2007, ജനുവരി 19, വെള്ളിയാഴ്‌ച

ഷാം‌പേ തടാകം

ഞാനും രാമും (എന്നെക്കൂടാതെയുള്ള ഒരേയൊരു മലയാളി) മാത്രമേ ഈ ഞായറാഴ്ച (ഡിസംബര്‍ 17 ന്‍) ഇവിടുണ്ടായിരുന്നുള്ളൂ. ബാംഗളൂരിലെ (ബെംഗളൂരു?) പഴയ രണ്ടു സുഹൃത്തുക്കള്‍ - ഒരു ആന്ധ്രാക്കാരന്‍ സുഹൃത്തും ഒരു ബംഗാളി സുഹൃത്തും - ഇങ്ങോട്ടു വരാമെന്നും എവിടെയെങ്കിലും പോകാന്‍ ഒരു പരിപാടി തയാറാക്കാനും വെള്ളിയാഴ്ച തന്നെ അറിയിച്ചിരുന്നു. കുറച്ചു നേരത്തെ ഗവേഷണത്തിനു ശേഷം ഞാനും രാമും ഷാംപേ (Champex) എന്ന സ്ഥലത്ത്‌ പോകാം എന്നു തീരുമാനിച്ചു. രാവിലെ 10.27നാണ്‌ അങ്ങോട്ടുള്ള സെന്റ്‌ ബെര്‍ണാര്‍ഡ്‌ എക്സ്പ്രസ്‌.

രാവിലെ ഒന്‍പതരയ്ക്‌ മൂന്നുപേരും എന്റെ വീട്ടിലേയ്ക്‌ വന്നു. മൂന്നു പേര്‍ക്കും പ്രാതല്‍ ഉണ്ടാക്കുക്ക എന്ന ഭാരിച്ച ചുമതല എനിക്കായിരുന്നു (ഇതു എളുപ്പമാണെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ ബാച്ചിലേര്‍സിനോടു ചോദിക്കുക). അവര്‍ വരുന്നതിനു മുന്‍പേ സാമ്പാര്‍ ഒരുവിധം ഒപ്പിച്ചു. തനിയെ ദോശ ഉണ്ടാക്കിക്കോ എനിക്ക്‌ കുളിക്കണം എന്നും പറഞ്ഞ്‌ ഞാന്‍ മുങ്ങി. തിരിച്ചു വന്നപ്പോള്‍ സൂചി വീഴുന്നത്‌ പോയിട്ട്‌ ഒരു ബാക്ടീരിയ വീണാല്‍ പോലും കേള്‍ക്കാവുന്ന നിശ്ശബ്ദത. പാന്‍ (അതാണ്‌ ദോശക്കല്ല്) ചൂടാവുന്നില്ല എന്ന് പരാതി. ഓംലെറ്റുണ്ടാക്കാന്‍ നോക്കിയിട്ട്‌ ഷേപ്പ്‌ വരാതാകുമ്പോള്‍ എഗ്ഗ്‌ ബുര്‍ജി ആക്കുന്നത്‌ പോലെ ദോശമാവുകൊണ്ട്‌ ഉപ്പ്‌മാവ്‌ ആക്കിയിരിക്കുന്നു. അങ്ങനെ ഞങ്ങളെല്ലാം ദോശമാവു വറുത്തതും സാമ്പാറും കഴിച്ചു. (പിന്നെയാണ്‌ പിടികിട്ടിയത്‌, രണ്ട്‌ ഹോട്‌ പ്ലേറ്റുള്ളതില്‍ അവന്മാര്‍ ഓണാക്കിയ സ്വിച്ച്‌ മറ്റേതിന്റേതായിരുന്നു :) നേരത്തെ സാമ്പാര്‍ വച്ചത്‌ കൊണ്ട്‌ രണ്ട്‌ പ്ലേറ്റും ചൂടായി ഇരിക്കുകയായിരുന്നു) ദോശ കൊള്ളില്ലാ എന്നു പറയാനുള്ള വൈമനസ്യത്തില്‍ ഞങ്ങളെല്ലാം സാമ്പാര്‍ കൊള്ളാമായിരുന്നു എന്നും പറഞ്ഞ്‌ റെയില്‍വേ സ്റ്റേഷനിലേയ്കോടി. അവിടെ ചെന്നു ഒരു കാപ്പിക്കടയില്‍ കയറി ‍കാപ്പി കുടിച്ചു. വേഗം ചെന്നു റ്റിയ്കറ്റ്‌ എടുത്ത്‌ ട്രെയിനില്‍ കയറിയപ്പോഴേയ്ക്കും അതു നീങ്ങിത്തുടങ്ങി.
സെന്റ് ബെര്‍ണാര്‍ഡ് എക്സ്പ്രസ്


