന്നതൊഴിവാക്കാൻ ആൾക്കാരെ രാത്രി അടച്ചിടുകയായിരുന്നു പതിവ്. രാത്രിയിലെ നിൽപ്പിനോടൊപ്പം പകലത്തെ കഠിനമായ ജോലി കൂടി ആകുമ്പോൾ മിക്കവരുടെയും വിധി മരണത്തിനു കീഴടങ്ങുക തന്നെയായിരുന്നു. ഇതിനെല്ലാം പുറമേ, രക്ഷപെടാൻ ശ്രമിക്കുകയോ അതിനു ആരെയെങ്കിലും സഹായിക്കുകയോ ചെയ്യുന്നവരെ എല്ലാവരുടെയും മുന്നിൽ വച്ച് തൂക്കിലിട്ടിരുന്നു. ക്യാമ്പിലെ അന്തേവാസികൾക്ക് പുറമേ പലപ്പോഴും പോളിഷ് റെസിസ്റ്റൻസ് മൂവ്മെന്റിലെയോ മറ്റു തരത്തിൽ സാമ്രാജ്യത്തിനു് വെല്ലുവിളികൾ ഉയർത്തുന്ന ആൾക്കാരെയോ തടവിലാക്കാനും പതിനൊന്നാം നമ്പർ കെട്ടിടം ഉപയോഗിച്ചിരുന്നു. പേരിനു ഒരു കോടതി ഉണ്ടായിരുന്നെങ്കിലും എല്ലാ വിചാരണകളും മരണശിക്ഷയിലവസാനിച്ചിരുന്നു. ക്യാമ്പിലെ അന്തേവാസികളല്ലാത്തവരുടെ വധശിക്ഷ നടപ്പാക്കിയിരുന്നത് പത്ത് പതിനൊന്നാം നമ്പർ കെട്ടിടങ്ങളെ ബന്ധിപ്പിച്ചിരുന്ന ഷൂട്ടിംഗ് വാൾ എന്നറിയപ്പെട്ട മതിലിനു മുന്നിൽ വെടിയുണ്ടകൾക്കിരയാക്കിക്കൊണ്ടായിരുന്നു. ഈ സംഭവങ്ങൾ പുറം ലോകമറിയാതിരിക്കാൻ വേണ്ടി അന്തേവാസികൾ ജോലി ചെയ്യുന്ന സമയത്തായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്.
രക്ഷപെടലുകൾ അത്യപൂർവ്വമായിരുന്നു. രക്ഷപെടാൻ സഹായിച്ചവരും, രക്ഷപെട്ടവരുടെ ബന്ധുക്കളും കഠിന ശിക്ഷകൾ ഏറ്റുവാങ്ങി. രേഖപ്പെടുത്തപ്പെട്ട 802 ശ്രമങ്ങളിൽ വെറും നൂറ്റിനാല്പത്തിനാലെണ്ണമാണു് വിജയിച്ചവ. 1940 മുതൽ 1945ൽ സോവിയറ്റ് സേന ക്യാമ്പ് മോചിപ്പിക്കുന്നത് വരെയുള്ള വെറും അഞ്ച് വർഷങ്ങളിൽ എഴുപതിനായിരത്തോളം തടവുകാർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്.
ഇതൊക്കെയാണെങ്കിലും ഒന്നാം ക്യാമ്പിലെ പീഢനങ്ങളെല്ലാം ഓഷ്‌വീസിന്റെ ചരിത്രത്തിലെ ചെറിയൊരു പങ്കു മാത്രമേ ആകുന്നുള്ളൂ. ഓഷ്‌വീസിലെ സിംഹഭാഗം ക്രൂരതകളും അരങ്ങേറിയത് യൂറോപ്പിലെമ്പാടുമുള്ള ജൂതരെ കൊന്നൊടുക്കുക (http://en.wikipedia.org/wiki/The_Holocaust) എന്ന നാസി രഹസ്യ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. ഓഷ്‌വീസ് രണ്ടാം ക്യാമ്പായ ബിർക്കാനൗ ആയിരുന്നു ആ പദ്ധതിയുടെ മുഖ്യപശ്ചാത്തലം. യൂറോപ്പിൽ ജർമൻ ആധിപത്യമുള്ള ഒരുമാതിരി എല്ലാ സ്ഥലങ്ങളിൽ നിന്നും ജൂതരെ ഇവിടേക്ക് കൊണ്ടുവന്നു. കിഴക്കൻ യൂറോപ്പിലുള്ള ഏതോ സ്ഥലത്ത് പുനരധിവസിപ്പിക്കുമെന്ന നാസികളുടെ വാക്കുകൾ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ മരണവക്ത്രത്തിലേയ്ക്കുള്ള യാത്രയായിരിക്കുമെന്ന് അവർ ഒരിക്കലെങ്കിലും കരുതിയിട്ടുണ്ടാവുമോ?
