2009, മേയ് 20, ബുധനാഴ്ച

തായ്‌‌പേയ്

കടുംപച്ചക്കുന്നുകൾ, ഇടയ്ക്ക് താഴ്വരയിലൂടെ ഒഴുകുന്ന നദി, കുന്നിന്‍നിരകളിൽ പതിയിരിക്കുന്ന ഉഷ്ണനീരുറവകളും, വെള്ളച്ചാട്ടങ്ങളും, അധികം ദൂരെയല്ലാതെ തന്നെ സുന്ദരമായ ഒരഴിമുഖവും കടൽത്തീരവും, ഇതെല്ലാം ഒത്തുചേര്ന്നാൽ എങ്ങനെയിരിക്കും? കൂട്ടത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിര്മ്മിക്കപ്പെട്ട ബുദ്ധക്ഷേത്രങ്ങളും അതിനൊപ്പം തന്നെ അംബരചുംബികളും മെട്രോ റെയില്വേയുമടങ്ങുന്ന ഒരു ആധുനിക മുഖം കൂടി കൂടിച്ചേര്ന്നതാണു് തായ്‌‌പേയ്! തയ്‌‌വാന്‍ എന്നറിയപ്പെടുന്ന ദ്വീപ് രാജ്യത്തിന്റെ തലസ്ഥാനം. അവിടെയാണു ഇത്തവണ ഒരു കോണ്ഫറന്സിൽ പങ്കെടുക്കാന്‍ പോകേണ്ടി വന്നത്. നാലുദിവസം രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീളുന്ന കാര്യപരിപാടികൾ. ഇതിനിടയ്ക്ക് വീണുകിട്ടുന്ന (അല്ലെങ്കിൽ മുങ്ങുന്നത് വഴി കിട്ടുന്ന) ഒഴിവുസമയം കൊണ്ട് ഒരു ചെറിയ ഓട്ടപ്രദക്ഷിണം. അതായിരുന്നു ഇത്തവണത്തെ യാത്ര.

ആദ്യദിവസം രാത്രി അത്താഴം കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചത് തായ്‌‌പേയിയിലെ പ്രശസ്തമായ ഷി-ലിന്‍ രാത്രിക്കമ്പോളത്തിലേയ്ക്കായിരുന്നു (തെറ്റിദ്ധരിക്കേണ്ട, വേറെ തരം കമ്പോളമൊന്നുമല്ല). രാത്രി എട്ടുമണിമുതലാണു കമ്പോളം സജീവമാകുന്നത്. അത് അര്ദ്ധരാത്രിയും കഴിഞ്ഞു രണ്ടു മണി വരെ നീളും. ഇടുങ്ങിയ തെരുവുകൾ, രണ്ടു വശത്തും സോപ്പ്, ചീപ്പ്, കണ്ണാടികളൊക്കെ വില്ക്കുന്ന ഉന്ത്‌‌വണ്ടികൾ, പിറകിൽ വലിയ വലിയ തുണിക്കടകൾ, ഇലക്ട്രിക്/ഇലക്ട്രോണിക് കടകൾ തുടങ്ങിയവ. ഒരു തെരുവു മുഴുവന്‍ ഭക്ഷണശാലകൾ - തട്ടുകടകളും ചെറിയ റെസ്റ്റോറന്റുകളും. ബാംഗളൂരു് ഞായറാഴ്ച വൈകുന്നേരം ബ്രിഗേഡ് റോഡില് കാണുന്ന പോലത്തെ തിരക്ക്. ആരെയും മുട്ടാതെ ഒരടി നടക്കാന്‍ വയ്യ. ഉന്തുവണ്ടിക്കാരെല്ലാം എന്തൊക്കെയോ വിളിച്ചു പറയുന്നു. ഒരേയൊരു പ്രശ്നം - എല്ലാം ചൈനീസിലാണു്, ഒറ്റക്കുഞ്ഞിനും ആംഗലേയം വശമില്ലാ.

രണ്ടും കല്പിച്ച് ഇത്തിരി പോഷ് ആണെന്നു തോന്നിയ ഒരു കടയിൽ കഴിക്കാന്‍ കയറി. കിം ഫലം!! ചൈനീസ് മെനു മാത്രം. ഇംഗ്ലീഷ് എന്നൊക്കെ ചോദിച്ചിട്ട് ആരും മൈന്റ് ചെയ്യുന്നില്ല. ഭാഗ്യത്തിനു റെസ്റ്റോറന്റിന്റെ മൂലയ്ക്ക് കുറേ‌ പടങ്ങള്‌ ഉണ്ടായിരുന്നു. വെയിറ്ററെ അങ്ങോട്ട് വിളിച്ചിട്ട്, വലിയ കുഴപ്പമൊന്നും വരില്ലാ എന്ന് തോന്നിയ (ചുമ്മാ തോന്നി ;) ) ഒരു പടം തൊട്ട് നെഞ്ചത്ത് വെച്ചിട്ട് ഒന്ന് എന്ന് വിരൽ ഉയര്ത്തി കാണിച്ചു. കൂടെ വന്ന കൂട്ടുകാരനും അതേ പടി ചെയ്തു. " പൊട്ടന്‌‌മാരാരുന്നല്ലേ" എന്ന ഭാവത്തിൽ അയ്യാൾ ഇരിക്കാനുള്ള സ്ഥലം കാണിച്ചു തന്നു. അവിടെ ചെന്നിരുന്നു ഇച്ചിരി കഴിഞ്ഞതും ഒരു ഗ്യാസ് സ്റ്റൗ വന്നു. അതിന്റെ മുകളിൽ കലത്തിൽ എന്തൊക്കെയോ തിളയ്ക്കുന്നു. കുറേ നൂഡില്സ്, പിന്നെന്തൊക്കെയോ ചെടികളുടെയും മൃഗങ്ങളുടേയും ഒക്കെ സ്പെയർ പാര്ട്ട്സ് - ചെമ്മീന്‍, ചിക്കന്‍, കണവ, സാലഡ് ഇല,റവ ഒക്കെയുണ്ട് - , അറ്റത്ത് തൊട്ടുകൂട്ടാന്‍ വയ്ക്കുന്നത് പോലെ ഇത്തിരി ചോറും, ഇതെല്ലാം തിന്നാനായിട്ട് രണ്ട് കമ്പും (Chop sticks) . സാധനം എന്താണെന്നറിഞ്ഞിട്ട് കഴിപ്പ് നടക്കില്ലെന്നതിനാൽ കമ്പ് കൊണ്ട് കുത്തിയെടുക്കാന്‍ പറ്റിയതെല്ലാം വാരിത്തിന്നു.


താഴെ വരിയിൽ വലത്ത് നിന്ന് മൂന്നാമത് അതായിരുന്നു അത്താഴം :)

രണ്ടാമത്തെ ദിവസത്തെ വൈകുന്നേരം കോണ്ഫറന്സിൽ പങ്കെടുക്കാനെത്തിയവര്ക്കുള്ള വിരുന്നായിരുന്നതിനാൽ, വൈകുന്നേരം പുറത്ത് പോകാന്‍ കഴിഞ്ഞില്ല. തായ്‌‌പേയിയിലെ അത്യാവശ്യം വലിയ എന്നാൽ പരമ്പരാഗത ശൈലിയിൽ നിര്മ്മിച്ചിരിക്കുന്ന ഗ്രാന്റ് ഹോട്ടൽ. ചൈനീസ് ശരറാന്തലുകളും വ്യാളിചിത്രങ്ങൾ പതിച്ചിരിക്കുന്ന മച്ചുമൊക്കെയായി മറ്റൊരു വിസ്മയം. വിരുന്നിനൊപ്പം സംഗീത നൃത്ത പരിപാടികളുമായി ഒരു സായാഹ്നം ചെലവഴിച്ചപ്പോൾ പുറത്ത് പോകാന്‍ കഴിയാത്തതിന്റെ വിഷമം പാടേ മാറി.


വ്യാളികൾ നിറഞ്ഞ മച്ചും ശരറാന്തലും


മൂന്നാം ദിവസം ജോലി അല്പം നേരത്തേ തീര്ന്നത് കൊണ്ട്, തായ്‌‌പേയിയുടെ വടക്ക് ഭാഗത്തുള്ള ദാന്ഷുയി(താംസുയി) അഴിമുഖത്ത് പോകാമെന്ന് തീരുമാനിച്ചു. ദാന്ഷുയി നദി സമുദ്രത്തിൽ ചേരുന്ന ഭാഗമാണു ഇവിടം. തായ്‌‌വാനിലെ ഏറ്റവും നീളം കൂടിയ നദിയാണു് ദാന്ഷൂയി. മെട്രോ റെയില്വേ സ്റ്റേഷന്റെ അടുത്ത് നിന്നും ബോട്ട് സര്വീസുകൾ ഉണ്ട്. പുഴക്കരയിൽ നിന്നും അഴിമുഖം വഴി ഒരു ഹാര്ബർ വരെ നീളുന്ന അരമണിക്കൂർ ദൈര്ഘ്യമുള്ള ബോട്ട് യാത്രയും ഹാര്ബറില്നിന്നുമുള്ള സൂര്യാസ്തമയവുമാണു് ദാന്ഷുയിയിലെ പ്രധാന ആകര്ഷണങ്ങൾ.


ദാന്ഷുയി പുഴയോരം

പ്രതീക്ഷിച്ചതിലും ദൂരം കൂടുതലുണ്ടായിരുന്നു ദാന്ഷുയിക്ക്. മെട്രോയിൽ നിന്നിറങ്ങി തിരക്കിട്ട് ബോട്ട്ജെട്ടിയിൽ എത്തിയപ്പോഴേയ്ക്കും ആറുമണി കഴിഞ്ഞു. ടിക്കറ്റുമെടുത്ത് ബോട്ടിൽ കയറിയപ്പോഴേയ്ക്കും ഒരു കാര്യം മനസിലായി - ഹാര്ബറിനു പകരം ബോട്ടിൽ ഇരുന്ന് തന്നെ സൂര്യാസ്തമയം കാണേണ്ടി വരുമെന്ന്. നാലുപാടുമുള്ള ചില കൊച്ചു ചിത്രങ്ങൾ ഒപ്പിയ ശേഷം മുഴുവന്‍ ശ്രദ്ധയും സൂര്യാസ്തമയത്തിലേയ്ക്ക് തിരിച്ചു. സൂര്യാസ്തമയ സമയത്ത് ബോട്ട് അഴിമുഖത്തെത്തിയിരുന്നു. കടലില് നിന്നുള്ള അസ്തമയക്കാഴ്ച ഒരു പുതിയ അനുഭവമായി. പാഞ്ഞടുക്കുന്ന തിരമാലകളുടെ വന്യതകള്ക്കും അടിച്ചു പറത്തുന്ന കാറ്റിന്റെ ചൂളം വിളിയ്ക്കും, തൂവാനത്തിന്റെ തൊട്ടു തലോടലുകളിൽ നിന്നും ഇടയില് നിന്നകന്ന് ദൂരെ ശാന്തസുന്ദരമായ ഒരു സൂര്യാസ്തമയം.

ആഴിക്കങ്ങേക്കരയുണ്ടോ..

ഹാര്ബറിൽ പോയി തിരിച്ചെത്തിയ ശേഷം ഇത്തിരി ചുറ്റിനടന്നിട്ട് അത്താഴം കഴിക്കാനായിരുന്നു പ്ലാന്‍. തായ്വാന്‍ ഭക്ഷണം കിട്ടുന്ന തെരുവ് കയ്യിലിരുന്ന ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇന്ന് ശരിക്കുള്ള തായ്വാന്‍ ഭക്ഷണം കഴിച്ചിട്ടേയുള്ളൂ എന്ന അഹങ്കാരത്തിൽ ചെന്ന ഞങ്ങളെ എതിരേറ്റത് "FROG EGGS" എന്നെഴുതിയ ഒരു വലിയ പരസ്യപ്പലകയാണു്. അത് കണ്ടില്ലാന്നു നടിച്ച് അടുത്ത കടയിലേയ്ക്ക് നോട്ടം തിരിച്ചപ്പോൾ ഏതൊ ഒരു പക്ഷിയുടെ കഴുത്ത് മുകള്‌ മേല്പ്പോട്ടുള്ള ഭാഗം (കൊക്കുള്പ്പെടെ) എണ്ണയിലിട്ട് പൊരിച്ച് നിറുത്തിയിരിക്കുന്നു. തൊട്ടടുത്ത കടയിൽ, നാട്ടിലെ ബേക്കറിയിൽ കേക്കും, അലുവയുമൊക്കെ വച്ചിരിക്കുന്നത് പോലെയുള്ള വലിയ കണ്ണാടി അലമാരകൾ. അതിനകം മുഴുവന്‍ അട്ടകൾ ഓടി നടക്കുന്നു. ഫ്രെഷ് ആയിട്ട് പൊരിച്ച് കൊടുക്കാനാണെന്ന് തോന്നുന്നു. എന്തായാലും ഞങ്ങൾ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

രണ്ട് ദിവസത്തെ നഗരക്കാഴ്ചകൾ കഴിഞ്ഞതും ഇനി ഒരല്പം പ്രാന്തപ്രദേശങ്ങൾ കൂടി കണ്ടു കളയാം എന്ന് തീരുമാനിച്ചു. കോണ്‍ഫറന്‍സ് തുടങ്ങുമ്പോൾ പതിനൊന്ന് മണിയാകും. അതിനു മുന്‍പ് വുലായി വെള്ളച്ചാട്ടം കാണാമെന്ന് തീരുമാനിച്ചു. തായ്‌‌പേയ്ക്ക് തെക്കു വശം ഉള്ള ഒരു ചെറിയ ടൂറിസ്റ്റ് ഗ്രാമം.വുലായി വെള്ളച്ചാട്ടവും അവിടെയുള്ള ഉഷ്ണനീരുറവകളും പ്രശസ്തമാണു്.