സെന്റ്‌ ബെര്‍ണാര്‍ഡ്‌ കൊടുമുടി മുതല്‍ താഴ്വര വരെ ആല്‌പ്‌സിന്റെ ഈ ഭാഗത്തുള്ള എല്ലാ ട്രെയിനുകളുടെയും ബസുകളുടെയും ബ്രാന്റ്‌ നെയിമാണ്‌ സെന്റ്‌ ബെര്‍ണാര്‍ഡ്‌ എക്സ്പ്രസ്‌. രണ്ടു ബോഗികളുള്ള കുഞ്ഞ്‌ ട്രെയിനുകള്‍ 1400മീ. ഉയരത്തില്‍ ഓര്‍സീര്‍സില്‍ അവസാനിക്കുന്നു. ബസുകള്‍ സെന്റ്‌ ബെര്‍ണാര്‍ഡ്ചുരം വഴി ഇറ്റലിയിലെ അയോസ്റ്റ വരെ പോകുന്നു. ബൈറൂട്ടുകളില്‍ മിനിബസുകള്‍ സര്‍വീസ്‌ നടത്തുന്നു.

ഈ ട്രെയിനിന്റെ ഒരു പ്രത്യേകത അതിന്റെ "ഓണ്‍ ഡിമാന്‍ഡ്‌" സ്റ്റോപ്പുകളാണ്‌. അവിടെ ഇറങ്ങേണ്ടവര്‍ സ്റ്റോപ്പിനു മുന്‍പ്‌ ഒരു ബട്ടണ്‍ ഞെക്കണം. ആരും ഞെക്കാതിരിക്കുകയും, ഡ്രൈവര്‍ സ്റ്റേഷനില്‍ ആരെയും കാണാതിരിക്കുകയും ചെയ്താല്‍ ട്രെയിന്‍ അവിടെ നിറുത്തില്ല - സമയവും വൈദ്യുതിയും ലാഭിക്കാനുള്ള ഒരു സൂത്രം. ഞങ്ങള്‍ ഒന്നു രണ്ട്‌ "ഓണ്‍ ഡിമാന്‍ഡ്‌" സ്റ്റോപ്പുകളില്‍ നിറുത്തിയില്ല. കുന്നിന്‍ചെരുവിലൂടെ സാമാന്യം നല്ല കയറ്റത്തിലൂടെയാണ്‌ ട്രെയിന്‍ കയറിക്കൊണ്ടിരുന്നത്‌. ഇടയ്ക്കിടെ ചെറിയ ചെറിയ തുരങ്കങ്ങളുമുണ്ടായിരുന്നു. പതിനൊന്ന് മണിയ്ക്‌ ഞങ്ങള്‍ ഓര്‍സീര്‍സില്‍ എത്തി. പതിനൊന്ന് മുപ്പത്തിനാലിനാണ്‌ ഇനി ഷാംപേയ്ക്കുള്ള ബസ്‌.