കാലികളെ കൊണ്ടുവരുന്ന റെയിൽ വാഗണിലായിരുന്നു ആൾക്കാരെ കുത്തിനിറച്ച് കൊണ്ടുവന്നിരുന്നത്. ബിർക്കാനൗ ക്യാമ്പിന്റെ പ്രവേശനകവാടത്തിനകത്ത് കടക്കുമ്പോൾ ആദ്യം കാണുന്നത് തീരെ ഉയരമില്ലാത്ത ഒരു പ്ലാറ്റ്ഫോമിന്റെ രണ്ടുവശത്തുമായി പിരിഞ്ഞ് ദൂരെ വീണ്ടും ഒന്നിക്കുന്ന റെയിൽവേ ലൈൻ ആണ്. ഓഷ്‌വീസ് ഒന്നിനെ അപേക്ഷിച്ച് വളരെ വിസ്തൃതമാണ് ബിർക്കാനൗ. രണ്ട് ഭാഗങ്ങളിലുമായി അനേകം നിരപരാധികളുടെ ജീവിതം അതിനിഷ്ഠുരമായി അവസാനിപ്പിക്കപ്പെട്ട അനവധി ഷെഡുകൾ.

സ്വന്തം നാട് വിട്ട് മറ്റൊരു ദേശത്തേയ്ക്ക് കുടിയേറുകയാണെന്ന ധാരണയിൽ കയ്യിലെടുക്കാവുന്ന എല്ലാ സമ്പാദ്യങ്ങളുമായി എത്തിച്ചേർന്നവർക്ക് കിട്ടിയ ആദ്യകല്പന വസ്തുവകകളെല്ലാം മാറ്റിയിടാനായിരുന്നു. തടവുകാരുടെ സമ്പാദ്യമെല്ലാം ജർമൻകാർ കൈക്കലാക്കുകയായിരുന്നു പതിവ്. ക്യാമ്പിലെത്തിയ സ്ത്രീപുരുഷന്മാരെ വേർതിരിച്ച് വരിയായി നിർത്തി ആരോഗ്യമുള്ളവരെ തിരഞ്ഞെടുത്ത് വലത്തേയ്ക്ക് (Rechts) എന്നോ ഇടത്തേയ്ക്ക് (Links) എന്നോ തീരുമാനിക്കപ്പെടുന്നു. ജോലിചെയ്യാൻ കഴിവുണ്ടെന്ന് തോന്നുന്നവർ വലത്തേയ്ക്ക് - കോൺസൻട്രേഷൻ ക്യാമ്പുകളിലേയ്ക്ക് - അയയ്ക്കപ്പെട്ടു. ജോലിചെയ്യാൻ കഴിവില്ലാത്തവർ - ഗർഭിണികളായ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ - തുടങ്ങിയവർ ഇടത്ത് വശത്തേക്കും. റെയില്വേ ലൈൻ അവസാനിക്കുന്നതിനിരുവശവുമുള്ള കുപ്രസിദ്ധമായിരുന്ന ഗ്യാസ് ചേമ്പറുകളിലേയ്ക്ക്!!