മെട്രോ ട്രെയിനുകള്‍ കയറിയിറങ്ങി സിന്‌ഡ്യാന്‍ എന്ന അവസാനത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ തന്നെ സമയം എട്ടു കഴിഞ്ഞു. ഒരു ടാക്സിക്കാരന്‍ അവിടെ നിന്ന് വുലായിക്ക് ആളുണ്ടോ എന്നും വിളിച്ച് ചോദിക്കുന്നു.. കാര്‍ വാടക കൂടുതലായതിനാല്‍ ബസില്‍ പോകാന്‍ തീരുമാനിച്ചു. ബസുകളൊക്കെ എന്തൊക്കെയോ ബോര്‍ഡും വച്ച് പോകുന്നു. ആകെ ഉള്ള ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒന്‍പതു മണിക്കേ തുറക്കൂ. ചുറ്റും നോക്കിക്കൊണ്ട് നില്ക്കുന്നതിനിടയില്‍ ഒരു ബസ് വന്ന് ആളെ കയറ്റാന്‍ തുടങ്ങിയതും ടാക്സിക്കാരന്‍ അത് വുലായിക്കുള്ളതാണു്‌ പോയി കയറൂ എന്ന് എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞതും ഒപ്പം കഴിഞ്ഞു. ഓടിക്കയറിയതും ബസ് നീങ്ങിത്തുടങ്ങി. അയാള്‍ക്ക് ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തു.


ബിലാന്‍ (വുലായിക്കുള്ള വഴിക്കിടയില്)

ഇവിടെ നിന്നും വുലായിക്കുള്ള വഴി മലകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയുടെ (ദാന്ഷുയിയുടെ ഒരു പോഷകനദി) തീരം പിടിച്ചാണു്‌. അതിമനോഹരങ്ങളായ പച്ചപ്പട്ട് മൂടിയ വലിയ മലനിരകള്‍. വനപ്രദേശങ്ങളിലൂടെ ഓരോ തിരിവിലും പുതിയ ദൃശ്യങ്ങളും മുന്നിലെത്തിച്ച്കൊണ്ട് മലമ്പാതകളിലൂടെ ബസ് അതിവേഗം നീങ്ങുകയാണു്. വസന്തകാലമായതിനാൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പൂത്തമരങ്ങള്‌ മാത്രം എന്ന അവസ്ഥ. ഇടയ്ക്കിടയ്ക്ക് അടയാളപ്പെടുത്തിയിരിക്കുന്ന ട്രെക്കിംഗ് റൂട്ടുകള്. ഒരു വശത്ത് തല്ലിപ്പതഞ്ഞൊഴുകുന്ന പുഴ. സ്വിറ്റ്സര്ലാന്റിനോട് കിടപിടിക്കുന്ന പ്രകൃതിഭംഗി. മുക്കാൽ മണിക്കൂറോളമുള്ള യാത്രാ സമയം കടന്നുപോയതറിഞ്ഞതേയില്ല. വെള്ളച്ചാട്ടത്തിലെത്താന്‍ പിന്നേയും അത്രയും സമയം തന്നെ നടക്കേണ്ടി വന്നെങ്കിലും അപ്പോഴത്തേ ആവേശത്തിൽ അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. വെയിലാണെങ്കിലും മരങ്ങളുടെ നിഴൽ പറ്റി നടന്നാൽ നല്ല തണുപ്പുണ്ട്. ചൂണ്ടയിടീല്, ക്യാമ്പിങ്ങ്, പിക്നിക്, ഇതിനൊക്കെ പറ്റിയ സ്ഥലം.


വുലായി

ഇവിടെയുള്ള സക്കൂറാ മരങ്ങൾ പൂക്കുന്നത് കാണാന്‍ ഒരുപാട് സന്ദര്ശകരെത്താറുണ്ടത്രേ. ഒരിത്തിരി നേരം നിന്നിട്ട് വേഗം മടങ്ങി. മടക്കയാത്രയിൽ ബസിൽ കൂടെ ഒരു ഇംഗ്ലീഷ് അധ്യാപിക ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം ഉഷ്ണനീരുറവകളെ സന്ദര്ശിക്കാനായി മാറ്റിവയ്ക്കുന്നു. അവർ ജോലിചെയ്യുന്ന സർവ്വകലാശാലയ്ക്കടുത്ത് ഒരു നല്ല പുരാതനമായ ക്ഷേത്രം ഒരു കുന്നിന്‍ മുകളിൽ ഉണ്ടെന്നും അവിടെ പോകാതെ മടങ്ങരുതെന്നും പറഞ്ഞപ്പോൾ വൈകുന്നേരത്തെ പരിപാടി അതുതന്നെ എന്ന് തീരുമാനിച്ചു.

നിര്ഭാഗ്യവശാൽ വൈകുന്നേരം ഇറങ്ങിയപ്പോൾ ഒരുപാട് വൈകി. ഓടിപ്പിടിച്ച് കുന്നിന്റെ ചുവട്ടിൽ എത്തിയപ്പോൾ തന്നെ വൈകുന്നേരം അഞ്ചരയായി. ഒരു കാട്ടിലൂടെയാണു് എളുപ്പവഴി. സന്ധ്യയ്ക്ക് കാട്ടിലൂടെ കയറാന്‍ തോന്നാത്തതു കൊണ്ട് വളഞ്ഞു തിരിഞ്ഞ് റോഡ് മാര്ഗ്ഗം പോകാന്‍ തീരുമാനിച്ചു. അധികം കയറുന്നതിനു മുന്പു തന്നെ ഇരുട്ടായതിനാൽ യാത്ര പകുതിവഴിയിലുപേക്ഷിച്ച് മടങ്ങേണ്ടീ വന്നു. ദൂരെ മലമുകളിൽ ക്ഷേത്രദീപങ്ങൾ കാണാമായിരുന്നു.

സമയം രാത്രിയായിക്കഴിഞ്ഞു. തിരികേ മെട്രോയിൽ ഇരുന്നപ്പോൾ വെറുതേ കയ്യിലിരുന്ന ടൂറിസ്റ്റ് ഗൈഡ് ഒന്ന് മറിച്ചു. കാണാനിനിയുമേറേ. പാലസ് മ്യൂസിയം, ബൊട്ടാണിക്കൽ ഗാര്ഡന്സ്, പൊക്കത്തിന്റെ കാര്യത്തിൽ കേമനായ തായ്‌‌പേയ്-101 (പുറമേ നിന്ന് മാത്രം കണ്ടു), ഇലക്ട്രോണിക് മാര്ക്കറ്റുകള്, മലനിരകളുടെ മീതേയുള്ള കേബിള്കാർ സഞ്ചാരം, തേയിലനിര്മ്മാണ ഫാക്ടറികള്, അങ്ങനെ നീളുന്നു, പട്ടിക. ഒരു മടങ്ങിവരവുണ്ടാകണം എന്ന് മനസിൽ കുറിച്ച്കൊണ്ട് ഞാന്‍ പുറത്ത് ഓടിമറയുന്ന വെളിച്ചങ്ങളും നോക്കിയിരുന്നു.

(സമര്പ്പണം: വല്ലതും എഴുതി ബ്ലോഗിലിടാന്‍ ഉപദേശിച്ച നിരക്ഷരന്‍ ചേട്ടനു്)

2009, ഏപ്രില്‍ 2, വ്യാഴാഴ്ച

സെന്റ് ബെര്ണാര്ഡ് നായകള്‍

മനുഷ്യന്റെ വിശ്വസ്തരായ കൂട്ടുകാരായിരുന്നല്ലോ എന്നും നായ്ക്കൾ. എന്റെ വീട്ടിലുമുണ്ടായിരുന്നു ഒരു നല്ല നായ. എന്തായാലും എനിക്കൊരൊത്തിരി ഇഷ്ടമുള്ള കൂട്ടത്തിലാണു വര്ഗ്ഗം. അതും ഇത്തിരി ആരോഗ്യവും അത്യാവശ്യത്തിനു സൈസുമൊക്കെ ഉള്ള ഇനങ്ങള്. സ്വാഭാവികമായും ഒരിക്കൽ കൂട്ടുകാരന്‍ സ്കീയിംഗിനു പോയിട്ട് വന്ന വഴി അവന്റെ അത്രയും തന്നെ വലിപ്പമുള്ള ഒരു നായയുടെ അടുത്ത് നിന്നെടുത്ത ഫോട്ടോ അതിനെ പറ്റി കൂടുതൽ തിരക്കാന്‍ കാരണമായി. തിരക്കി നോക്കിയപ്പോ താല്പര്യം കൂടി, കാരണം ഇത് താഴ്വരയുടെ (Valais Canton - ഞാന്‍ താമസിക്കുന്ന സംസ്ഥാനം)പ്രിയപ്പെട്ട നായയാണു്.


ആല്പ്സ് മലനിരകളിലെ പ്രധാനപ്പെട്ട ഒരു ചുരമായിരുന്നു സെന്റ് ബെര്ണാര്ഡ് ചുരം. (ഇതിന്റെ ഒരറ്റത്ത് നിന്നും താഴെ റോൺ വാലിയിൽ എത്തുന്ന മാര്ട്ടിനി എന്ന സ്ഥലത്താണു എന്റെ താമസം ഏകദേശം 30കി മീ ദൂരെ). വെങ്കലയുഗത്തിൽ തന്നെ ഇത് ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകളുണ്ട്. നെപ്പോളിയന്‍ 1800 ആം ആണ്ടിൽ ഇറ്റലിയെ ആക്രമിക്കാന്‍ മാര്ഗ്ഗം ഉപയോഗിച്ചിരുന്നുവത്രേ. 2,469 മീറ്റര് (8,100 അടി) ഉയരമുള്ള ചുരത്തിന്റെ ഒരു അറ്റം സ്വിറ്റ്സര്ലാന്റിലും മറ്റേ അറ്റം ഇറ്റലിയിലുമാണു്. വര്ഷത്തിൽ ജൂൺ മുതൽ സെപ്തംബർ വരെയാണു ചുരത്തിലൂടെ ആല്പ്സ് തരണം സാധ്യമായിട്ടുള്ളത്. ബാക്കി സമയങ്ങളിലെല്ലാം ചുരം മഞ്ഞ് മൂടിക്കിടക്കും.