ഓര്‍സീര്‍സില്‍ എത്തിയ ഞങ്ങള്‍ ആദ്യം ചെയ്തത്‌ പുറത്തെ ഉറമഞ്ഞിലേയ്ക്ക്‌(snow) ഓടുകയാണ്‌. ഒരു നേര്‍ത്ത പാളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആദ്യമായി മഞ്ഞ്‌ കാണുന്ന ഞങ്ങള്‍ക്ക്‌ പട്ടിണി കിടന്നവന്‌ പഴങ്കഞ്ഞി കിട്ടിയ ആക്രാന്തമായിരുന്നു. മഞ്ഞ്‌ കൊണ്ട്‌ ഫുട്ബാള്‍, ത്രോബാള്‍, ക്രിക്കറ്റ്‌ ഒക്കെ കളിക്കാമെന്ന് ചുരുങ്ങിയ നേരം കൊണ്ട്‌ ഞങ്ങള്‍ തെളിയിച്ചു.

11:20 ആയിട്ടും ബസിന്റെ യാതൊരു ലക്ഷണവും ഇല്ല.. അതില്ലേ എന്ന് ചോദിക്കാനാണെങ്കില്‍ ഒരു മനുഷ്യന്‍ പോലും ആ പരിസരത്തെങ്ങുമില്ല. പക്ഷേ, കൃത്യം പതിന്നൊന്ന് മുപ്പത്തൊന്നായപ്പോള്‍ ഷാംപേ ബസുള്‍പ്പെടെ മൂന്നെണ്ണം അവിടെ പ്രത്യക്ഷപ്പെട്ടു. സ്വിസ്‌ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണ്‌ ഈ സമയക്ലിപ്തത എന്നു തോന്നുന്നു, നേരത്തെയുമില്ല, താമസിക്കുകയുമില്ല. കൃത്യസമയത്ത്‌ തന്നെ ബസ്‌ പുറപ്പെട്ടു. ബസ്‌ യാത്ര ഒരു പഴയ മൂന്നാര്‍ യാത്രയെ അനുസ്മരിപ്പിച്ചു. വളഞ്ഞു പുളഞ്ഞ പാതകള്‍ മെല്ലെ മലനിരകളെ കീഴടക്കുന്നു. മലനിരകള്‍ക്ക്‌ പച്ചപുതപ്പിന്‌ പകരം മഞ്ഞിന്റെ തൂവെള്ളപ്പുതപ്പ്‌. മഞ്ഞു മൂടിയ മലഞ്ചെരിവുകളില്‍ മിഴിവുറ്റ ഒരു ജലച്ചായ ചിത്രം പോലെ കടും പച്ച പൈന്‍മരക്കാടുകള്‍.

പകുതി ഉറഞ്ഞു കിടക്കുന്ന ഷാം‌പേ തടാകം


പന്ത്രണ്ട്‌ മണിയോടെ ഞങ്ങള്‍ ഷാംപേയിലെത്തി. ഈ ദിവസങ്ങളിലെല്ലാം എന്ന് മഞ്ഞ്‌ പെയ്യുമെന്ന് എന്ന് കണ്ണിലെണ്ണയുമൊഴിച്ചിരുന്ന ഞങ്ങളിത മുട്ടോളം താഴ്ച മഞ്ഞില്‍, മുന്നിലൊരു മഞ്ഞുറഞ്ഞ തടാകവും!! അതിനു ചുറ്റും മഞ്ഞില്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു (ഒന്നൊന്നര കിലോമീറ്റര്‍ ഉണ്ടായിരുന്നു ചുറ്റുമുള്ള നടപ്പാത). ഇതിനിടയില്‍ മഞ്ഞ്‌ കൊണ്ട്‌ എന്തൊക്കെ ചെയ്യാമോ - മഞ്ഞില്‍ തെന്നിവീഴുക, മഞ്ഞു കട്ടകള്‍ പരസ്പരം എറിയുക, മരം കുലുക്കി മഞ്ഞുമഴ പെയ്യിക്കുക, ഇതൊക്കെ പോരാഞ്ഞ്‌ അവസാനം മഞ്ഞ്‌ തിന്നുവരെ നോക്കി. ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കാന്‍ എല്ലാവരും ആഞ്ഞ്‌ പിടിച്ചെങ്കിലും അത്‌ മഞ്ഞുമനുഷ്യന്റെ ഒരു രൂപസാദൃശ്യവും പ്രകടിപ്പിക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതിനിടയില്‍ ഉറഞ്ഞുകിടക്കുന്ന തടാകത്തിനു മുകളിലൂടെ ചിലര്‍ നടക്കുന്നതും മറ്റ്‌ ചിലര്‍ തെന്നു പലകകളില്‍ തെന്നിനീങ്ങുന്നതും(skating) കണ്ടു. അതു കണ്ട്‌ ആന്ധ്രക്കാരന്‍ സുഹൃത്ത്‌ തനിയ്ക്കും പോകണമെന്നു പറഞ്ഞു. പേഴ്‌സും വാച്ചും തന്നിട്ട്‌ പൊയ്ക്കോളാന്‍ ഞങ്ങള്‍ പറഞ്ഞെങ്കിലും പുള്ളി വേണ്ടെന്നു പെട്ടെന്നു തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എല്ലാവരും സ്വന്തം വയറിനെ ഓര്‍ത്തു. ഭാഗ്യത്തിന്‌ ഒരേയൊരു റെസ്റ്റോറന്റ്‌ മാത്രം തുറന്നിരുപ്പുണ്ടായിരുന്നു.