ഒരുപാട് പേരെ ഒന്നിച്ച് കൊല്ലാനായി നാസികൾ കണ്ടുപിടിച്ച പോംവഴിയായിരുന്നു ഗ്യാസ് ചേംബർ. അടഞ്ഞ വാഗണുകളിൽ ദീർഘദൂരയാത്ര നടത്തി മുഷിഞ്ഞ് വരുന്നവരെ കുളിക്കാനായി കൊണ്ടുപോകുകയാണെന്ന വ്യാജേനയാണു് ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നത്. വസ്ത്രം മാറുന്നതിനുള്ള മുറി, കുളിമുറി പോലെ തോന്നിപ്പിക്കുന്ന ചേംബർ, മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സ്ഥലം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണു് ഗ്യാസ് ചേംബറുകൾക്ക് ഉണ്ടായിരുന്നത്. ഇതിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സ്ഥലമൊഴികെ മറ്റ് രണ്ടിടങ്ങളും ഭൂമിയ്ക്കടിയിലായിരുന്നു. സൈക്ലോൺ ബി (http://en.wikipedia.org/wiki/Zyklon_B) എന്ന മാരകമായ വിഷവാതകമായിരുന്നു കൂട്ടക്കൊല നടത്താനുള്ള ഉപാധി. ആൾക്കാരെ ചേംബറിനുള്ളിലടച്ച് വാതിൽ ബന്ധിച്ചതിനു ശേഷം മുകളിലുള്ള കുഴലുകൾ വഴി വിഷവാതകത്തിന്റെ "ക്രിസ്റ്റലുകൾ" [porus gypsum pellets that adsorbs the gas] ഇടുക എന്ന രീതിയായിരുന്നു നടപ്പാക്കിയിരുന്നത്. ഒന്നാം നമ്പർ ക്യാമ്പിലായിരുന്നു ഓഷ്‌വീസിലെ ആദ്യത്തെ ഗ്യാസ് ചേമ്പർ. 1941ൽ അറുന്നൂറോളം സോവിയറ്റ് യുദ്ധതടവുകരെയും ഇരുന്നൂറ്റമ്പതോളം ദുർബലരായ പോളിഷ് തടവുകാരെയും ഗ്യാസിനിരയാക്കിക്കൊണ്ടാണു് ഈ ഗ്യാസ് ചേമ്പർ പ്രവർത്തനമാരംഭിച്ചത്. പിന്നീട് രണ്ടാം ക്യാമ്പായ ബിർക്കാനൗവിൽ രണ്ട് ഗ്യാസ് ചേമ്പറുകൾ കൂടി തുടങ്ങി. ഇതിൽ ഒന്നിൽ എണ്ണൂറും അടുത്തതിൽ ആയിരത്തി ഇരുന്നൂറ് പേരെ വരെയും ഒരേ സമയം വകവരുത്തിയിരുന്നു. കുളിക്കാൻ കൊണ്ടു പോകുകയാണെന്ന ധാരണ തടവുകാരിൽ ഉറപ്പിക്കുന്നതിനായി വസ്ത്രം മാറുന്ന മുറിയിൽ ക്രമനമ്പരുള്ള കൊളുത്തുകൾ ഉറപ്പിച്ചിരുന്നു. കൂടാതെ, കുളിക്കാനായി വസ്ത്രം അഴിച്ച് വയ്ക്കുന്നവരോട് തങ്ങളുടെ വസ്ത്രം കൊളുത്തിയിരിക്കുന്ന നമ്പർ ഓർത്തുവയ്ക്കാനും, കുട്ടികളോട് പാദരക്ഷകൾ ജോഡി നഷ്ടപ്പെട്ട് പോകാതിരിക്കാനായി അവ തമ്മിൽ കെട്ടിയിടാനും പറഞ്ഞിരുന്നത്രേ!