സെന്റ് ബെര്ണാര്ഡ് ചുരം


ചുരം കടന്ന് പോകുന്നവര്ക്ക് വേണ്ടി ഒരു 1050 ആം ആണ്ടോടു കൂടി ഒരു സത്രം ഇറ്റാലിയന്‍ പട്ടണമായ അയോസ്തയിലെ പുരോഹിതനായ സെന്റ് ബെര്ണാര്ഡ് ചുരത്തിന്റെ ഏറ്റവും മുകളിൽ പണികഴിപ്പിച്ചു. അതിനെ സ്വിറ്റ്സര്ലാന്റിലെ സിയോൺ ബിഷപ്പിന്റെ കീഴിലാക്കി. (അങ്ങനെയാണു ചുരം സ്വിറ്റ്സര്ലാന്റിലായത് ) ഇവിടെ നിന്നും തുടങ്ങുന്നു സെന്റ് ബെര്ണാര്ഡ് ഡോഗുകളുടെ ചരിത്രം. ഇവിടെ സത്രം കാവല്ക്കാരായി പലയിടത്തു നിന്നും എത്തിപ്പെട്ട നായ്ക്കളുടെ ഒരു സങ്കരവര്ഗ്ഗമാണു പില്ക്കാലത്തെ പ്രശസ്തരായ സെന്റ് ബെര്ണാര്ഡ്സ്. ആദ്യം കാവല്ക്കാരായാണു എത്തിപ്പെട്ടതെങ്കിലും കാലക്രമേണ അവ മഞ്ഞിൽ അകപ്പെട്ട് പോകുന്ന മനുഷ്യരെ കണ്ട്പിടിക്കുന്ന ഒരു രക്ഷാസേനയായി മാറി. ഇവിടുത്തെ കേട്ട് കേള്വിയനുസരിച്ച് സെന്റ് ബെര്ണാര്ഡ് നായ്ക്കളുടെ കഴുത്തിൽ ഒരു കൊച്ചു തടിവീപ്പയില് ബ്രാണ്ടി കരുതിയിരുന്നു. മഞ്ഞിൽ തണുത്ത് മരവിച്ച് വീണു പോയവര്ക്ക് കൊണ്ടുക്കൊടുക്കാനായി. ബാരി എന്ന് പേരുണ്ടായിരുന്ന ഒരു നായ നാല്പതിനും നൂറിനും ഇടയ്ക്ക് ജീവനുകളാണത്രേ രക്ഷിച്ചിട്ടുള്ളത്. ഇപ്പോ‌ സെന്റ് ബെര്ണാര്ഡ് നായ്ക്കള്ക്കായുള്ള ഫൗണ്ടേഷന്‍ ബാരി ഫൗണ്ടേഷന്‍ എന്നറിയപ്പെടുന്നു. ബാരി എന്ന പേരു് അവയുടെ ഓമനപ്പേരായി മാറിയിട്ടുണ്ട്. ശരിക്കുള്ള ബാരിയുടെ ഭൗതിക ശരീരം ബേണിലെ ദേശീയ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു.

തടാകവും സത്രവും


ഇതൊക്കെ വായിച്ച് തീര്ന്നാൽ പിന്നെ ഇരിപ്പുറയ്ക്കില്ലാ. ഗ്രാന്റ് സെന്റ് ബെര്ണാര്ഡ് പോയിട്ട് തന്നെ ബാക്കി കാര്യം. പക്ഷേ അന്നത്തെ പോലെ തന്നെ ഇന്നും ചുരം ജൂണിലേ തുറക്കുകയുള്ളൂ. അതുവരെ ബസ് സര്വീസ് താഴെയുള്ള ബൂര്ഗ് സെന്റ് ബെര്ണാര്ഡ് വരെ മാത്രം. തണുപ്പു കാലത്ത് അവിടെയെത്തണമെന്കിൽ മഞ്ഞ് ചെരിപ്പുകളോ അതു പോലെയുള്ള മറ്റെന്തെങ്കിലും സെറ്റപ്പുകളോ ഉപയോഗിച്ച് അവിടുന്നു ബാക്കി നടക്കണം. വന്ന വര്ഷം തരം പരിപാടികളൊന്നും അറിയാത്തതിനാൽ സെന്റ് ബെര്ണാഡ് സന്ദര്ശനം വേനല്ക്കാലം വരെ നീട്ടി വയ്ക്കേണ്ടി വന്നു.

ഒരു ദിവസം ഇട്ടാവട്ടത്ത് നിന്നും പുറത്തെവിടെയെങ്കിലും പോകാമെന്നും പറഞ്ഞ് ഒരു കൂട്ടുകാരന്‍ കാറുമെടുത്ത് ഇറങ്ങി പുറപ്പെട്ടപ്പോൾ എങ്ങോട്ടാണു് എന്ന് പറയാന്‍ ഒരു സംശയവുമുണ്ടായില്ലാ. നേരെ ഗ്രാന്റ് സെന്റ് ബെര്ണാര്ഡ്. അര മണിക്കൂർ കൊണ്ട് അവിടെയെത്തി. രണ്ട് മൂന്നു കെട്ടിടങ്ങള്‌മാത്രമുള്ള ഒരു കുട്ടി സ്ഥലം. പഴയ സത്രം അവിടെയുണ്ട്. കുറച്ച് സെന്റ് ബെര്ണാര്ഡ് ഡോഗുകളെ അടുത്ത കെട്ടിടത്തില് ഇപ്പോഴും സംരക്ഷിക്കുന്നു. രണ്ട് കെട്ടിടങ്ങള്ക്കും ഇടയ്ക്ക് കൂടി റോഡ് കടന്ന് പോകുന്നു. അല്പം അകലെയായി ഒരു കുഞ്ഞു തടാകം. അതിനടുത്തായി ഇറ്റലി - സ്വിസ് അതിര്ത്തി ചെക്ക് പോസ്റ്റ്. (ഒന്നര വര്ഷത്തോളം പഴയ കാര്യമാണു. ഇപ്പോ സ്വിറ്റ്‌‌സര്ലാന്റ് ഷെംഗന്‍ സംസ്ഥാനമായത് പ്രമാണിച്ച് ചെക്ക് പോസ്റ്റൊക്കെ മാറ്റിക്കാണും ). എന്തായാലും പോയത് ഒരു ചെറിയ മലകയറ്റം ഉദ്ദേശിച്ചായിരുന്നത് കൊണ്ട് അത് ആദ്യം നടത്താമെന്ന് കരുതി നേരെ കണ്ട മലയിൽ വലിഞ്ഞു കയറി. ഒരു ഒരു മണിക്കൂറോളം കഴിഞ്ഞപ്പോ ഇത് നമുക്ക് പറ്റിയ പണിയല്ലാന്ന് മനസിലായി. കയറിയതിലും സ്പീഡിൽ തിരിച്ചിറങ്ങാനായി ശ്രമം. ഭാഗ്യത്തിനു തടി കേടാകാതെ തിരിച്ചെത്തി. കൂടെയുള്ളവര്ക്കാര്ക്കും പട്ടിചരിതങ്ങൾ കേള്ക്കാനും അവയെ കാണാനും ഒരു താല്പര്യവുമില്ലാ (ഞാന്‍ അത്രയ്ക്ക് കത്തി വച്ചില്ലാന്നാണു് ഓര്മ) അവസാനം അവരെ കാണാന്‍ കൂടെ വന്നവരെ പുറത്ത് വിട്ടിട്ട് ഞാന്‍ തനിയെ പോകാന്‍ തീരുമാനിച്ചു.

സെന്റ് ബെര്‍ണാര്‍ഡ്


നല്ല വലിപ്പമുള്ള പട്ടിയാണു സെന്റ് ബെര്ണാര്ഡ്. 60-70കിലോഗ്രാം തൂക്കം സാധാരണയാണു്. അതിനു് ഒത്ത ഉയരവും. നിവര്ന്ന് രണ്ട് കാലിൽ നിന്നാൽ ഞാന്‍ നേരെ മേല്പോട്ട്‌ നോക്കേണ്ടി വരും (ഞാന്‍ കുഞ്ഞന്സ് ആയിട്ടാ ;) ). പക്ഷേ കണ്ടിട്ട് ശാന്തസ്വഭാവികളാണു് . നമ്മുടെ ബാരി ഒരിയ്ക്കൽ ഒരു കുട്ടിയെ അതിന്റെ പുറത്തിരുത്തി തിരിച്ചു കൊണ്ടു വന്നിട്ടുണ്ടത്രേ. പുരോഹിതരുമായുള്ള സഹവാസത്തിന്റെയാണോ എന്തോ, മുഖത്ത് എപ്പോഴും ഒരു ഗൗരവ ഭാവം. അനാവശ്യമായി ശരീരം ഒന്ന് തിരിക്കുക കൂടിയില്ലാ. പട്ടിക്കുട്ടികൾ ഇത്തിരി കൂടെ ആക്റ്റീവാണെന്ന് തോന്നുന്നു. ഞാന്‍ നേരെ പോയി എന്തോ‌ ആലോചിച്ച് കൊണ്ടിരുന്ന സെന്റ് ബെര്ണാര്ഡിന്റെ തോളിലൊക്കെ തട്ടി ഹായ് പറഞ്ഞു. ഒരു മൈന്റുമില്ലാ. ഒന്ന് കണ്ണു ചിമ്മി അത്രതന്നെ. പട്ടിക്കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടിക്കളിക്കുന്നുണ്ട്. അപ്പോഴേയ്ക്കും പോക്കറ്റിൽ ഫോൺ ബെല്ലടി തുടങ്ങി.. "നീയവിടെന്തെടുക്കുവാ, വേഗം വാ.. ". പുള്ളിയുടെ കൂടെ ഒരു പടം വേണമെന്നുണ്ടായിരുന്നു. പക്ഷേ‌ ഫോട്ടോ എടുക്കാന്‍ ആരെയും കിട്ടാത്തതു കൊണ്ടും ബാക്കിയുള്ളവർ എന്നെ കാത്ത് പുറത്തെ തണുപ്പിൽ ഈച്ചകളെ അടിച്ച് കൊല്ലുകയാണെന്നും, ഇനിയും താമസിച്ചാൽ എന്നെയും പിടിച്ച് അതുപോലെ റൊട്ടിയാക്കുമെന്നും ഓര്മ്മ വന്നത് കൊണ്ടും ആഗ്രഹം തല്കാലത്തേയ്ക്ക് നീട്ടി വച്ചു.

പട്ടിക്കുട്ടി


ഒന്നര വര്ഷത്തിനു ശേഷമാണു ആഗ്രഹം സഫലമാകുന്നത്. കഴിഞ്ഞ ആഴ്ച. മാര്ച്ചിലെ അവസാന വാരാന്ത്യം . വലിയ പണികളൊന്നും ചെയ്തു തീര്ക്കാനില്ലാത്തതിനാൽ എവിടെയെങ്കിലും അലഞ്ഞു തിരിഞ്ഞു നടക്കാമെന്ന് തീരുമാനിച്ചു. അത് തീരുമാനിക്കാന്‍ കാത്തിരുന്നത് പോലെ മഴയുമെത്തി. ഒട്ടും വെയിലില്ലാ. കൂടെ നല്ല കാറ്റും, താഴ്ന്ന നിരപ്പിലുള്ള മേഘങ്ങളും. പുറം കാഴ്ചയ്ക്ക് പറ്റിയ ദിവസമല്ലാന്ന് അറിഞ്ഞതും ഇവിടെ അടുത്തുള്ള സെന്റ് ബെര്ണാര്ഡ് മ്യൂസിയത്തിൽ പോകാമെന്ന് ഞാനും ഒരു കൂട്ടുകാരനും കൂടി തീരുമാനിച്ചു.

ഇവിടെ മുന്നുനാലു് ജോഡി സെന്റ് ബെര്ണാര്ഡ് നായ്ക്കൾ ഉണ്ടായിരുന്നു. മൂന്നുമാസം പ്രായമായ ഒരു പട്ടിക്കുട്ടിയും ഉണ്ടായിരുന്നു. രാവിലേ തന്നെ എത്തിയത് കൊണ്ട് അതിനെയും കൊണ്ട് ഒരു ചേച്ചി ഓടാന്‍ പോകുന്നതൊക്കെ കണ്ടു. പരിശീലനമൊക്കെ കഴിഞ്ഞപ്പോ ചേച്ചി തന്നെ ഒരെണ്ണത്തിനെയും വിളിച്ച് ഞങ്ങളുടെ ഇടയിലേയ്ക്ക് വന്നു. ഇത്തവണ കൂട്ടുകാരനോട് നേരത്തേ പറഞ്ഞ് വച്ചിരുന്നത് കൊണ്ട് അവന്‍ ഫോട്ടോ എടുത്ത് തന്നു. (അതീ ഗതിയായി :) )




പിന്നീട് മ്യൂസിയത്തിൽ പോയി. അവിടെ ഒരുപാട് കാര്യങ്ങൾ ഫ്രഞ്ചിലായിരുന്നത് കൊണ്ട് അധികമൊന്നും മനസിലായില്ല. പക്ഷേ ബാരിയുടെ വംശജർ വെറുതേയിരിക്കുകയല്ലാന്ന് മനസിലായി. ഒരുപാട് സിനിമകളിൽ അഭിനയിച്ചിരിക്കുന്നു. പോരാത്തതിനു പരസ്യ ചിത്രങ്ങൾ, പലതരം ചോക്ളേറ്റ്, പാല്ക്കട്ടി തുടങ്ങിയ സ്വിസ് ഉല്പന്നങ്ങളുടേ ബ്രാന്ഡ് അംബാസ്സഡർ അങ്ങനെ പല പണികളുമെടുക്കുന്നു.