പേരറിയാത്തൊരു മഞ്ഞു കട്ടയെ മഞ്ഞുമനുഷ്യനെന്നും വിളിച്ചു

ഉച്ചഭക്ഷണാനന്തരം ഞങ്ങള്‍ അടുത്തുള്ള റോപ്‌വേയില്‍ കയറുവാനായി പുറപ്പെട്ടു. അവിടെത്തിയപ്പൊഴാണ്‌ മനസിലായി അതു കാബിന്‍ ഒന്നും അല്ല, വെറുമൊരു കമ്പിയില്‍ തൂങ്ങി കിടക്കുന്ന ഒരു കസേരയാണ്‌ എന്ന്. തിരശ്ചീനമായ(horizontal) രണ്ട്‌ കപ്പ്പ്പികളിലൂടെ (ഒന്നു മലമുകളിലും ഒന്നു താഴെയും) കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഉരുക്കു വടം, അതില്‍ അവിടവിടെയായി കസേരകള്‍ കൊളുത്തിയിട്ടിരിക്കുന്നു. 110 കെ.വി. വൈദ്യുത ലൈന്‍ പോലെയുള്ള ടവറുകളിലൂടെ കമ്പി 600 മീറ്ററോളം ഉയരമുള്ള മലമുകളിലേയ്ക്‌ പോകുന്നു. റോപ്‌വേയുടെ എറ്റവും കൂടിയ ചരിവ്‌ എണ്‍പത്‌ ഡിഗ്രിയോളം വരും. കപ്പികള്‍ നിറുത്താതെ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതനുസരിച്ച്‌ കസേരകള്‍ മുകളിലേയ്കും താഴേയ്ക്കും പൊയ്ക്കൊണ്ടിരുന്നു. മലമുകളില്‍ നിന്നും താഴേയ്ക്‌ മഞ്ഞില്‍ സ്കീ ചെയ്യാന്‍ പോകുന്നവരാണ്‌ മുഖ്യമായും ഇതില്‍ പോകുന്നത്‌.