മൃതദേഹങ്ങൾ കത്തിച്ച് കളയുന്ന ജോലി സോണ്ടർകമാൻഡോകൾ എന്നറിയപ്പെടുന്ന ജോലിക്കാരാണു ചെയ്തിരുന്നത്. കോൺസൻട്രേഷൻ ക്യാമ്പിലെ ജൂതവംശജരെത്തന്നെയാണു് മിക്കപ്പോഴും ഇതിനു നിയോഗിച്ചിരുന്നത്. മൃതദേഹങ്ങൾ അഗ്നിക്കിരയാക്കും മുൻപ് മുടി, സ്വർണ്ണപ്പല്ലുകൾ എന്നിവ നീക്കം ചെയ്യപ്പെട്ടു. ഇപ്രകാരം ശേഖരിക്കപ്പെട്ട മുടി വൃത്തിയാക്കി, സോക്സ്, ശീതകാല വസ്ത്രങ്ങൾ മുതലായവ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നു. സ്വർണമാകട്ടെ ഉരുക്കി കട്ടികളാക്കി സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. കത്തിച്ച് കളയുന്ന ചാരം ക്യാമ്പുകളിലെ തുറസ്സായ സ്ഥലങ്ങളിൽ വിതറുകയായിരുന്നുവത്രേ. ഒരുപാട് നാൾ ജോലിയിൽ തുടരാൻ സമ്മതിക്കാതെ സോണ്ടർ കമാൻഡോകളെയും ഇടയ്ക്കിടയ്ക്ക് കൊന്നുകളഞ്ഞിരുന്നുവെങ്കിലും ചുരുക്കം ചിലർ രക്ഷപെട്ടു. ഗ്യാസ് ചേമ്പറിലെ ക്രൂരതകൾ ഒരുപരിധി വരെ ലോകം അറിഞ്ഞത് ഇവരിലൂടെയാണ്.
വലതു ഭാഗത്തേയ്ക്ക് (Rechts) തെരഞ്ഞെടുക്കപ്പെട്ടവരെയും ഒരർത്ഥത്തിൽ മരണമായിരുന്നു കാത്തിരുന്നത്. ബിർക്കാനൗവിലെ രണ്ടാം നമ്പർ ക്യാമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പ് സ്വർഗ്ഗതുല്യമായിരുന്നു. ആദ്യത്തെ ക്യാമ്പിൽ നിന്നും വിരുദ്ധമായി ബിർക്കാനൗവിൽ ശരിയായ രീതിയിലുള്ള കെട്ടിടങ്ങളുണ്ടായിരുന്നില്ല. വളരെ വിസ്തൃതമായ പ്രദേശമായതിനാൽ, ഉയർന്ന ഇരട്ടകമ്പിവേലികൾ ഉപയോഗിച്ച് ക്യാമ്പിനെ പലതായി തിരിച്ചിരുന്നു. തടവുകാർ ഒത്തുകൂടി ഒരു വിമത നീക്കം ഉണ്ടാവാതിരിക്കാനായിരുന്നു ഇത്. കാലിത്തൊഴുത്തുകൾ പോലെ തടികൊണ്ടുണ്ടാക്കിയ ഷെഡുകളിലായിരുന്നു തടവുകാരുടെ വാസം. മൈനസ് ഇരുപത് വരെ പോകുന്ന കാലാവസ്ഥയിലും ഷെഡുകളിലെ നെരിപ്പോടുകളിൽ ഒരിക്കൽപ്പോലും തീയെരിഞ്ഞിരുന്നില്ല. അടുപ്പിച്ചടുപ്പിച്ച് വൃത്താകൃതിയിലുള്ള ദ്വാരങ്ങളുള്ള നീളമേറിയ സ്ലാബുകൾ ഒരു കുഴിയ്ക്കു മീതെ ഇട്ടിരുന്നതായിരുന്നു കക്കൂസ്. അനുവദിക്കപ്പെട്ടിരുന്ന നാമമാത്രമായ സമയപരിധിക്കുള്ളിൽ നൂറുകണക്കിനു മനുഷ്യർ അതെങ്ങനെ ഉപയോഗിച്ചിരുന്നുവെന്നത് ചിന്തിക്കാൻ പോലും കഴിയില്ല. അതികഠിനമായ കാലാവസ്ഥയും തികച്ചും വൃത്തിഹീനമായ ചുറ്റുപാടുകളും, അതിൽ നിന്നുളവാകുന്ന പകർച്ചവ്യാധികളുമെല്ലാം അന്തേവാസികളെ പരലോകത്തേയ്ക്കയച്ചുകൊണ്ടിരുന്നു. ദ് ഡയറി ഓഫ് അ യങ് ഗേൾ എന്ന പുസ്തകത്തിലൂടെ നാസി ക്രൂരതകൾ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കും കുടുംബവും ഇവിടുത്തെ തടവുകാരായിരുന്നു.