ബാരി സിനിമ പോസ്റര്‍



ഒരുപാട് രാജ്യങ്ങൾ ഇവരെപ്പറ്റി സ്റ്റാമ്പുകൾ ഇറക്കിയിരിക്കുന്നു. ഇവരെ സ്വിസ് ദേശീയ നായകള് ആയി അംഗീകരിച്ചിരിക്കുന്നു. അര്ഹിക്കുന്ന ബഹുമതി തന്നെ.

സ്വിസ് സ്റാമ്പ്

പിന്കുറിപ്പ് കുറച്ചു പടങ്ങള്‍ ഇവിടെയും പിന്നെ ഇവിടെയും ഉണ്ട്

2007, ജൂലൈ 28, ശനിയാഴ്ച

മഞ്ഞ് പാളികള്‍

൩൦ ജൂണ് ൨൦൦൭

വ്യത്യസ്തമായ ഒരു വാരാന്ത്യ പരിപാടിക്ക് വേണ്ടിയുള്ള അന്വേഷണം ഇത്തവണ തികച്ചും അപ്രതീക്ഷിതമായ ഒരു യാത്രയ്ക്ക് വഴിയൊരുക്കി. ആല്പ്സിലെ ഏറ്റവും വലിയ മഞ്ഞുപാളികളിലൊന്നായ അല്റ്റ്ഷ് ഹിമാനിയിലേയ്ക്ക് ഒരു സന്ദര്‍ശനം. രസകരമായ വസ്തുത ഈ സ്ഥലത്തെ പറ്റി ആദ്യമായി കേള്‍ക്കുകയാണെങ്കിലും ഞങ്ങളുടെ താമസസ്ഥലത്തിന് അടുത്ത് തന്നെയാണ് ഈ ഹിമാനി എന്നതായിരുന്നു. യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ പെട്ട സ്ഥലമാണെന്ന് കൂടി കണ്ട് പിടിച്ചതോടെ പോകാനുള്ള തീരുമാനം ഉറപ്പിച്ചു. തലേന്ന് തന്നെ പോകേണ്ട സ്ഥലത്തിന്റെ ഭൂപടങ്ങളും പോകേണ്ട മാര്‍ഗ്ഗവുമൊക്കെ കൂട്ടുകാരോട് ചോദിച്ചു മനസിലാക്കി. ആദ്യം ഇവിടെ നിന്നും ട്രെയിനില്‍ കയറി ബ്രിഗ് എന്ന സ്ഥലത്ത് ഇറങ്ങണം. പിന്നീട് ഒരു ട്രെയിന്‍ കൂടി ബെറ്റന്‍ എന്ന സ്ഥലത്തേയ്ക്. അവിടെ നിന്നും ഒരു കേബിള്‍ കാറില്‍ ഒരു പത്തു മിനുട്ട് കൂടെ യാത്ര ചെയ്താല്‍ മഞ്ഞുപാളിയുടെ ഏറ്റവും അടുത്തുള്ള ബെറ്റ്മെര്‍‌ആല്പ് എന്ന ഗ്രാമത്തിലെത്തും. ആകെ യാത്രാസമയം ഒന്നര മണിക്കൂര്‍. അവിടെ എത്തിയതിനു ശേഷം ഒരു മല കയറിയിറങ്ങിയാല്‍ മഞ്ഞു പാളിയില്‍ എത്താം.

അങ്ങനെ ശനിയാഴ്ച രാവിലെ എട്ടേമുക്കാ‍ലോടെ ഒരു നാല്‍‌വര്‍ സംഘം യാത്രയാരംഭിച്ചു - രണ്ട് ഇന്ത്യാക്കാര്‍, ഒരു ചൈനാക്കാരന്‍, ഒരു ഫ്രഞ്ചുകാരന്‍. ബ്രിഗ് ഇവിടെ അടുത്തായിരുന്നെങ്കിലും ആ വഴിക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ലായിരുന്നു. ആല്പ്സ് താഴ്വരയില്‍ റോണ്‍ നദീതീരത്ത് കൂടെയുള്ള ആ യാത്ര അത്യന്തം ഹൃദ്യമായി തോന്നി. പത്ത് മണിയ്ക്ക് ബ്രിഗ് എത്തി.

ബ്രിഗ് ഇറ്റാലിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്. സെര്‍മാറ്റ്, ‍സിം‌പ്ലോണ്‍ ചുരം, തുടങ്ങി സ്വിറ്റ്സര്‍ലാന്റിലെ ഒരുപാട് നല്ല മലമുകളുകളിലേയ്ക്കുള്ള യാത്രകള്‍ ഇവിടെ തുടങ്ങുന്നു. ഞങ്ങള്‍ക്ക് ബ്രിഗില്‍ നിന്നും യാത്ര തുടരേണ്ടിയിരുന്നത് മാറ്റഹോണ്‍-ഗോട്ടാര്‍ഡ് റെയില്‍‌വേയിലായിരുന്നു{Matterhorn Gotthard Bahn (MGB)}. മദ്ധ്യ-ദക്ഷിണ സ്വിറ്റ്സര്‍ലാന്റില്‍ വരുന്ന കുറച്ചധികം ആല്പ്സ് പര്‍വ്വത നിരകളെ MGB ബന്ധിപ്പിക്കുന്നു. MGB-യിലെ പ്രശസ്തമായ ഗ്ലേസിയര്‍ എക്സ്പ്രസിലായിരുന്നു യാത്ര - ആല്പ്സ് പര്‍വ്വത നിരകളെ കീറിമുറിച്ച് പോകുന്ന സുന്ദരമായ ഒരു മീറ്റര്‍ ഗേജ് തീവണ്ടി.


കേബിള്‍ കാര്‍ യാത്രാ‍ദൃശ്യം

റോണ്‍ നദീ തീരത്ത് കൂടി വീണ്ടും ഒരു ഇടുങ്ങിയ താഴ്വരയിലൂടെ ഒരു ഇരുപത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ ബെറ്റനില്‍ എത്തി. വീണ്ടും ഒരു കേബിള്‍ കാര്‍ യാത്ര. പത്ത് മിനുട്ട് ദൈര്‍ഘ്യമേയുണ്ടായിരുന്നെങ്കിലും താഴ്വരയുടെയും മലകളുടെയും മനോഹര ദൃശ്യങ്ങള്‍ ആ യാത്രയെ അവിസ്മരണീയമാക്കി. അങ്ങനെ പത്തരയോടെ ഞങ്ങള്‍ ബെറ്റ്മെര്‍-ആല്പിലെത്തി.


ബെറ്റ്മെര്‍‌-ആല്പ് ദൂരക്കാഴ്ച

സമുദ്രനിരപ്പില്‍ നിന്നും 1,938 മീറ്റര്‍ ഉയരത്തില്‍ ഒരു മലഞ്ചെരിവില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ബെറ്റ്മെര്‍-ആല്പ്. 2,650 മീറ്റര്‍ ഉയരമുള്ള ബെറ്റ്മെര്‍‌-ഹോണ്‍ എന്ന കൊടുമുടിയുടെ മുകള്‍ വരെ ചെറിയ കേബിള്‍ കാറുകള്‍ സര്‍വ്വീസ് നടത്തുന്നു. കൊടുമുടിയുടെ മറുഭാഗത്തുള്ള താഴ്വരയിലാണ് ഹിമാനി. ബെറ്റ്മെര്‍-ഹോണ്‍ കൊടുമുടിയുടെ മുകളില്‍ ചെറിയ ഒരു റെസ്റ്റോറന്റും മറ്റ് സൌകര്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ ആ കൊടുമുടിയെ ചുറ്റി അതിനടുത്തുള്ള താരതമ്യേന അല്പം കൂടി ചെറുതായ ഒരു മല കയറി അപ്പുറം ഇറങ്ങാന്‍ തീരുമാനിച്ചു. മടക്കയാത്രയില്‍ കേബിള്‍ കാറില്‍ തിരികെ വരാം എന്നും തീരുമാനിച്ചു. അധികമാരും ഉപയോഗിക്കാത്ത ചെങ്കുത്തായ ഒരു ഇടവഴി കണ്ട് അതിലൂടെ കയറാന്‍ തീരുമാനിച്ചു. വിചാരിച്ചിരുന്നതിലും പാടായിരുന്നു ആ കിഴുക്കാം തൂക്കായ പാറയിലൂടെ കയറാന്‍. വളരെ വേഗം ക്ഷീണിച്ചു. ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചും, കൊണ്ട് പോയ ചോക്കളേറ്റുകളും പഴങ്ങളും കഴിച്ചും ഞങ്ങള്‍ പതിയേ മല കയറിക്കൊണ്ടിരുന്നു. ക്ഷീണിയ്ക്കുന്ന ഇടവേളകള്‍ താഴ്വരയുടെ ചിത്രങ്ങള്‍ പകര്‍ത്താനായി മാറ്റി വച്ചു.

എങ്കിലും ജീവിതത്തില്‍ ആദ്യമായി മഞ്ഞു പാളികള്‍ കാണാന്‍ പോകുകയാണെന്ന ആവേശം കൂടെ തന്നെ ഉണ്ടായിരുന്നു. ആ മലയുടെ മുകള്‍ എത്താറായി എന്ന് മനസിലായപ്പോള്‍ ശരിക്കും ഓടുക തന്നെ ആയിരുന്നു. ആദ്യത്തെ നോട്ടത്തില്‍ തന്നെ ഇത്രയും കഷ്ടപ്പെട്ടത് വെറുതേയായില്ല എന്ന് മനസ് പറഞ്ഞു. മുന്നില്‍ മഞ്ഞ് കട്ടകള്‍ കൊണ്ട് തീര്‍ത്ത ഒരു നദീ ശില്പം. ഓളങ്ങളും, ചുഴികളും, കരയില്‍ വന്നടിക്കുന്ന തിരകളുമെല്ലാം തനിമ ചോരാതെ കൊത്തിയെടുത്തിരിക്കുന്നു.ഭീമാകാരമായ നദിയുടെ ശാന്തതയും വന്യതയും അത്പോലെ തന്നെ നിലനിറുത്തിയിരിക്കുന്നു. നിശ്ചലതയും നിശബ്ദതയും മാത്രം യാഥാര്‍ത്ഥ്യത്തെ വേര്‍തിരിക്കുന്നു. നോക്കി നില്ക്കുന്തോറും സമയം നിശ്ചലമാകുന്ന ഒരു അപൂര്‍വ്വാനുഭവം.


അല്‍റ്റ്ഷ് ഹിമാനി

താഴേയ്ക്ക് ഇറങ്ങാന്‍ ഒരു വഴി കണ്ടേക്കാം എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ഹിമാനിയ്ക്ക് സമാന്തരമായി നടക്കാന്‍ തീരുമാനിച്ചു.ഒരു നദീതീരത്ത് കൂടി സ്വപ്നാടനം നടത്തുകയാണ് ഞാന്‍ എന്ന് തോന്നിപ്പോയി. ചുറ്റും അങ്ങിങ്ങ് ചെറിയ പൂക്കള്‍, ചെമ്മരിയാടുകള്‍, പുല്‍ത്തകിടികള്‍, എല്ലാത്തിനും മേലേ ഹിമാനികളെ തഴുകിവരുന്ന ഇളം തണുപ്പുള്ള കാറ്റ് (ഹിമാനികള്‍ക്ക് തൊട്ടടുത്ത് പോലും സൂര്യപ്രകാശം ഉള്ളയിടങ്ങളില്‍ സാധാരണ പോലെ ഊഷ്മളത അനുഭവപ്പെടുന്നത് ഒരു അദ്ഭുതം തന്നെയായിരുന്നു). ഒരു നാലഞ്ച് കിലോമീറ്റര്‍ ഒരു ക്ഷീണവുമറിയാതെ നടന്നു. അപ്പോഴേയ്ക്കും ഞങ്ങള്‍ രണ്ട് താഴ്വരകളുടെ സംഗമസ്ഥാ‍നത്ത് എത്തിയിരുന്നു. ഞങ്ങള്‍ നടന്നു വന്ന വഴി അവിടെ തീരുന്നതായും കണ്ടു.