മുന്നില്‍ പിടിച്ചിരിക്കാന്‍ കസേരകളില്‍ ഒരു കമ്പി മാത്രമുള്ള ആ റോപ്‌വേ കണ്ടപ്പോള്‍ സത്യം പറയണമല്ലോ ആദ്യം തോന്നിയത്‌ പേടിയാണ്‌. വേറൊന്നുമല്ല ഒരു നല്ല കാറ്റടിച്ചാല്‍, വേണ്ട, കാറ്റടിക്കുമെന്ന് കേട്ടാല്‍ തന്നെ പറക്കാന്‍ റെഡിയായിരിക്കുന്ന എന്നെ, ഈ സാധനത്തില്‍ ഇരിക്കുമ്പോഴാകും വല്ല കാക്കയ്ക്കും പരുന്തിനും എന്നെ കൈവയ്ക്കണമെന്ന്‌ തോന്നുന്നത്‌. പിന്നെ താഴെയുള്ള ഐസില്‍ വച്ചു തനിയേ ഫ്രീസ്‌ ആയിക്കോളും. പക്ഷേ ഇപ്പോഴില്ലേല്‍ ഇനിയൊരിക്കലും ഇതില്‍ കയറില്ല എന്നോര്‍ത്തപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ആന്ധ്ര സുഹൃത്ത്‌ പോകുന്നില്ലെന്ന് തീരുമാനിച്ചു. ബംഗാളി കൂട്ടുകാരന്‍ ആരുവന്നില്ലെങ്കിലും പോകുമെന്ന് ഉറപ്പിച്ചു. രാം വരുന്നില്ല എന്ന് തീരുമാനിച്ചെങ്കിലും ഞാന്‍ ഇത്‌ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരിക്കും എന്ന് പറഞ്ഞ്‌ അവനെക്കൊണ്ട്‌ സമ്മതിപ്പിച്ചു (എനിക്ക്‌ പേടിക്കാന്‍ ഒരു കമ്പനി :) )

അങ്ങനെ ഞാനും രാമും ഒരുമിച്ച്‌ ഒരു കസേരയില്‍ കയറി. റോപ്‌വേ കയറിയിട്ടും കയറിയിട്ടും മുകളില്‍ എത്തുന്നില്ല. എനിക്ക്‌ പുറകിലേയ്ക്കോ, താഴേയ്ക്കോ നോക്കാന്‍ പേടിയായതിനാല്‍ നേരേ മുകളിലേയ്ക്‌ മാത്രം നോക്കിയിരുന്നു. രാം, അവന്‍ താഴെപ്പോയിട്ടില്ല എന്ന് അറിയിക്കാനെന്ന പോലെ ഇടയ്ക്കിടയ്ക്ക്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്തായാലും മുകളില്‍ എത്തുന്ന വരെ ഞാന്‍ അവനോട്‌ എനിക്ക്‌ പേടിയുണ്ടെന്ന് പറയേണ്ട എന്ന് തീരുമാനിച്ചു. ഇടയ്ക്കുണ്ടായ ഓരോ കുലുക്കങ്ങളിലും ചങ്കിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. അങ്ങനെ ഒരു ഇരുപത്തഞ്ച്‌ മിനുട്ട്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മുകളിലെത്തി. അത്രയും നേരം ഞാന്‍ മിണ്ടാതെയിരുന്നത്‌ കണ്ട്‌ ഞാന്‍ തന്നെ വണ്ടറടിച്ചു.

മുകളിലെത്തിയപ്പോഴപ്പോഴോ, ഞങ്ങളൊഴികേ ബാക്കി വരുന്നവരെല്ലാം സ്കീ ചെയ്യാനുള്ളവരാണ്‌. എല്ലാവരും കുടുംബ സമേതം വാരാന്ത്യം ആഘോഷിക്കാനിറങ്ങിയിരിക്കുന്നവര്‍. മൂന്നും നാലും വയസുള്ള കുട്ടികള്‍; നമ്മുടെ നാട്ടില്‍ ആണെങ്കില്‍ നാരായണനെയും പുള്ളിയുടെ സഹപ്രവര്‍ത്തകരെയും വിളിച്ച്‌ അനങ്ങാതെ ഇരിക്കുന്ന പ്രായത്തില്‍ ഉള്ള കുറേ അമ്മൂമ്മയപ്പൂപ്പന്മാര്‍ എല്ലാവരും മലഞ്ചെരുവിലൂടെയുള്ള സ്കീയിങ്ങിന്‌ വന്നിരിക്കുകയാണ്‌. ഞങ്ങള്‍ക്കവിടെ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ ചുറ്റിനും നടന്ന് പടങ്ങളെടുത്ത്‌ മടങ്ങാന്‍ തീരുമാനിച്ചു.