കൂട്ടക്കൊലയുടെ തെളിവുകൾ നശിപ്പിക്കുന്നതിനായി 1945-ൽ ജർമൻ പക്ഷം ബിർക്കാനൗ ഗ്യാസ് ചേംബറുകളെ സ്ഫോടനത്തിലൂടെ തകർത്തു. ക്യാമ്പുകളിൽ അവശേഷിച്ചിരുന്ന തടവുകാർ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റപ്പെട്ടു. എങ്കിലും എഴുന്നേറ്റ് നില്ക്കാൻ ശേഷിയില്ലാത്ത ഏതാണ്ട് ഏഴായിരത്തോളം തടവുകാർ ബാക്കിയായി. ശേഷിച്ചവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവായിരുന്നെങ്കിലും ആശയക്കുഴപ്പത്തിനിടയിൽ ആ ഉത്തരവു് നടപ്പായില്ല. സോവിയറ്റ്സേന 1945 ജാനുവരി 27-നു ഓഷ്‌വീസ് ക്യാമ്പിനെ മോചിപ്പിച്ചു. 1940 മുതൽ 45 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ ഓഷ്‌വീസ് ക്യാമ്പുകളിലായി ഏതാണ്ട് പതിമൂന്ന് ലക്ഷം ജൂതരുൾപ്പെടെ പതിനഞ്ച് ലക്ഷം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ചരിത്രം പറയുന്നു.
പൊളിഞ്ഞ ഗ്യാസ് ചേമ്പറിന്റെ അവശിഷ്ടങ്ങൾ. ആ പടികളിലൂടെയാണു് ലക്ഷക്കണക്കിനു മനുഷ്യരുടെ അന്ത്യത്തിന്റെ ആരംഭം
പതിനായിരക്കണക്കിനു തടവുകാർ താമസിച്ചിരുന്ന ഷെഡുകൾ മിക്കതും ഇന്ന് ഇടിഞ്ഞ് പൊളിഞ്ഞ നിലയിലാണ് . സന്ദർശകർക്ക് കാണാനായി ഒന്ന് രണ്ട് ഷെഡുകൾ സംരക്ഷിച്ചിരിക്കുന്നു. എങ്കിലും ഒരിക്കലും ഉപയോഗിക്കപ്പെടാത്ത നെരിപ്പോടുകളും അവയുടെ ചിമ്മിനികളും മീസാൻകല്ലുകൾ പോലെ ആ പ്രദേശം മുഴുവനുമുണ്ട്. ലക്ഷക്കണക്കിനാൾക്കാർ മരണത്തിലേയ്ക്ക് തീവണ്ടിയിറങ്ങിയ പ്ലാറ്റ്ഫോമിൽ അന്നുപയോഗിച്ചിരുന്ന ഒരു വാഗൺ കിടക്കുന്നു. തീവണ്ടിപ്പാതയുടെ അങ്ങേയറ്റത്തെ രണ്ട് ഗ്യാസ് ചേമ്പറുകളും ഇടിഞ്ഞ്പൊളിഞ്ഞ അവസ്ഥയിലാണിപ്പോൾ. ഇടത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ടുപോയിരുന്ന "വസ്ത്രം മാറുന്ന മുറി" യിലേയ്ക്കുള്ള പടവുകൾ ഒരുഭാഗത്തായി കാണാം. ഒരുകാലത്ത് അനേകായിരങ്ങളെ ഭൂമിയിലെ നരകത്തിലേയ്ക്ക് നയിച്ചിരുന്ന കൽപ്പടവുകൾ. രണ്ട് ഗ്യാസ് ചേമ്പറുകൾക്കും ഇടയ്ക്ക് നിശ്ശബ്ദമായി ഓഷ്വീസ് സ്മാരകം. അവിടെ ഇരുപത് ഭാഷകളിൽ താഴെപ്പറയുന്ന സന്ദേശം കൊത്തിവച്ചിരിക്കുന്നു.