മഞ്ഞുനദി

അവിടുത്തെ പാറകള്‍ക്ക് അതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ചെങ്കല്‍ച്ചുവപ്പ് നിറമായിരുന്നു. മാത്രവുമല്ല, എല്ലാ പാറകളും താരതമ്യേന ചെറുതും മറ്റുള്ളവയേക്കാളും മിനുസമുള്ളവയുമായിരുന്നു. എന്ത് കൊണ്ടും അവിടെ താഴേക്കിറങ്ങുന്നത് മറ്റേത് സ്ഥലത്തേക്കാളും എളുപ്പമായിരിക്കും എന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ മഞ്ഞുപാളികളെ തൊടാനായി ഞങ്ങള്‍ താഴേയ്ക്ക് പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങാന്‍ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാളും ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു ഓന്തിനെപ്പോലെ പാറയില്‍ അള്ളിപ്പിടിച്ച് കൊണ്ട് താഴേക്കുള്ള ആ പ്രയാണം പൂര്‍ത്തിയാക്കാന്‍. ഒരു തവണ ഞാന്‍ മേല്‍പ്പോട്ടും കീഴ്പ്പോട്ടും പോകാനാവാതെ ഒരു വെട്ടില്‍ ആയി പോകുക പോലും ഉണ്ടായി. എങ്കിലും ഒരു മുപ്പത് നാല്പത് മിനുട്ടത്തെ പരിശ്രമത്തിന്റെ ഫലമായി ഞങ്ങളെല്ലാം താഴെ എത്തി.

ഞങ്ങള്‍ക്ക് തൊട്ടുമുന്നില്‍ ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ മഞ്ഞു പാളി നീണ്ടു നിവര്‍ന്ന് കിടക്കുന്നു. ഭീമാകാരമായ മഞ്ഞുപാളി. പാറ പോലെ ഉറച്ച പ്രതലം. “സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും” എന്ന കവി വാക്യം അന്വര്‍ത്ഥമാക്കുന്ന പോലെ നട്ടുച്ചയ്ക്കും ഉരുകാനുള്ള യാതൊരു ഭാവവുമില്ലാതെ ഉള്ള കിടപ്പ്. ഇടയ്ക്കിടെയുള്ള ആഴമേറിയ വിള്ളലുകള്‍ കട്ടിയേറിയ നീല മഞ്ഞുകട്ടകളെ കാട്ടിത്തരുന്നു. ഗര്‍ത്തങ്ങളെ ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കിയും മഞ്ഞ് കട്ടകളില്‍ തെന്നാതെ സൂക്ഷിച്ചും എല്ലാവരും പതിയെ അതിന് മുകളില്‍ കയറി നാലഞ്ച് ചുവട് വച്ചു.


നീല മഞ്ഞ് പാളികള്‍

പറ്റുന്നത്രയും സമയം അവിടെയിരുന്നിട്ട് പോകാം എന്നുള്ളത് സ്വാഭാവികമായും കൂട്ടായ തീരുമാനമായിരുന്നു. കൊണ്ട് പോയ ഭക്ഷണം അവിടെയിരുന്നു കഴിച്ചു. അതിനു ശേഷം സൂര്യരശ്മികളേറ്റ് ചൂടു പിടിച്ച പാറപ്പുറത്ത് മഞ്ഞ് പാളികളുടെ കാറ്റുമേറ്റ് അല്പസമയം എല്ലാവരും മയങ്ങി.

മടക്കയാത്ര തികച്ചും ദുഷ്കരമായിരുന്നു. 700 മീറ്ററോളം പൊക്കമുള്ള ബെറ്റ്മെര്‍‌ഹോണിന്റെ മുകളറ്റം വരെയും പാറക്കെട്ടുകളിലൂടെ കയറേണ്ടി വന്നു. മുകളിലെത്തിയപ്പോള്‍ തീര്‍ത്തും ക്ഷീണിച്ചിരുന്നു. പക്ഷേ വലിയ ഒരു ഞെട്ടല്‍ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ തിരിച്ചെത്താന്‍ താമസിച്ചത് മൂലം അവസാനത്തെ കേബിള്‍ കാറും പോയിക്കഴിഞ്ഞിരുന്നു. വീണ്ടും അടുത്ത മറുവശത്തെ മലഞ്ചെരുവിലൂടെ ബെറ്റ്മെര്‍‌-ആല്പിലേയ്ക്ക് മലയിറക്കം. രാവിലെ പത്തരയ്ക്ക് തുടങ്ങിയ മലകയറിയിറങ്ങല്‍ അവസാനിച്ചത് രാത്രി എട്ടുമണിയ്ക്കാണ്. ഒരേയൊരു മണിക്കൂര്‍ മഞ്ഞ് പാളികള്‍ക്കടുത്ത് വിശ്രമിച്ചതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയവും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായിരുന്നു. ശരീരത്തിലെ ഓരോ പേശിയും വലിയുന്നത് അറിയാമായിരുന്നു. മടക്കയാത്രയില്‍ ഒരാള്‍ പോലും സംസാരിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും ആ മഹാദ്ഭുതം കാണാന്‍ ചെലവാക്കിയ ഊര്‍ജ്ജവും സമയവും ഒരിക്കലും അധികമായിട്ടില്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു

2007, ജനുവരി 19, വെള്ളിയാഴ്ച

ഷാം‌പേ തടാകം

ഞാനും രാമും (എന്നെക്കൂടാതെയുള്ള ഒരേയൊരു മലയാളി) മാത്രമേ ഈ ഞായറാഴ്ച (ഡിസംബര്‍ 17 ന്‍) ഇവിടുണ്ടായിരുന്നുള്ളൂ. ബാംഗളൂരിലെ (ബെംഗളൂരു?) പഴയ രണ്ടു സുഹൃത്തുക്കള്‍ - ഒരു ആന്ധ്രാക്കാരന്‍ സുഹൃത്തും ഒരു ബംഗാളി സുഹൃത്തും - ഇങ്ങോട്ടു വരാമെന്നും എവിടെയെങ്കിലും പോകാന്‍ ഒരു പരിപാടി തയാറാക്കാനും വെള്ളിയാഴ്ച തന്നെ അറിയിച്ചിരുന്നു. കുറച്ചു നേരത്തെ ഗവേഷണത്തിനു ശേഷം ഞാനും രാമും ഷാംപേ (Champex) എന്ന സ്ഥലത്ത്‌ പോകാം എന്നു തീരുമാനിച്ചു. രാവിലെ 10.27നാണ്‌ അങ്ങോട്ടുള്ള സെന്റ്‌ ബെര്‍ണാര്‍ഡ്‌ എക്സ്പ്രസ്‌.

രാവിലെ ഒന്‍പതരയ്ക്‌ മൂന്നുപേരും എന്റെ വീട്ടിലേയ്ക്‌ വന്നു. മൂന്നു പേര്‍ക്കും പ്രാതല്‍ ഉണ്ടാക്കുക്ക എന്ന ഭാരിച്ച ചുമതല എനിക്കായിരുന്നു (ഇതു എളുപ്പമാണെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ ബാച്ചിലേര്‍സിനോടു ചോദിക്കുക). അവര്‍ വരുന്നതിനു മുന്‍പേ സാമ്പാര്‍ ഒരുവിധം ഒപ്പിച്ചു. തനിയെ ദോശ ഉണ്ടാക്കിക്കോ എനിക്ക്‌ കുളിക്കണം എന്നും പറഞ്ഞ്‌ ഞാന്‍ മുങ്ങി. തിരിച്ചു വന്നപ്പോള്‍ സൂചി വീഴുന്നത്‌ പോയിട്ട്‌ ഒരു ബാക്ടീരിയ വീണാല്‍ പോലും കേള്‍ക്കാവുന്ന നിശ്ശബ്ദത. പാന്‍ (അതാണ്‌ ദോശക്കല്ല്) ചൂടാവുന്നില്ല എന്ന് പരാതി. ഓംലെറ്റുണ്ടാക്കാന്‍ നോക്കിയിട്ട്‌ ഷേപ്പ്‌ വരാതാകുമ്പോള്‍ എഗ്ഗ്‌ ബുര്‍ജി ആക്കുന്നത്‌ പോലെ ദോശമാവുകൊണ്ട്‌ ഉപ്പ്‌മാവ്‌ ആക്കിയിരിക്കുന്നു. അങ്ങനെ ഞങ്ങളെല്ലാം ദോശമാവു വറുത്തതും സാമ്പാറും കഴിച്ചു. (പിന്നെയാണ്‌ പിടികിട്ടിയത്‌, രണ്ട്‌ ഹോട്‌ പ്ലേറ്റുള്ളതില്‍ അവന്മാര്‍ ഓണാക്കിയ സ്വിച്ച്‌ മറ്റേതിന്റേതായിരുന്നു :) നേരത്തെ സാമ്പാര്‍ വച്ചത്‌ കൊണ്ട്‌ രണ്ട്‌ പ്ലേറ്റും ചൂടായി ഇരിക്കുകയായിരുന്നു) ദോശ കൊള്ളില്ലാ എന്നു പറയാനുള്ള വൈമനസ്യത്തില്‍ ഞങ്ങളെല്ലാം സാമ്പാര്‍ കൊള്ളാമായിരുന്നു എന്നും പറഞ്ഞ്‌ റെയില്‍വേ സ്റ്റേഷനിലേയ്കോടി. അവിടെ ചെന്നു ഒരു കാപ്പിക്കടയില്‍ കയറി ‍കാപ്പി കുടിച്ചു. വേഗം ചെന്നു റ്റിയ്കറ്റ്‌ എടുത്ത്‌ ട്രെയിനില്‍ കയറിയപ്പോഴേയ്ക്കും അതു നീങ്ങിത്തുടങ്ങി.
സെന്റ് ബെര്‍ണാര്‍ഡ് എക്സ്പ്രസ്


സെന്റ്‌ ബെര്‍ണാര്‍ഡ്‌ കൊടുമുടി മുതല്‍ താഴ്വര വരെ ആല്‌പ്‌സിന്റെ ഈ ഭാഗത്തുള്ള എല്ലാ ട്രെയിനുകളുടെയും ബസുകളുടെയും ബ്രാന്റ്‌ നെയിമാണ്‌ സെന്റ്‌ ബെര്‍ണാര്‍ഡ്‌ എക്സ്പ്രസ്‌. രണ്ടു ബോഗികളുള്ള കുഞ്ഞ്‌ ട്രെയിനുകള്‍ 1400മീ. ഉയരത്തില്‍ ഓര്‍സീര്‍സില്‍ അവസാനിക്കുന്നു. ബസുകള്‍ സെന്റ്‌ ബെര്‍ണാര്‍ഡ്ചുരം വഴി ഇറ്റലിയിലെ അയോസ്റ്റ വരെ പോകുന്നു. ബൈറൂട്ടുകളില്‍ മിനിബസുകള്‍ സര്‍വീസ്‌ നടത്തുന്നു.

ഈ ട്രെയിനിന്റെ ഒരു പ്രത്യേകത അതിന്റെ "ഓണ്‍ ഡിമാന്‍ഡ്‌" സ്റ്റോപ്പുകളാണ്‌. അവിടെ ഇറങ്ങേണ്ടവര്‍ സ്റ്റോപ്പിനു മുന്‍പ്‌ ഒരു ബട്ടണ്‍ ഞെക്കണം. ആരും ഞെക്കാതിരിക്കുകയും, ഡ്രൈവര്‍ സ്റ്റേഷനില്‍ ആരെയും കാണാതിരിക്കുകയും ചെയ്താല്‍ ട്രെയിന്‍ അവിടെ നിറുത്തില്ല - സമയവും വൈദ്യുതിയും ലാഭിക്കാനുള്ള ഒരു സൂത്രം. ഞങ്ങള്‍ ഒന്നു രണ്ട്‌ "ഓണ്‍ ഡിമാന്‍ഡ്‌" സ്റ്റോപ്പുകളില്‍ നിറുത്തിയില്ല. കുന്നിന്‍ചെരുവിലൂടെ സാമാന്യം നല്ല കയറ്റത്തിലൂടെയാണ്‌ ട്രെയിന്‍ കയറിക്കൊണ്ടിരുന്നത്‌. ഇടയ്ക്കിടെ ചെറിയ ചെറിയ തുരങ്കങ്ങളുമുണ്ടായിരുന്നു. പതിനൊന്ന് മണിയ്ക്‌ ഞങ്ങള്‍ ഓര്‍സീര്‍സില്‍ എത്തി. പതിനൊന്ന് മുപ്പത്തിനാലിനാണ്‌ ഇനി ഷാംപേയ്ക്കുള്ള ബസ്‌.

ഓര്‍സീര്‍സില്‍ എത്തിയ ഞങ്ങള്‍ ആദ്യം ചെയ്തത്‌ പുറത്തെ ഉറമഞ്ഞിലേയ്ക്ക്‌(snow) ഓടുകയാണ്‌. ഒരു നേര്‍ത്ത പാളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആദ്യമായി മഞ്ഞ്‌ കാണുന്ന ഞങ്ങള്‍ക്ക്‌ പട്ടിണി കിടന്നവന്‌ പഴങ്കഞ്ഞി കിട്ടിയ ആക്രാന്തമായിരുന്നു. മഞ്ഞ്‌ കൊണ്ട്‌ ഫുട്ബാള്‍, ത്രോബാള്‍, ക്രിക്കറ്റ്‌ ഒക്കെ കളിക്കാമെന്ന് ചുരുങ്ങിയ നേരം കൊണ്ട്‌ ഞങ്ങള്‍ തെളിയിച്ചു.

11:20 ആയിട്ടും ബസിന്റെ യാതൊരു ലക്ഷണവും ഇല്ല.. അതില്ലേ എന്ന് ചോദിക്കാനാണെങ്കില്‍ ഒരു മനുഷ്യന്‍ പോലും ആ പരിസരത്തെങ്ങുമില്ല. പക്ഷേ, കൃത്യം പതിന്നൊന്ന് മുപ്പത്തൊന്നായപ്പോള്‍ ഷാംപേ ബസുള്‍പ്പെടെ മൂന്നെണ്ണം അവിടെ പ്രത്യക്ഷപ്പെട്ടു. സ്വിസ്‌ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണ്‌ ഈ സമയക്ലിപ്തത എന്നു തോന്നുന്നു, നേരത്തെയുമില്ല, താമസിക്കുകയുമില്ല. കൃത്യസമയത്ത്‌ തന്നെ ബസ്‌ പുറപ്പെട്ടു. ബസ്‌ യാത്ര ഒരു പഴയ മൂന്നാര്‍ യാത്രയെ അനുസ്മരിപ്പിച്ചു. വളഞ്ഞു പുളഞ്ഞ പാതകള്‍ മെല്ലെ മലനിരകളെ കീഴടക്കുന്നു. മലനിരകള്‍ക്ക്‌ പച്ചപുതപ്പിന്‌ പകരം മഞ്ഞിന്റെ തൂവെള്ളപ്പുതപ്പ്‌. മഞ്ഞു മൂടിയ മലഞ്ചെരിവുകളില്‍ മിഴിവുറ്റ ഒരു ജലച്ചായ ചിത്രം പോലെ കടും പച്ച പൈന്‍മരക്കാടുകള്‍.

പകുതി ഉറഞ്ഞു കിടക്കുന്ന ഷാം‌പേ തടാകം


പന്ത്രണ്ട്‌ മണിയോടെ ഞങ്ങള്‍ ഷാംപേയിലെത്തി. ഈ ദിവസങ്ങളിലെല്ലാം എന്ന് മഞ്ഞ്‌ പെയ്യുമെന്ന് എന്ന് കണ്ണിലെണ്ണയുമൊഴിച്ചിരുന്ന ഞങ്ങളിത മുട്ടോളം താഴ്ച മഞ്ഞില്‍, മുന്നിലൊരു മഞ്ഞുറഞ്ഞ തടാകവും!! അതിനു ചുറ്റും മഞ്ഞില്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു (ഒന്നൊന്നര കിലോമീറ്റര്‍ ഉണ്ടായിരുന്നു ചുറ്റുമുള്ള നടപ്പാത). ഇതിനിടയില്‍ മഞ്ഞ്‌ കൊണ്ട്‌ എന്തൊക്കെ ചെയ്യാമോ - മഞ്ഞില്‍ തെന്നിവീഴുക, മഞ്ഞു കട്ടകള്‍ പരസ്പരം എറിയുക, മരം കുലുക്കി മഞ്ഞുമഴ പെയ്യിക്കുക, ഇതൊക്കെ പോരാഞ്ഞ്‌ അവസാനം മഞ്ഞ്‌ തിന്നുവരെ നോക്കി. ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കാന്‍ എല്ലാവരും ആഞ്ഞ്‌ പിടിച്ചെങ്കിലും അത്‌ മഞ്ഞുമനുഷ്യന്റെ ഒരു രൂപസാദൃശ്യവും പ്രകടിപ്പിക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതിനിടയില്‍ ഉറഞ്ഞുകിടക്കുന്ന തടാകത്തിനു മുകളിലൂടെ ചിലര്‍ നടക്കുന്നതും മറ്റ്‌ ചിലര്‍ തെന്നു പലകകളില്‍ തെന്നിനീങ്ങുന്നതും(skating) കണ്ടു. അതു കണ്ട്‌ ആന്ധ്രക്കാരന്‍ സുഹൃത്ത്‌ തനിയ്ക്കും പോകണമെന്നു പറഞ്ഞു. പേഴ്‌സും വാച്ചും തന്നിട്ട്‌ പൊയ്ക്കോളാന്‍ ഞങ്ങള്‍ പറഞ്ഞെങ്കിലും പുള്ളി വേണ്ടെന്നു പെട്ടെന്നു തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എല്ലാവരും സ്വന്തം വയറിനെ ഓര്‍ത്തു. ഭാഗ്യത്തിന്‌ ഒരേയൊരു റെസ്റ്റോറന്റ്‌ മാത്രം തുറന്നിരുപ്പുണ്ടായിരുന്നു.


പേരറിയാത്തൊരു മഞ്ഞു കട്ടയെ മഞ്ഞുമനുഷ്യനെന്നും വിളിച്ചു

ഉച്ചഭക്ഷണാനന്തരം ഞങ്ങള്‍ അടുത്തുള്ള റോപ്‌വേയില്‍ കയറുവാനായി പുറപ്പെട്ടു. അവിടെത്തിയപ്പൊഴാണ്‌ മനസിലായി അതു കാബിന്‍ ഒന്നും അല്ല, വെറുമൊരു കമ്പിയില്‍ തൂങ്ങി കിടക്കുന്ന ഒരു കസേരയാണ്‌ എന്ന്. തിരശ്ചീനമായ(horizontal) രണ്ട്‌ കപ്പ്പ്പികളിലൂടെ (ഒന്നു മലമുകളിലും ഒന്നു താഴെയും) കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഉരുക്കു വടം, അതില്‍ അവിടവിടെയായി കസേരകള്‍ കൊളുത്തിയിട്ടിരിക്കുന്നു. 110 കെ.വി. വൈദ്യുത ലൈന്‍ പോലെയുള്ള ടവറുകളിലൂടെ കമ്പി 600 മീറ്ററോളം ഉയരമുള്ള മലമുകളിലേയ്ക്‌ പോകുന്നു. റോപ്‌വേയുടെ എറ്റവും കൂടിയ ചരിവ്‌ എണ്‍പത്‌ ഡിഗ്രിയോളം വരും. കപ്പികള്‍ നിറുത്താതെ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതനുസരിച്ച്‌ കസേരകള്‍ മുകളിലേയ്കും താഴേയ്ക്കും പൊയ്ക്കൊണ്ടിരുന്നു. മലമുകളില്‍ നിന്നും താഴേയ്ക്‌ മഞ്ഞില്‍ സ്കീ ചെയ്യാന്‍ പോകുന്നവരാണ്‌ മുഖ്യമായും ഇതില്‍ പോകുന്നത്‌.

മുന്നില്‍ പിടിച്ചിരിക്കാന്‍ കസേരകളില്‍ ഒരു കമ്പി മാത്രമുള്ള ആ റോപ്‌വേ കണ്ടപ്പോള്‍ സത്യം പറയണമല്ലോ ആദ്യം തോന്നിയത്‌ പേടിയാണ്‌. വേറൊന്നുമല്ല ഒരു നല്ല കാറ്റടിച്ചാല്‍, വേണ്ട, കാറ്റടിക്കുമെന്ന് കേട്ടാല്‍ തന്നെ പറക്കാന്‍ റെഡിയായിരിക്കുന്ന എന്നെ, ഈ സാധനത്തില്‍ ഇരിക്കുമ്പോഴാകും വല്ല കാക്കയ്ക്കും പരുന്തിനും എന്നെ കൈവയ്ക്കണമെന്ന്‌ തോന്നുന്നത്‌. പിന്നെ താഴെയുള്ള ഐസില്‍ വച്ചു തനിയേ ഫ്രീസ്‌ ആയിക്കോളും. പക്ഷേ ഇപ്പോഴില്ലേല്‍ ഇനിയൊരിക്കലും ഇതില്‍ കയറില്ല എന്നോര്‍ത്തപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ആന്ധ്ര സുഹൃത്ത്‌ പോകുന്നില്ലെന്ന് തീരുമാനിച്ചു. ബംഗാളി കൂട്ടുകാരന്‍ ആരുവന്നില്ലെങ്കിലും പോകുമെന്ന് ഉറപ്പിച്ചു. രാം വരുന്നില്ല എന്ന് തീരുമാനിച്ചെങ്കിലും ഞാന്‍ ഇത്‌ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരിക്കും എന്ന് പറഞ്ഞ്‌ അവനെക്കൊണ്ട്‌ സമ്മതിപ്പിച്ചു (എനിക്ക്‌ പേടിക്കാന്‍ ഒരു കമ്പനി :) )

അങ്ങനെ ഞാനും രാമും ഒരുമിച്ച്‌ ഒരു കസേരയില്‍ കയറി. റോപ്‌വേ കയറിയിട്ടും കയറിയിട്ടും മുകളില്‍ എത്തുന്നില്ല. എനിക്ക്‌ പുറകിലേയ്ക്കോ, താഴേയ്ക്കോ നോക്കാന്‍ പേടിയായതിനാല്‍ നേരേ മുകളിലേയ്ക്‌ മാത്രം നോക്കിയിരുന്നു. രാം, അവന്‍ താഴെപ്പോയിട്ടില്ല എന്ന് അറിയിക്കാനെന്ന പോലെ ഇടയ്ക്കിടയ്ക്ക്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്തായാലും മുകളില്‍ എത്തുന്ന വരെ ഞാന്‍ അവനോട്‌ എനിക്ക്‌ പേടിയുണ്ടെന്ന് പറയേണ്ട എന്ന് തീരുമാനിച്ചു. ഇടയ്ക്കുണ്ടായ ഓരോ കുലുക്കങ്ങളിലും ചങ്കിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. അങ്ങനെ ഒരു ഇരുപത്തഞ്ച്‌ മിനുട്ട്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മുകളിലെത്തി. അത്രയും നേരം ഞാന്‍ മിണ്ടാതെയിരുന്നത്‌ കണ്ട്‌ ഞാന്‍ തന്നെ വണ്ടറടിച്ചു.

മുകളിലെത്തിയപ്പോഴപ്പോഴോ, ഞങ്ങളൊഴികേ ബാക്കി വരുന്നവരെല്ലാം സ്കീ ചെയ്യാനുള്ളവരാണ്‌. എല്ലാവരും കുടുംബ സമേതം വാരാന്ത്യം ആഘോഷിക്കാനിറങ്ങിയിരിക്കുന്നവര്‍. മൂന്നും നാലും വയസുള്ള കുട്ടികള്‍; നമ്മുടെ നാട്ടില്‍ ആണെങ്കില്‍ നാരായണനെയും പുള്ളിയുടെ സഹപ്രവര്‍ത്തകരെയും വിളിച്ച്‌ അനങ്ങാതെ ഇരിക്കുന്ന പ്രായത്തില്‍ ഉള്ള കുറേ അമ്മൂമ്മയപ്പൂപ്പന്മാര്‍ എല്ലാവരും മലഞ്ചെരുവിലൂടെയുള്ള സ്കീയിങ്ങിന്‌ വന്നിരിക്കുകയാണ്‌. ഞങ്ങള്‍ക്കവിടെ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ ചുറ്റിനും നടന്ന് പടങ്ങളെടുത്ത്‌ മടങ്ങാന്‍ തീരുമാനിച്ചു.

നേരത്തതിലും പേടിക്കുമെന്ന് ഉറപ്പിച്ചാണ്‌ താഴേക്കുള്ള റോപ്‌വേയില്‍ കയറിയത്‌. പക്ഷേ എന്തുകൊണ്ടോ ആര്‍ക്കും പേടി തോന്നിയില്ല. ബംഗാളികൂട്ടുകാരന്‍ വിവിധ ഉയരങ്ങളിലുള്ള എല്ലാ ദിശകളിലെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. രാം ഒറ്റയ്ക്‌ ഒരു കസേരയിലായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ചവയ്ക്കുകയും എതിരെ വരുന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഞാന്‍ ഇടയ്ക്കൊക്കെ എനിക്ക്‌ പേടിയുണ്ടോ എന്നറിയാന്‍ നേരെ താഴേക്ക്‌ നോക്കുക പോലും ചെയ്തു (കസേരയില്‍ മുറുകെ പിടിച്ച്‌ കൊണ്ടാണെങ്കിലും). മൂന്നു മണിയോടെ താഴെയെത്തി. അവിടെ മറ്റേ കൂട്ടുകാരന്‍ കാത്ത്‌ നില്‌പുണ്ടായിരുന്നു.

അത്രയുമായപ്പോള്‍ എല്ലാവര്‍ക്കും മഞ്ഞിനോടുള്ള കമ്പം അല്‌പമെങ്കിലും കുറഞ്ഞു. മാത്രവുമല്ല മൂന്നു മണിയ്ക്ക്‌ തന്നെ സൂര്യപ്രകാശം കാര്യമായി കുറയാനും തുടങ്ങി. പോരാത്തിന്‌ കനത്ത മൂടല്‍മഞ്ഞ്‌(fog) പരക്കാനും തുടങ്ങി. നേരെ ഒരു റെസ്റ്റോറന്റില്‍ കയറി ഓരോ കാപ്പി പറഞ്ഞു. അഞ്ചരയ്ക്കായിരുന്നു അടുത്ത ബസ്‌. അതുകൊണ്ട്‌ ഞങ്ങള്‍ നീണ്ട രണ്ട്‌ മണിക്കുറെടുത്ത്‌ ഓരോ ചായയും ഒരു ഗ്ലാസ്‌ വെള്ളവും വീതം കുടിച്ചു. ഏതോ ഒരു FM റേഡിയോയില്‍ നിന്ന് പതിഞ്ഞ ഈണത്തില്‍ ഫ്രഞ്ച്‌ ഗാനങ്ങള്‍ ഒഴുകിവരുന്നുണ്ടായിരുന്നു. ജനാലയിലൂടെ മഞ്ഞുറഞ്ഞ തടാകവും കണ്ടുകൊണ്ട്‌ അഞ്ച്‌ മണി വരെ സമയം പോക്കി. തിരിച്ച്‌ പോകാറായി എന്നോര്‍ത്തപ്പോള്‍ വീണ്ടും ഒരു അരമണിക്കൂര്‍ കൂടെ മഞ്ഞില്‍ കളിക്കാനായി ഓടി.

മടക്ക യാത്ര നിശ്ശബ്ദമായിരുന്നു. പുറത്ത്‌ പ്രകാശം തീര്‍ത്തും ഇല്ലായിരുന്നു. ചെറുതായി മഞ്ഞു വീഴുന്നുണ്ടായിരുന്നു. പോയ വഴികളിലൂടെ തിരിച്ച്‌, വീണ്ടും എന്നെങ്കിലും മടങ്ങി വരാനായി...

2007, ജനുവരി 9, ചൊവ്വാഴ്ച

രണ്ടാം വാരം

ഡിസംബര്‍ 3 - ഡിസംബര്‍ 11

ഞായറാഴ്ച തുണികഴുകല്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൈകിട്ടു കുറച്ചു നടക്കാനും പോയി. അന്ന് കോട്ടയില്‍ പോയ ദിവസം ഒരു അരുവി കണ്ടിരുന്നു. അതിന്റെ തീരത്തിലൂടെ ഒരു മണിക്കൂര്‍ നടന്നു. പിന്നീട്‌ വീട്ടിലേയ്കുള്ള എഴുത്ത്‌ എഴുതി തീര്‍ത്തു. പക്ഷേ അത്‌ അയയ്കാന്‍ എടുത്തത്‌ ചൊവാഴ്ചയാണ്‍. അന്നു മഴയുണ്ടായിരുന്നു. വീട്ടിലേയ്കെഴുതിയ എഴുത്ത്‌ പുറം കുപ്പായത്തിന്റെ (jacket) അകത്ത്‌ വെച്ച് കൊണ്ട്‌ ഓടുന്നതിനിടയില്‍ എവിടെയോ കളഞ്ഞു പോയി (എന്റെ നാല്‌പത്‌ മിനുട്ടത്തെ എഴുത്ത്‌ :( ). പിന്നെ അത്രയും നേരം ഇരുന്നു ഒന്നുകൂടെ എഴുതാനുള്ള ക്ഷമയില്ലായിരുന്നു. .അതുകൊണ്ട്‌ സ്വിസ്‌ ഡയറി ഒന്നാം ഭാഗം പ്രിന്റൌട്ട്‌ എടുത്ത്‌ ഒരു കവറിലിട്ട്‌ ബുധനാഴ്ച വീട്ടിലേക്ക് അയച്ചു :)

തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും പണിചെയ്തു തുടങ്ങി. എന്റെ അടുത്ത്‌ ഇരിക്കുന്നത്‌ ഒരു സ്പാനിഷ്‌ ചേട്ടനും ഒരു സ്വിസ്‌ ചേച്ചിയുമാണ്‌. ഇവിടെ വെറുതെ ഇരിക്കുന്ന സ്വഭാവം രണ്ടുപേര്‍ക്കും ഇല്ല. പണിയില്ലെങ്കില്‍ വല്ല മല കയറാനോ, സ്കീ ചെയ്യാനോ ഒക്കെ പോകും. അവന്‍ എപ്പോഴും സ്വിസ്‌ ചോക്കളേറ്റ്‌സ്‌ കൂടെ കൊണ്ടു നടക്കും. സ്വിസ്‌ ചേച്ചി എപ്പോഴും പലതരം പഴങ്ങളും. അതുകാരണം ഞാന്‍ ദിവസവും ഇതൊക്കെ കഴിക്കുന്നു. എന്നിട്ട്‌ ഇവിടെ ചുമ്മാതിരിക്കുന്നു. മിക്കവാറും ഈക്കണക്കിനു പോയാല്‍ ഒരു ഫുട്ബാള്‍ പോലാകും.

തിങ്കളാഴ്ച വൈകുന്നേരം മലയാളി കൂട്ടുകാരനും ഒരു ആന്ധ്രാക്കാരനും കൂടെ ജോയിന്റ്‌ കുക്കിങ്ങിന്‌ വിളിച്ചു. ഒരാള്‍ക്ക്‌ മാത്രമായി പാചകം ചെയ്യുന്ന കഷ്ടപ്പാടൊഴിവാക്കാന്‍ കൂട്ടുകൃഷി പോലെ പലപ്പോഴും ഇങ്ങനെ ചെയ്തു വരുന്നു. എനിയ്ക്‌ ഒരു മുട്ടക്കൂസ്‌ തോരന്‍ വയ്കേണ്ടുന്ന പണിയേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ബാക്കി രണ്ടുപേര്‍ ചേര്‍ന്ന് ചോറ്‌, സാമ്പാര്‍, സോയാബീന്‍ കറി, സാലഡ്‌ തുടങ്ങിയവയുണ്ടാക്കിയതു കൊണ്ട്‌ ശാപ്പാടു കുശാലായിരുന്നു. ഞാന്‍ അതിന്റെ സന്തോഷസൂചകമായി രാത്രി ഒരു മണി വരെ അവരോട് കത്തി വച്ചു. (പിന്നിതു വരെ അവര്‍ വിളിച്ചില്ല :) ).

ഈ ആഴ്ച മുഴുവന്‍ മഴയായിരുന്നു. അത്‌ ഈ ശനിയാഴ്ച വരെയും തുടരുന്നു. വൈകുന്നേരം അഞ്ചു മണിയാകുമ്പോഴേക്കും നേരം ഇരുട്ടുന്നു. അതുകൊണ്ട്‌ നേരത്തെ കിടന്നുറങ്ങുന്നു, അതു പരിഹരിയ്ക്കാനായി രാവിലെ താമസിച്ച്‌ എഴുന്നേല്‍ക്കുന്നു. താപനില താഴേക്ക്‌ തന്നെ. ഒരു ദിവസം 2 ഡിഗ്രി വരെ കണ്ടു. ഇന്ന് കുന്നുകളുടെ മുകളില്‍ നിന്ന് പകുതി വരെ മഞ്ഞ്‌ പെയ്തിരിക്കുന്നതായി കണ്ടു. കാലാവസ്ഥാ പ്രവചനവും താപനില ഇനിയും കുറയുമെന്ന് തന്നെയാണ്‌ (ഇവിടെ സാധാരണ പറയുന്ന പോലെ ഒക്കെ സംഭവിക്കാറുണ്ട്‌).

ഈ വെള്ളിയാഴ്ച അവധി ആയിരുന്നു. അന്ന് ഇന്‍ഡ്യയിലുള്ള കൂട്ടുകാരുമായി ചാറ്റ്‌ ചെയ്തു. ഇവിടെ വന്നിട്ട്‌ ജിമ്മില്‍ പോകാന്‍ തുടങ്ങണം എന്നു വിചാരിച്ചിരുന്നു. ഇവിടെ വന്നപ്പോഴാണ്‌ അതിന്‌ കാശ്‌ കൊടുക്കേണം എന്നറിയുന്നത്‌. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ലാത്തതു കൊണ്ട്‌ യോഗ ചെയ്യാം എന്ന് തീരുമാനിച്ചു. ഒരുത്തന്റെ കയ്യില്‍ നിന്ന് യോഗ പാഠങ്ങള്‍ വാങ്ങിച്ചു. എന്താകുമെന്ന് കണ്ടറിയണം.

ഇതിനിടയില്‍ ഫ്രഞ്ച്‌ പഠിക്കാന്‍ പോയി തുടങ്ങി. അയാള്‍ ഴ്ഷേ മ്‌ാപേല്‌ എന്നൊക്കെ പറയുന്നു. എഴുതുന്നതും വായിക്കുന്നതും ആയി ഒരു ബന്ധവും ഇല്ല. pardon എന്നെഴുതിയാല്‍ പാഹ്ദോ ങ്‌ എന്നോ മറ്റോ ആണു വായിക്കുന്നത്‌ (അതു ശരിക്കുള്ള ഹ്‌ അല്ല മറ്റെന്തോ ആണ്‌). ഒരാഴ്ചയില്‍ ഒരു ക്ലാസ്‌ മാത്രമേ ഉള്ളൂ. ഈ നിലയ്ക്കു പോയാല്‍ ഞാന്‍ ഇവിടുള്ളവരെ മലയാളം പഠിപ്പിക്കുകയാവും എളുപ്പം.

ഇതിനിടയില്‍ എന്റെ പെര്‍മിറ്റ്‌ വന്നു. അതു പോയി വാങ്ങിച്ചു. അതില്‍ എന്തൊക്കെയോ ഫ്രഞ്ചില്‍ എഴുതിയിരിക്കുന്നു. ഒരു ഐഡിയയും ഇല്ല. അതും കൊണ്ട്‌ ബാങ്ക്‌ അക്കൌണ്ട്‌ തുറക്കാന്‍ പോയപ്പോള്‍ ജോലിയുടെ കരാര്‍ കൂടെ വേണം എന്നു പറഞ്ഞു. അതും കൊണ്ടു ഇനി തിങ്കളാഴ്ച വീണ്ടും പോകേണം.

സൂപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശനം ഇടയ്ക്ക്‌ നടത്തുന്നു. ഒരു ദിവസം "പെര്‍സിമോണ്‍സ്‌" എന്ന ഒരു പഴം വാങ്ങിക്കൊണ്ടു വന്നു. പക്ഷേ അതും വഴിക്കെവിടെയോ കളഞ്ഞുപോയി. പിന്നെ പിറ്റേ ദിവസം ഒന്നുകൂടെ പോയി വാങ്ങി. ഒരു കുഴമ്പ്‌ പോലെ ഇരുന്നു. കൊള്ളാമായിരുന്നു.

അങ്ങനെ ആഴ്ചാന്ത്യം ആയി. ഇന്ന് നടക്കാന്‍ പോകണമെന്നു വച്ചിട്ടു നടന്നില്ല. മഴ തന്നെ മഴ. നാളെ ഉച്ചയ്ക്‌ തനിയെ നടയ്ക്കാന്‍ പോകണം.

2007, ജനുവരി 4, വ്യാഴാഴ്ച

സ്വിറ്റ്സറ്ലന്റിലെ ആദ്യവാരം

< നവംബര്‍ 27 - ഡിസംബര്‍ 2>
സംഭവബഹുലമെന്നൊക്കെ പറയാനില്ലെങ്കിലും എന്നെ സംബന്ധിച്ച്‌ കുറേയധികം കാര്യങ്ങള്‍ നടന്ന ഒരാഴ്ചയായിരുന്നു ഇത്‌. സ്വദേശവാസത്തില്‍ നിന്നും പരദേശവാസത്തിലേയ്ക്ക്‌. സോഫ്റ്റ്‌വെയര്‍ ഉദ്യോഗത്തില്‍ നിന്നും ഗവേഷണത്തിലേക്ക്‌. ഞാന്‍ ഗവേഷണബിരുദ വിദ്യാര്‍ത്ഥിയായി-സ്വിറ്റ്‌സര്‍ലന്റിലെ മാര്‍ട്ടിനിയിലെ ഒരു ഗവേഷണ സ്ഥാപനത്തില്‍ എത്തിപ്പെട്ടു.

ഇവിടെ നവംബര്‍ 27-നാണു എത്തിയത്‌. മാര്‍ട്ടിനി കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ താഴ്വരയാണ്‌. മൊത്തം ജനസംഖ്യ ഇരുപതിനായിരത്തില്‍ താഴെ. ചെറിയ പട്ടണം. ഒരു തെരുവിനു (Place Centrale) മാത്രം ഒരു നാഗരിക പരിവേഷമുണ്ട്‌. കുന്നുകളുടെ മുകള്‍ഭാഗം മഞ്ഞുകൊണ്ടു മൂടിയിരിക്കുന്നു. റെയില്‍വേയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബസുകളും ഈ സ്ഥലത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നു. ശിശിരകാലാവസാനത്തില്‍ തന്നെ തണുപ്പ്‌ പൂജ്യത്തെ സ്പര്‍ശിക്കണമോയെന്നു സംശയിച്ചു നില്‍ക്കുന്നു. 10 ഡിഗ്രിയില്‍ താഴെയാണു എപ്പോഴും താപനില. ആള്‍ക്കാര്‍ ഫ്രഞ്ച്‌ സംസാരിക്കുന്നു. ഇംഗ്ലീഷ്‌ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയൂ.

എന്റെ ജാലക കാഴ്ച

വന്നപ്പോള്‍ സ്നേഹിതന്‍ (ഇങ്ങനെയൊരു സ്ഥലത്ത്‌ അങ്ങനെയൊരാളുണ്ടാകുന്നത്‌ എത്ര നല്ലതാണ്‌!!) റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നിരുന്നു. നേരെ പോയത്‌ എനിക്കായി തന്നിരിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്‌ലേയ്ക്കാണ്‌. നല്ല മുറി, എനിക്കിഷ്ടപ്പെട്ടു. രണ്ടു ജാലകങ്ങളിലൂടെയും രണ്ടു മലകള്‍ കാണാം. താഴേക്കു നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍. മിക്കവാറും ഫ്രാന്‍സിലേക്കു പോകുന്ന ഒരു കൊച്ചു ട്രെയിനും കാണാം.

ഫ്രാന്‍സിലേക്ക് പോകുന്ന കൊച്ചു ട്രെയിന്‍

അല്‍പസമയം വിശ്രമിക്കാന്‍ തന്നിട്ട്‌ ചങ്ങാതി എന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്‌ കൊണ്ടു പോയി. രണ്ടു കെട്ടിടങ്ങളിലായി 75ഓളം ഗവേഷകരുള്ള ഒരു സ്ഥാപനം. കൂടെ ഒരു കൊച്ചു ഗ്രന്ഥശാലയും. ഓഫീസില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്തു - ഒരു താക്കോലും ഒരു T-shirt-ഉം തന്നു. അതു കഴിഞ്ഞ്‌ രണ്ടുമൂന്നു ഇന്‍ഡ്യാക്കാരെക്കൂടി പരിചയപ്പെട്ടു (ഒരു മലയാളിയും കൂട്ടത്തിലുണ്ട്‌). അവര്‍ ഇവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടു പോയി. ഞാന്‍ കണ്ണില്‍ കണ്ടതൊക്കെ വാങ്ങി. റൊട്ടി, പാല്‍, ജാം, മുട്ട, ഉരുളക്കിഴങ്ങ്‌, തൈര്‌, (yoghurtന്റെ മലയാളം എന്താണോ ആവോ). ഇന്ത്യന്‍ സാധനങ്ങളൊന്നും ഇവിടെ കിട്ടില്ല. കൂട്ടുകാരന്‍ അന്നു രാത്രി അത്താഴത്തിനു ക്ഷണിച്ചിരുന്നതു കൊണ്ട്‌ വന്ന പാടെ അടുക്കള പണി തുടങ്ങേണ്ടി വന്നില്ല.

അടുത്ത ദിവസം വാര്‍ഷികാഘോഷമായിരുന്നതിനാല്‍ വലിയ പണിയൊന്നുമില്ലായിരുന്നു. ഡയറക്ടറെ കണ്ടു (അദ്ദേഹമാണ് എന്റെ മേധാവി), നീ കൃത്യസമയത്ത്‌(പാര്‍ട്ടിയ്ക്‌!!) എത്തിപ്പെട്ടു എന്നായിരുന്നു പുള്ളിയുടെ ആദ്യപ്രതികരണം :D പിന്നെ ഗൈഡിനെ പരിചയപെടുത്തി. ഗൈഡ്‌ എന്നെ പിറ്റേന്നു കാണാം എന്നു പറഞ്ഞു. അത്താഴം കൊള്ളാമായിരുന്നു. നല്ല ഒരു സ്വിസ്‌ അത്താഴം അങ്ങനെ വന്നതിന്റെ പിറ്റേന്നു തന്നെ തരപ്പെട്ടു.

മൂന്നാം ദിവസം ഗൈഡിനെ പോയി കണ്ടു. പ്രോജക്ട് ഒക്കെ വിശദീകരിച്ചു തന്നു. കുറേ വായിക്കാനും തന്നു. ഇടയ്ക്ക്‌ ഇന്‍ഡ്യയില്‍ പോയി പണി ചെയ്യാനും അവസരമുള്ള പ്രോജക്ട് ആണെന്നു പറഞ്ഞു. നാലും അഞ്ചും ദിവസങ്ങള്‍ വളരെ പെട്ടെന്നു കടന്നു പോയി. കൂടുതല്‍ സമയവും പുസ്തകങ്ങള്‍ വായിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഒരു ദിവസം പോലീസില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്തു (വിദേശികളെല്ലാം അങ്ങനെ ചെയ്യണമെന്നാണ്‌ നിയമം).

അങ്ങനെ ഞാന്‍ ഇവിടെ താമസമുറപ്പിച്ചു. ഒന്നു രണ്ടു കാര്യങ്ങളൊഴിച്ച്‌ - ചവര്‍ കൊണ്ടു പോയിക്കളയുന്നതെവിടെയെന്നു കണ്ടു പിടിച്ചിട്ടില്ല. എന്റെ മുറിയില്‍ ഒരു ചവറു വീപ്പ ഉണ്ടാകേണ്ടതായിരുന്നു. പുള്ളിയെയും കാണ്മാനില്ല. പിന്നെ കാശ്‌ കിട്ടുന്നതിലേക്കായി ഒരു ബാങ്ക്‌ അക്കൌണ്ട്‌ തുറക്കണം - സ്വിസ്‌ ബാങ്ക്‌ അക്കൌണ്ട്‌ :).പിന്നെ പുരാതനമായ ഒരു അലക്കു യന്ത്രം ഇവിടിരുപ്പുണ്ട്‌. ആശാനെ എങ്ങനെയെങ്കിലും ഒന്നു പ്രവര്‍ത്തിപ്പിക്കണം. മറ്റു കാര്യങ്ങളൊക്കെ സുഖമായി നടന്നു പോകുന്നു. രാവിലെ എഴുന്നേറ്റ്‌ പ്രാതല്‍ ഉണ്ടാക്കുന്നു, കഴിക്കുന്നു, ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നടന്നു പോകുന്നു (പത്തു മിനിട്ട്‌ നടത്തം). ഉച്ചയ്ക്ക്‌ ഒന്നര മണിക്കൂറാണ്‌ ഭക്ഷണസമയം. അതുകൊണ്ട്‌ മുറിയില്‍ വന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു. വൈകിട്ട്‌ ആറുമണിയോടെ വീണ്ടും തിരിച്ച്‌. രാത്രി അത്താഴം തയ്യാറാക്കുന്നു. ഫ്രിഡ്‌ജ്‌ ആദ്യ മൂന്നു ദിവസങ്ങള്‍ പണിമുടക്കിലായിരുന്നു. പിന്നെയാണു പവര്‍ പ്ലഗ്‌ വാഷ്‌ ബേസിന്റെ ചുവട്ടിലാണെന്നു കണ്ടു പിടിച്ചത്‌.

ഇപ്പോള്‍ പാചകം ഒരുമാതിരി നല്ലതു പോലെ പോകുന്നു :) വെള്ളിയാഴ്ച മലയാളി കൂട്ടുകാരന്‍ ടൌണില്‍ പോയിട്ടു വന്നപ്പോള്‍ എനിക്കും ഇന്ത്യന്‍ മസാലകള്‍ വാങ്ങി തന്നു. അതുകൊണ്ടു ഇപ്പോള്‍ ചോറ്‌ സാമ്പാര്‍ ഒക്കെ ഉണ്ടാക്കി കഴിക്കുന്നു. കൂടാതെ ഒരു ടെലിഫോണ്‍ കാര്‍ഡും. (അവന്‍ കാശു വാങ്ങിയില്ല, ശമ്പളം കിട്ടുമ്പോള്‍ വാങ്ങാം എന്നു പറഞ്ഞു). ഇതുവരെ വീട്ടില്‍ വിളിക്കാന്‍ പറ്റാതെ, നാട്ടിലുള്ള കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ ഇ-മെയില്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ വഴിയായിരുന്നു എന്റെ അപ്പനും അമ്മയും ഇതുവരെ മോന്‍ ഇവിടൊക്കെത്തന്നെയുണ്ടെന്നറിഞ്ഞിരുന്നത്‌ :)

ഇന്നലെ പുറത്തു പോയി അത്താഴം കഴിച്ചു. റൊട്ടിയും ഒന്നു രണ്ടു തരം പാല്‍ക്കട്ടിയും, പിന്നെ ഉരുളക്കിഴങ്ങ്‌ പുഴുങ്ങിയത്‌, വിനാഗിരിയില്‍ ഇട്ട കുറച്ച്‌ ഉള്ളിയും നമ്മുടെ പുളിഞ്ചിക്ക പോലത്തെ എന്തോ ഒരു സാധനവും. മൊത്തത്തില്‍ കൊള്ളാമായിരുന്നു, എന്നാലും ഭയങ്കര വില, 30 ഫ്രാങ്ക്‌ (1 CHF ~ 35 INR) ആയി മൊത്തം.

ഇന്നു വൈകുന്നേരം ഞാനും മലയാളി കൂട്ടുകാരനും കൂടെ മലഞ്ചെരുവിലുള്ള ഒരു കോട്ട കാണാന്‍ പോയി. ഒരു ഒന്നര കിലോമീറ്റര്‍ ദൂരം മല കയറി അവിടെയെത്തിയപ്പോഴാണറിയുന്നത്‌, അതു ആറു മണി കഴിഞ്ഞേ തുറക്കൂ എന്ന്. പക്ഷേ അവിടെ നിന്നു താഴ്വര കാണാന്‍ കൊള്ളാമായിരുന്നു. നല്ല വ്യൂ. അതുകൊണ്ടു പോയതു മുഴുവന്‍ വെറുതേയായില്ല. തിരിച്ചിറങ്ങി വന്നപ്പോള്‍ താഴെ പ്ലാസെ സെന്ട്രലെയില് എന്തൊക്കെയോ ആഘോഷങ്ങള് നടക്കുകയായിരുന്നു. മൂന്നു നാലു ഗായക സംഘങ്ങള്‍, പിന്നെ സ്വിസ്സ്‌ ഭക്ഷണം വില്‌ക്കുന്ന കുറച്ച്‌ തട്ടുകടകള്‍ - നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവ പ്രതീതി. ഞങ്ങള്‍ പോയി റെക്‌ലറ്റ്‌ എന്നു വിളിക്കുന്ന ഒരു സാധനം-ഉരുകിയ പാല്‍ക്കട്ടിയും ഉരുളക്കിഴങ്ങും- കഴിച്ചു. നന്നായിരുന്നു.

വാരാന്ത്യം - ഇനി തുണി കഴുകണം, പിന്നെ ഒരു എഴുത്ത്‌ വീട്ടിലേയ്ക്ക്‌ അയയ്കണം (കുറഞ്ഞ പക്ഷം എഴുതുകയെങ്കിലും വേണം).