നേരത്തതിലും പേടിക്കുമെന്ന് ഉറപ്പിച്ചാണ്‌ താഴേക്കുള്ള റോപ്‌വേയില്‍ കയറിയത്‌. പക്ഷേ എന്തുകൊണ്ടോ ആര്‍ക്കും പേടി തോന്നിയില്ല. ബംഗാളികൂട്ടുകാരന്‍ വിവിധ ഉയരങ്ങളിലുള്ള എല്ലാ ദിശകളിലെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. രാം ഒറ്റയ്ക്‌ ഒരു കസേരയിലായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ചവയ്ക്കുകയും എതിരെ വരുന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഞാന്‍ ഇടയ്ക്കൊക്കെ എനിക്ക്‌ പേടിയുണ്ടോ എന്നറിയാന്‍ നേരെ താഴേക്ക്‌ നോക്കുക പോലും ചെയ്തു (കസേരയില്‍ മുറുകെ പിടിച്ച്‌ കൊണ്ടാണെങ്കിലും). മൂന്നു മണിയോടെ താഴെയെത്തി. അവിടെ മറ്റേ കൂട്ടുകാരന്‍ കാത്ത്‌ നില്‌പുണ്ടായിരുന്നു.

അത്രയുമായപ്പോള്‍ എല്ലാവര്‍ക്കും മഞ്ഞിനോടുള്ള കമ്പം അല്‌പമെങ്കിലും കുറഞ്ഞു. മാത്രവുമല്ല മൂന്നു മണിയ്ക്ക്‌ തന്നെ സൂര്യപ്രകാശം കാര്യമായി കുറയാനും തുടങ്ങി. പോരാത്തിന്‌ കനത്ത മൂടല്‍മഞ്ഞ്‌(fog) പരക്കാനും തുടങ്ങി. നേരെ ഒരു റെസ്റ്റോറന്റില്‍ കയറി ഓരോ കാപ്പി പറഞ്ഞു. അഞ്ചരയ്ക്കായിരുന്നു അടുത്ത ബസ്‌. അതുകൊണ്ട്‌ ഞങ്ങള്‍ നീണ്ട രണ്ട്‌ മണിക്കുറെടുത്ത്‌ ഓരോ ചായയും ഒരു ഗ്ലാസ്‌ വെള്ളവും വീതം കുടിച്ചു. ഏതോ ഒരു FM റേഡിയോയില്‍ നിന്ന് പതിഞ്ഞ ഈണത്തില്‍ ഫ്രഞ്ച്‌ ഗാനങ്ങള്‍ ഒഴുകിവരുന്നുണ്ടായിരുന്നു. ജനാലയിലൂടെ മഞ്ഞുറഞ്ഞ തടാകവും കണ്ടുകൊണ്ട്‌ അഞ്ച്‌ മണി വരെ സമയം പോക്കി. തിരിച്ച്‌ പോകാറായി എന്നോര്‍ത്തപ്പോള്‍ വീണ്ടും ഒരു അരമണിക്കൂര്‍ കൂടെ മഞ്ഞില്‍ കളിക്കാനായി ഓടി.

മടക്ക യാത്ര നിശ്ശബ്ദമായിരുന്നു. പുറത്ത്‌ പ്രകാശം തീര്‍ത്തും ഇല്ലായിരുന്നു. ചെറുതായി മഞ്ഞു വീഴുന്നുണ്ടായിരുന്നു. പോയ വഴികളിലൂടെ തിരിച്ച്‌, വീണ്ടും എന്നെങ്കിലും മടങ്ങി വരാനായി...

