2007, ജനുവരി 4, വ്യാഴാഴ്‌ച

സ്വിറ്റ്സറ്ലന്റിലെ ആദ്യവാരം

< നവംബര്‍ 27 - ഡിസംബര്‍ 2>
സംഭവബഹുലമെന്നൊക്കെ പറയാനില്ലെങ്കിലും എന്നെ സംബന്ധിച്ച്‌ കുറേയധികം കാര്യങ്ങള്‍ നടന്ന ഒരാഴ്ചയായിരുന്നു ഇത്‌. സ്വദേശവാസത്തില്‍ നിന്നും പരദേശവാസത്തിലേയ്ക്ക്‌. സോഫ്റ്റ്‌വെയര്‍ ഉദ്യോഗത്തില്‍ നിന്നും ഗവേഷണത്തിലേക്ക്‌. ഞാന്‍ ഗവേഷണബിരുദ വിദ്യാര്‍ത്ഥിയായി-സ്വിറ്റ്‌സര്‍ലന്റിലെ മാര്‍ട്ടിനിയിലെ ഒരു ഗവേഷണ സ്ഥാപനത്തില്‍ എത്തിപ്പെട്ടു.

ഇവിടെ നവംബര്‍ 27-നാണു എത്തിയത്‌. മാര്‍ട്ടിനി കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ താഴ്വരയാണ്‌. മൊത്തം ജനസംഖ്യ ഇരുപതിനായിരത്തില്‍ താഴെ. ചെറിയ പട്ടണം. ഒരു തെരുവിനു (Place Centrale) മാത്രം ഒരു നാഗരിക പരിവേഷമുണ്ട്‌. കുന്നുകളുടെ മുകള്‍ഭാഗം മഞ്ഞുകൊണ്ടു മൂടിയിരിക്കുന്നു. റെയില്‍വേയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബസുകളും ഈ സ്ഥലത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നു. ശിശിരകാലാവസാനത്തില്‍ തന്നെ തണുപ്പ്‌ പൂജ്യത്തെ സ്പര്‍ശിക്കണമോയെന്നു സംശയിച്ചു നില്‍ക്കുന്നു. 10 ഡിഗ്രിയില്‍ താഴെയാണു എപ്പോഴും താപനില. ആള്‍ക്കാര്‍ ഫ്രഞ്ച്‌ സംസാരിക്കുന്നു. ഇംഗ്ലീഷ്‌ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയൂ.

എന്റെ ജാലക കാഴ്ച

വന്നപ്പോള്‍ സ്നേഹിതന്‍ (ഇങ്ങനെയൊരു സ്ഥലത്ത്‌ അങ്ങനെയൊരാളുണ്ടാകുന്നത്‌ എത്ര നല്ലതാണ്‌!!) റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നിരുന്നു. നേരെ പോയത്‌ എനിക്കായി തന്നിരിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്‌ലേയ്ക്കാണ്‌. നല്ല മുറി, എനിക്കിഷ്ടപ്പെട്ടു. രണ്ടു ജാലകങ്ങളിലൂടെയും രണ്ടു മലകള്‍ കാണാം. താഴേക്കു നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍. മിക്കവാറും ഫ്രാന്‍സിലേക്കു പോകുന്ന ഒരു കൊച്ചു ട്രെയിനും കാണാം.

ഫ്രാന്‍സിലേക്ക് പോകുന്ന കൊച്ചു ട്രെയിന്‍

അല്‍പസമയം വിശ്രമിക്കാന്‍ തന്നിട്ട്‌ ചങ്ങാതി എന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്‌ കൊണ്ടു പോയി. രണ്ടു കെട്ടിടങ്ങളിലായി 75ഓളം ഗവേഷകരുള്ള ഒരു സ്ഥാപനം. കൂടെ ഒരു കൊച്ചു ഗ്രന്ഥശാലയും. ഓഫീസില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്തു - ഒരു താക്കോലും ഒരു T-shirt-ഉം തന്നു. അതു കഴിഞ്ഞ്‌ രണ്ടുമൂന്നു ഇന്‍ഡ്യാക്കാരെക്കൂടി പരിചയപ്പെട്ടു (ഒരു മലയാളിയും കൂട്ടത്തിലുണ്ട്‌). അവര്‍ ഇവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടു പോയി. ഞാന്‍ കണ്ണില്‍ കണ്ടതൊക്കെ വാങ്ങി. റൊട്ടി, പാല്‍, ജാം, മുട്ട, ഉരുളക്കിഴങ്ങ്‌, തൈര്‌, (yoghurtന്റെ മലയാളം എന്താണോ ആവോ). ഇന്ത്യന്‍ സാധനങ്ങളൊന്നും ഇവിടെ കിട്ടില്ല. കൂട്ടുകാരന്‍ അന്നു രാത്രി അത്താഴത്തിനു ക്ഷണിച്ചിരുന്നതു കൊണ്ട്‌ വന്ന പാടെ അടുക്കള പണി തുടങ്ങേണ്ടി വന്നില്ല.

അടുത്ത ദിവസം വാര്‍ഷികാഘോഷമായിരുന്നതിനാല്‍ വലിയ പണിയൊന്നുമില്ലായിരുന്നു. ഡയറക്ടറെ കണ്ടു (അദ്ദേഹമാണ് എന്റെ മേധാവി), നീ കൃത്യസമയത്ത്‌(പാര്‍ട്ടിയ്ക്‌!!) എത്തിപ്പെട്ടു എന്നായിരുന്നു പുള്ളിയുടെ ആദ്യപ്രതികരണം :D പിന്നെ ഗൈഡിനെ പരിചയപെടുത്തി. ഗൈഡ്‌ എന്നെ പിറ്റേന്നു കാണാം എന്നു പറഞ്ഞു. അത്താഴം കൊള്ളാമായിരുന്നു. നല്ല ഒരു സ്വിസ്‌ അത്താഴം അങ്ങനെ വന്നതിന്റെ പിറ്റേന്നു തന്നെ തരപ്പെട്ടു.

മൂന്നാം ദിവസം ഗൈഡിനെ പോയി കണ്ടു. പ്രോജക്ട് ഒക്കെ വിശദീകരിച്ചു തന്നു. കുറേ വായിക്കാനും തന്നു. ഇടയ്ക്ക്‌ ഇന്‍ഡ്യയില്‍ പോയി പണി ചെയ്യാനും അവസരമുള്ള പ്രോജക്ട് ആണെന്നു പറഞ്ഞു. നാലും അഞ്ചും ദിവസങ്ങള്‍ വളരെ പെട്ടെന്നു കടന്നു പോയി. കൂടുതല്‍ സമയവും പുസ്തകങ്ങള്‍ വായിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഒരു ദിവസം പോലീസില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്തു (വിദേശികളെല്ലാം അങ്ങനെ ചെയ്യണമെന്നാണ്‌ നിയമം).

അങ്ങനെ ഞാന്‍ ഇവിടെ താമസമുറപ്പിച്ചു. ഒന്നു രണ്ടു കാര്യങ്ങളൊഴിച്ച്‌ - ചവര്‍ കൊണ്ടു പോയിക്കളയുന്നതെവിടെയെന്നു കണ്ടു പിടിച്ചിട്ടില്ല. എന്റെ മുറിയില്‍ ഒരു ചവറു വീപ്പ ഉണ്ടാകേണ്ടതായിരുന്നു. പുള്ളിയെയും കാണ്മാനില്ല. പിന്നെ കാശ്‌ കിട്ടുന്നതിലേക്കായി ഒരു ബാങ്ക്‌ അക്കൌണ്ട്‌ തുറക്കണം - സ്വിസ്‌ ബാങ്ക്‌ അക്കൌണ്ട്‌ :).പിന്നെ പുരാതനമായ ഒരു അലക്കു യന്ത്രം ഇവിടിരുപ്പുണ്ട്‌. ആശാനെ എങ്ങനെയെങ്കിലും ഒന്നു പ്രവര്‍ത്തിപ്പിക്കണം. മറ്റു കാര്യങ്ങളൊക്കെ സുഖമായി നടന്നു പോകുന്നു. രാവിലെ എഴുന്നേറ്റ്‌ പ്രാതല്‍ ഉണ്ടാക്കുന്നു, കഴിക്കുന്നു, ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നടന്നു പോകുന്നു (പത്തു മിനിട്ട്‌ നടത്തം). ഉച്ചയ്ക്ക്‌ ഒന്നര മണിക്കൂറാണ്‌ ഭക്ഷണസമയം. അതുകൊണ്ട്‌ മുറിയില്‍ വന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു. വൈകിട്ട്‌ ആറുമണിയോടെ വീണ്ടും തിരിച്ച്‌. രാത്രി അത്താഴം തയ്യാറാക്കുന്നു. ഫ്രിഡ്‌ജ്‌ ആദ്യ മൂന്നു ദിവസങ്ങള്‍ പണിമുടക്കിലായിരുന്നു. പിന്നെയാണു പവര്‍ പ്ലഗ്‌ വാഷ്‌ ബേസിന്റെ ചുവട്ടിലാണെന്നു കണ്ടു പിടിച്ചത്‌.

ഇപ്പോള്‍ പാചകം ഒരുമാതിരി നല്ലതു പോലെ പോകുന്നു :) വെള്ളിയാഴ്ച മലയാളി കൂട്ടുകാരന്‍ ടൌണില്‍ പോയിട്ടു വന്നപ്പോള്‍ എനിക്കും ഇന്ത്യന്‍ മസാലകള്‍ വാങ്ങി തന്നു. അതുകൊണ്ടു ഇപ്പോള്‍ ചോറ്‌ സാമ്പാര്‍ ഒക്കെ ഉണ്ടാക്കി കഴിക്കുന്നു. കൂടാതെ ഒരു ടെലിഫോണ്‍ കാര്‍ഡും. (അവന്‍ കാശു വാങ്ങിയില്ല, ശമ്പളം കിട്ടുമ്പോള്‍ വാങ്ങാം എന്നു പറഞ്ഞു). ഇതുവരെ വീട്ടില്‍ വിളിക്കാന്‍ പറ്റാതെ, നാട്ടിലുള്ള കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ ഇ-മെയില്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ വഴിയായിരുന്നു എന്റെ അപ്പനും അമ്മയും ഇതുവരെ മോന്‍ ഇവിടൊക്കെത്തന്നെയുണ്ടെന്നറിഞ്ഞിരുന്നത്‌ :)

ഇന്നലെ പുറത്തു പോയി അത്താഴം കഴിച്ചു. റൊട്ടിയും ഒന്നു രണ്ടു തരം പാല്‍ക്കട്ടിയും, പിന്നെ ഉരുളക്കിഴങ്ങ്‌ പുഴുങ്ങിയത്‌, വിനാഗിരിയില്‍ ഇട്ട കുറച്ച്‌ ഉള്ളിയും നമ്മുടെ പുളിഞ്ചിക്ക പോലത്തെ എന്തോ ഒരു സാധനവും. മൊത്തത്തില്‍ കൊള്ളാമായിരുന്നു, എന്നാലും ഭയങ്കര വില, 30 ഫ്രാങ്ക്‌ (1 CHF ~ 35 INR) ആയി മൊത്തം.

ഇന്നു വൈകുന്നേരം ഞാനും മലയാളി കൂട്ടുകാരനും കൂടെ മലഞ്ചെരുവിലുള്ള ഒരു കോട്ട കാണാന്‍ പോയി. ഒരു ഒന്നര കിലോമീറ്റര്‍ ദൂരം മല കയറി അവിടെയെത്തിയപ്പോഴാണറിയുന്നത്‌, അതു ആറു മണി കഴിഞ്ഞേ തുറക്കൂ എന്ന്. പക്ഷേ അവിടെ നിന്നു താഴ്വര കാണാന്‍ കൊള്ളാമായിരുന്നു. നല്ല വ്യൂ. അതുകൊണ്ടു പോയതു മുഴുവന്‍ വെറുതേയായില്ല. തിരിച്ചിറങ്ങി വന്നപ്പോള്‍ താഴെ പ്ലാസെ സെന്ട്രലെയില് എന്തൊക്കെയോ ആഘോഷങ്ങള് നടക്കുകയായിരുന്നു. മൂന്നു നാലു ഗായക സംഘങ്ങള്‍, പിന്നെ സ്വിസ്സ്‌ ഭക്ഷണം വില്‌ക്കുന്ന കുറച്ച്‌ തട്ടുകടകള്‍ - നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവ പ്രതീതി. ഞങ്ങള്‍ പോയി റെക്‌ലറ്റ്‌ എന്നു വിളിക്കുന്ന ഒരു സാധനം-ഉരുകിയ പാല്‍ക്കട്ടിയും ഉരുളക്കിഴങ്ങും- കഴിച്ചു. നന്നായിരുന്നു.

വാരാന്ത്യം - ഇനി തുണി കഴുകണം, പിന്നെ ഒരു എഴുത്ത്‌ വീട്ടിലേയ്ക്ക്‌ അയയ്കണം (കുറഞ്ഞ പക്ഷം എഴുതുകയെങ്കിലും വേണം).

9 അഭിപ്രായങ്ങൾ:

കുഞ്ഞന്‍സ്‌ പറഞ്ഞു...

ബൂലോഗരേ, ഞാന്‍ സ്വിറ്റ്സര്‌ലന്റി‍ല്‍ എത്തിയതിന്‌ ശേഷമുള്ള ആദ്യ ദിനങ്ങളെ പറ്റി ഒരു സംഘം കൂട്ടുകാര്‍ക്ക്‌ വിശദമായി എഴുതി അയക്കുകയുണ്ടായി. ഇതൊക്കെ എഴുതി സൂക്ഷിച്ചാല്‍ നന്നായിരിക്കും എന്നു അതില്‍ ഒന്നു രണ്ടു പേര്‍ പറഞ്ഞതിന്റെ ഫലമാണ് ഈ ബ്ലോഗ്. സന്ദര്‍ശകര്‍ക്കെല്ലാം സ്വാഗതം.

സു | Su പറഞ്ഞു...

അവിടുത്തെ വിശേഷങ്ങള്‍ ഒക്കെ ഇനിയും എഴുതൂ. പാചകത്തിന് കറിവേപ്പില സന്ദര്‍ശിക്കൂ. ;)

വീട്ടിലേക്ക് ആദ്യം കത്തയയ്ക്കൂ. എന്നിട്ടാവാം ബാക്കി.

കുറുമാന്‍ പറഞ്ഞു...

കുഞ്ഞന്‍സ് - സ്വിസ്സ് വിശേഷങ്ങള്‍ക്കു നന്ദി. ഇനിയും പടങ്ങളെടുത്ത് ബ്ലോഗിലിടൂ. തുടര്‍ന്നെഴുതൂ.

ഇക്കാസ് പറഞ്ഞു...

വിവരണം നന്നായി..
അപ്പൊ തുണി കഴുകുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ എന്ന് കണ്ടു പിടിച്ചോ?

ദില്‍ബാസുരന്‍ പറഞ്ഞു...

അങ്ങനെ ബൂലോഗത്തിന് സ്വിറ്റ്സര്‍ലന്റിലും ബ്രാഞ്ചോഫീസായി. പോരട്ടെ കൂടുതല്‍ സ്വിസ് വിശേഷങ്ങള്‍. ആശംസകള്‍!

ഓടോ:സ്വിസ് ചോക്ലേറ്റ് കൂടുതലായിട്ട് വെയ്ക്കാന്‍ സ്ഥലമില്ല എന്ന അവസ്തയിലാണെങ്കില്‍ എനിക്കൊന്ന് മെയില്‍ ചെയ്യുമല്ലോ.:-)

കുഞ്ഞന്‍സ്‌ പറഞ്ഞു...

സു :) വീട്ടിലേക്കു എഴുത്തയച്ചു. കറിവേപ്പിലയിലെ കുറേ സാധനങ്ങള്‍ പരീക്ഷിക്കുന്നുണ്ട്‌ (ദാല്‍‍ വിശേഷം ഞാന്‍ ഓര്‍കുട്‌-ഇല്‍ പറഞ്ഞിരുന്നതല്ലെ)

കുറുമാന്‍ :) സ്വാഗതം. ഒരിക്കല്‍ സ്വിസ്സ്‌ ബോറ്ഡര്‍ ചാടിക്കടക്കാന്‍ നോക്കിയതല്ലേ..ഇനിയും വരുന്നുണ്ടേല്‍ പറയൂ.. ഞാന്‍ വന്നു കൂട്ടിക്കൊണ്ടു പോരാം :)

ഇക്കാസ്‌ :) അവ‍സാനം കണ്ടുപിടിച്ചൂ...

ദില്‍ബാ :) ലോകത്ത്‌ ഏറ്റവും കൂടുതല്‍ മലയാളി ബൂലോഗ മീറ്റ്‌ നടക്കുന്നത്‌ ഇപ്പൊ സ്വിസ്സിലാണ്‌. ഞാന്‍ എല്ലാ ദിവസവും തന്നേ മീറ്റുന്നു :) (ചോക്കലേറ്റ്‌ നിന്റെ ആ എയറ്ഹോസ്റ്റസിനോട് പറഞ്ഞാ പൊരേടെ, ലോകത്തു എവിടെ നിന്നു വേണെലും കൊണ്ടു തരുമല്ലോ..)

കുട്ടപ്പായി പറഞ്ഞു...

അപ്പോ സ്വിറ്റ്സില്‍ സെറ്റായി അല്ലേ. നല്ല വിശേഷങള്‍.

Gangadhar പറഞ്ഞു...

ham jaise log isko kaise pad sakthe? jara angrezi mein likhona....?

ശ്രീവല്ലഭന്‍. പറഞ്ഞു...

ഒരു സ്വിസ് മലയാളം ബ്ലോഗറെ പരിചയപ്പെട്ടതില്‍ സന്തോഷം. ഞാന്‍ ജനീവയില്‍ ഉണ്ട് :-)