"യൂറോപ്പിലെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ഭൂരിഭാഗവും ജൂതരുൾപ്പെടുന്ന പതിനഞ്ച് ലക്ഷത്തോളം ആൾക്കാരെ നാസികൾ കൊന്നൊടുക്കിയ ഈ സ്ഥലം പ്രതീക്ഷകളെല്ലാമറ്റുപോയ ഒരു നിലവിളിയായി, മാനവരാശിയ്ക്കൊരു മുന്നറിയിപ്പായി എന്നെന്നേയ്ക്കുമുണ്ടാവട്ടെ"

വാൽക്കഷണം-൧ : ഓഷ്‌വീസ് സ്മാരകത്തിൽ ഇപ്പോഴും ഒരുപാട് പേർ പ്രാർത്ഥിക്കാനായും മെഴുകുതിരികൾ കൊളുത്താനായും പൂക്കളർപ്പിക്കാനുമായും എത്തുന്നു. ഒരു ചരിത്രസ്മാരകത്തേക്കാളുപരി ബൃഹത്തായ ഒരു ശ്മശാനത്തിന്റെ പ്രതീതിയാണു് ബിർക്കാനൗവിൽ അനുഭവപ്പെടുക. അവിടുത്തെ നിശ്ശബ്ദതയിൽ കടന്നുപോയ കാലഘട്ടങ്ങളുടെ എല്ലാ ഭീകരതയും ഉറഞ്ഞ് നില്ക്കുന്നു. രണ്ടാമതൊരിക്കൽ ഓർമ്മപുതുക്കാനായി എത്തിപ്പെട്ടില്ലെങ്കിൽ പോലും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നിന്റെ ചിത്രങ്ങൾ സന്ദർശകരുടെ മനസ്സിൽ മായാതെയുണ്ടാവും.
വാൽക്കഷണം-൨ : സാധാരണ ചരിത്രസ്മാരകങ്ങളിലേത് പോലെ ഭരണകർത്താക്കളുടെ അപദാനങ്ങളും സ്മാരകങ്ങളുടെ മഹത്വങ്ങളും പാടി നടക്കുന്ന ഗൈഡുമാരെ ഇവിടെ കാണില്ല. മറിച്ച് വേദനകൾ പ്രതിഫലിക്കുന്ന മുഖവുമായി, എന്നാൽ പതറാതെ ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതാത്ത ക്രൂരതകളുടെ കഥകൾ അവർ സന്ദർശകർക്ക് വിവരിച്ച്കൊടുക്കുന്നു. എല്ലാവരും ഒന്നുപോലെ സഞ്ചാരികൾക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുന്ന ഒരാശയമുണ്ട്. "നാസികൾക്ക് ഈ ഓരോ ജീവനും സ്ഥിതിവിവരക്കണക്കുകളിലെ ഒരു സംഖ്യ മാത്രമായിരുന്നു. എന്നാൽ അതിൽ ഓരോരുത്തരും എന്നെയും നിങ്ങളെയും പോലെ മുഖവും വികാരങ്ങളുമുള്ള ഓരോ മനുഷ്യരായിരുന്നു. നിങ്ങളും ഈ അധിനിവേശത്തിന്റെ ഫലത്തെ ഒന്നര മില്യൺ നഷ്ടപ്പെട്ട ജീവനുകൾ എന്ന് കാണുന്നതിനു പകരം നിങ്ങളുടെ ചുറ്റുമുള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം ഇരയായ ഒരു വൻ വിപത്തായി കാണാൻ ദയവായി ശ്രമിക്കുക."

കടപ്പാട് : യാത്രകൊണ്ടുപോയ കൂട്ടുകാരനു്, യാത്രയെപ്പറ്റി എഴുതിപ്പിച്ച് വാങ്ങി തിരുത്തിത്തന്ന കൂട്ടുകാരിയ്ക്ക്