10 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ബൂലോഗരെ, കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി ഞാന്‍ ഇവിടെ ദിവസേന എന്തെടുക്കുന്നു വായിച്ച് നിങ്ങള്‍ക്ക് മടുത്തു എന്ന് തോന്നിയതു കൊണ്ട് ഇത്തവണ ഒരു യാത്രാ വിവരണം. പടങ്ങള്‍ ഇവിടെ ഉണ്ട്

എനിക്ക് മലയാളം എഴുതാന്‍ നിവൃത്തിയില്ലാതിരുന്ന സമയത്ത്, ഞാന്‍ മംഗ്ലീഷില്‍ എഴുതി അയയ്ക്കുന്നതിനെ മലയാളത്തിലാക്കി പോസ്റ്റുകയും കമന്റുകയും ചെയ്തുകൊണ്ടിരുന്ന കല്യാണിക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

Mubarak Merchant പറഞ്ഞു...

നല്ല വിവരണം കുഞ്ഞന്സ്.
പത്തുമിനിറ്റ് അവിടെ നിങ്ങടെ കൂടെയായിരുന്നെന്ന് തോന്നി.

2005 ലെ കഥയാണെന്ന് ഫോട്ടോയിലെ ടൈം സ്റ്റാമ്പില്‍ നിന്ന് മനസ്സിലായപ്പൊ പുതുമ ഇത്തിരി കുറഞ്ഞപോലെ തോന്നി.

Peelikkutty!!!!! പറഞ്ഞു...

മഞ്ഞു വിശേഷങ്ങള്‍ നന്നായിട്ടുണ്ട്:)

Unknown പറഞ്ഞു...

ഇക്കാസ് :) നന്ദി. 2005-ലെ കഥയല്ലാ ട്ടോ, 2006 ഡിസംബര്‍ തന്നെയാ. ക്യാമറയില്‍ ഡേറ്റ് സെറ്റ് ചെയ്തപ്പോള്‍ വന്ന ഒരു ചെറിയ അബദ്ധം :)

പീലിക്കുട്ടി :) സ്വാഗതം

സു | Su പറഞ്ഞു...

യാത്ര വായിച്ച് സന്തോഷമായി. മഞ്ഞില്‍ക്കൂടെ നടക്കാന്‍ എന്തു രസമായിരിക്കും അല്ലേ? മഞ്ഞുമനുഷ്യനെ മുഴുവനായിട്ട് ചെയ്തെടുക്കാമായിരുന്നു. പോസ്റ്റിലിട്ട ചിത്രങ്ങള്‍ കണ്ടു. ബാക്കിയുള്ളത് നോക്കാം. ഇനിയും എഴുതൂ.

Unknown പറഞ്ഞു...

അതെ സു, നല്ല രസമായിരുന്നു. പിന്നെ മഞ്ഞു മനുഷ്യനെ ഉണ്ടാക്കി കൈ മരവിച്ചപ്പോള്‍ മതിയാക്കിയതാ..

ശാലിനി പറഞ്ഞു...

എന്താ പിന്നീട് ഒന്നുമെഴുതാത്തത്. വീണ്ടുമെഴുതൂ, വായിക്കാന്‍ കാത്തിരിക്കുന്നു - സ്വിസ് ഡയറി.

കുട്ടന്‍സ്‌ | S.i.j.i.t.h പറഞ്ഞു...

തുടര്‍ന്നെഴുതൂ കുഞ്ഞന്‍സ്..

അവിടൊക്കെ വരാന്‍ കൊതിയാവുന്നൂ...ഒരു ഗവേഷണ സീറ്റ് എങ്ങിനാണു കിട്ടുക...എനിക്ക് താത്പര്യമുണ്ട്..
:)

കുട്ടന്‍സ്

മഴവില്ലും മയില്‍‌പീലിയും പറഞ്ഞു...

ഞാന് ഇതു കാണാന്‍ താമസിചുപോയൊ..വളരെ മനോഹരമായ പടങ്ങളും യത്രാ വിവരണവും....

Manoj | മനോജ്‌ പറഞ്ഞു...

യാത്രാവിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു :)