2007, ജൂലൈ 28, ശനിയാഴ്‌ച

മഞ്ഞ് പാളികള്‍

൩൦ ജൂണ് ൨൦൦൭

വ്യത്യസ്തമായ ഒരു വാരാന്ത്യ പരിപാടിക്ക് വേണ്ടിയുള്ള അന്വേഷണം ഇത്തവണ തികച്ചും അപ്രതീക്ഷിതമായ ഒരു യാത്രയ്ക്ക് വഴിയൊരുക്കി. ആല്പ്സിലെ ഏറ്റവും വലിയ മഞ്ഞുപാളികളിലൊന്നായ അല്റ്റ്ഷ് ഹിമാനിയിലേയ്ക്ക് ഒരു സന്ദര്‍ശനം. രസകരമായ വസ്തുത ഈ സ്ഥലത്തെ പറ്റി ആദ്യമായി കേള്‍ക്കുകയാണെങ്കിലും ഞങ്ങളുടെ താമസസ്ഥലത്തിന് അടുത്ത് തന്നെയാണ് ഈ ഹിമാനി എന്നതായിരുന്നു. യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ പെട്ട സ്ഥലമാണെന്ന് കൂടി കണ്ട് പിടിച്ചതോടെ പോകാനുള്ള തീരുമാനം ഉറപ്പിച്ചു. തലേന്ന് തന്നെ പോകേണ്ട സ്ഥലത്തിന്റെ ഭൂപടങ്ങളും പോകേണ്ട മാര്‍ഗ്ഗവുമൊക്കെ കൂട്ടുകാരോട് ചോദിച്ചു മനസിലാക്കി. ആദ്യം ഇവിടെ നിന്നും ട്രെയിനില്‍ കയറി ബ്രിഗ് എന്ന സ്ഥലത്ത് ഇറങ്ങണം. പിന്നീട് ഒരു ട്രെയിന്‍ കൂടി ബെറ്റന്‍ എന്ന സ്ഥലത്തേയ്ക്. അവിടെ നിന്നും ഒരു കേബിള്‍ കാറില്‍ ഒരു പത്തു മിനുട്ട് കൂടെ യാത്ര ചെയ്താല്‍ മഞ്ഞുപാളിയുടെ ഏറ്റവും അടുത്തുള്ള ബെറ്റ്മെര്‍‌ആല്പ് എന്ന ഗ്രാമത്തിലെത്തും. ആകെ യാത്രാസമയം ഒന്നര മണിക്കൂര്‍. അവിടെ എത്തിയതിനു ശേഷം ഒരു മല കയറിയിറങ്ങിയാല്‍ മഞ്ഞു പാളിയില്‍ എത്താം.

അങ്ങനെ ശനിയാഴ്ച രാവിലെ എട്ടേമുക്കാ‍ലോടെ ഒരു നാല്‍‌വര്‍ സംഘം യാത്രയാരംഭിച്ചു - രണ്ട് ഇന്ത്യാക്കാര്‍, ഒരു ചൈനാക്കാരന്‍, ഒരു ഫ്രഞ്ചുകാരന്‍. ബ്രിഗ് ഇവിടെ അടുത്തായിരുന്നെങ്കിലും ആ വഴിക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ലായിരുന്നു. ആല്പ്സ് താഴ്വരയില്‍ റോണ്‍ നദീതീരത്ത് കൂടെയുള്ള ആ യാത്ര അത്യന്തം ഹൃദ്യമായി തോന്നി. പത്ത് മണിയ്ക്ക് ബ്രിഗ് എത്തി.

ബ്രിഗ് ഇറ്റാലിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്. സെര്‍മാറ്റ്, ‍സിം‌പ്ലോണ്‍ ചുരം, തുടങ്ങി സ്വിറ്റ്സര്‍ലാന്റിലെ ഒരുപാട് നല്ല മലമുകളുകളിലേയ്ക്കുള്ള യാത്രകള്‍ ഇവിടെ തുടങ്ങുന്നു. ഞങ്ങള്‍ക്ക് ബ്രിഗില്‍ നിന്നും യാത്ര തുടരേണ്ടിയിരുന്നത് മാറ്റഹോണ്‍-ഗോട്ടാര്‍ഡ് റെയില്‍‌വേയിലായിരുന്നു{Matterhorn Gotthard Bahn (MGB)}. മദ്ധ്യ-ദക്ഷിണ സ്വിറ്റ്സര്‍ലാന്റില്‍ വരുന്ന കുറച്ചധികം ആല്പ്സ് പര്‍വ്വത നിരകളെ MGB ബന്ധിപ്പിക്കുന്നു. MGB-യിലെ പ്രശസ്തമായ ഗ്ലേസിയര്‍ എക്സ്പ്രസിലായിരുന്നു യാത്ര - ആല്പ്സ് പര്‍വ്വത നിരകളെ കീറിമുറിച്ച് പോകുന്ന സുന്ദരമായ ഒരു മീറ്റര്‍ ഗേജ് തീവണ്ടി.


കേബിള്‍ കാര്‍ യാത്രാ‍ദൃശ്യം

റോണ്‍ നദീ തീരത്ത് കൂടി വീണ്ടും ഒരു ഇടുങ്ങിയ താഴ്വരയിലൂടെ ഒരു ഇരുപത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ ബെറ്റനില്‍ എത്തി. വീണ്ടും ഒരു കേബിള്‍ കാര്‍ യാത്ര. പത്ത് മിനുട്ട് ദൈര്‍ഘ്യമേയുണ്ടായിരുന്നെങ്കിലും താഴ്വരയുടെയും മലകളുടെയും മനോഹര ദൃശ്യങ്ങള്‍ ആ യാത്രയെ അവിസ്മരണീയമാക്കി. അങ്ങനെ പത്തരയോടെ ഞങ്ങള്‍ ബെറ്റ്മെര്‍-ആല്പിലെത്തി.


ബെറ്റ്മെര്‍‌-ആല്പ് ദൂരക്കാഴ്ച

സമുദ്രനിരപ്പില്‍ നിന്നും 1,938 മീറ്റര്‍ ഉയരത്തില്‍ ഒരു മലഞ്ചെരിവില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ബെറ്റ്മെര്‍-ആല്പ്. 2,650 മീറ്റര്‍ ഉയരമുള്ള ബെറ്റ്മെര്‍‌-ഹോണ്‍ എന്ന കൊടുമുടിയുടെ മുകള്‍ വരെ ചെറിയ കേബിള്‍ കാറുകള്‍ സര്‍വ്വീസ് നടത്തുന്നു. കൊടുമുടിയുടെ മറുഭാഗത്തുള്ള താഴ്വരയിലാണ് ഹിമാനി. ബെറ്റ്മെര്‍-ഹോണ്‍ കൊടുമുടിയുടെ മുകളില്‍ ചെറിയ ഒരു റെസ്റ്റോറന്റും മറ്റ് സൌകര്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ ആ കൊടുമുടിയെ ചുറ്റി അതിനടുത്തുള്ള താരതമ്യേന അല്പം കൂടി ചെറുതായ ഒരു മല കയറി അപ്പുറം ഇറങ്ങാന്‍ തീരുമാനിച്ചു. മടക്കയാത്രയില്‍ കേബിള്‍ കാറില്‍ തിരികെ വരാം എന്നും തീരുമാനിച്ചു. അധികമാരും ഉപയോഗിക്കാത്ത ചെങ്കുത്തായ ഒരു ഇടവഴി കണ്ട് അതിലൂടെ കയറാന്‍ തീരുമാനിച്ചു. വിചാരിച്ചിരുന്നതിലും പാടായിരുന്നു ആ കിഴുക്കാം തൂക്കായ പാറയിലൂടെ കയറാന്‍. വളരെ വേഗം ക്ഷീണിച്ചു. ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചും, കൊണ്ട് പോയ ചോക്കളേറ്റുകളും പഴങ്ങളും കഴിച്ചും ഞങ്ങള്‍ പതിയേ മല കയറിക്കൊണ്ടിരുന്നു. ക്ഷീണിയ്ക്കുന്ന ഇടവേളകള്‍ താഴ്വരയുടെ ചിത്രങ്ങള്‍ പകര്‍ത്താനായി മാറ്റി വച്ചു.

എങ്കിലും ജീവിതത്തില്‍ ആദ്യമായി മഞ്ഞു പാളികള്‍ കാണാന്‍ പോകുകയാണെന്ന ആവേശം കൂടെ തന്നെ ഉണ്ടായിരുന്നു. ആ മലയുടെ മുകള്‍ എത്താറായി എന്ന് മനസിലായപ്പോള്‍ ശരിക്കും ഓടുക തന്നെ ആയിരുന്നു. ആദ്യത്തെ നോട്ടത്തില്‍ തന്നെ ഇത്രയും കഷ്ടപ്പെട്ടത് വെറുതേയായില്ല എന്ന് മനസ് പറഞ്ഞു. മുന്നില്‍ മഞ്ഞ് കട്ടകള്‍ കൊണ്ട് തീര്‍ത്ത ഒരു നദീ ശില്പം. ഓളങ്ങളും, ചുഴികളും, കരയില്‍ വന്നടിക്കുന്ന തിരകളുമെല്ലാം തനിമ ചോരാതെ കൊത്തിയെടുത്തിരിക്കുന്നു.ഭീമാകാരമായ നദിയുടെ ശാന്തതയും വന്യതയും അത്പോലെ തന്നെ നിലനിറുത്തിയിരിക്കുന്നു. നിശ്ചലതയും നിശബ്ദതയും മാത്രം യാഥാര്‍ത്ഥ്യത്തെ വേര്‍തിരിക്കുന്നു. നോക്കി നില്ക്കുന്തോറും സമയം നിശ്ചലമാകുന്ന ഒരു അപൂര്‍വ്വാനുഭവം.


അല്‍റ്റ്ഷ് ഹിമാനി

താഴേയ്ക്ക് ഇറങ്ങാന്‍ ഒരു വഴി കണ്ടേക്കാം എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ഹിമാനിയ്ക്ക് സമാന്തരമായി നടക്കാന്‍ തീരുമാനിച്ചു.ഒരു നദീതീരത്ത് കൂടി സ്വപ്നാടനം നടത്തുകയാണ് ഞാന്‍ എന്ന് തോന്നിപ്പോയി. ചുറ്റും അങ്ങിങ്ങ് ചെറിയ പൂക്കള്‍, ചെമ്മരിയാടുകള്‍, പുല്‍ത്തകിടികള്‍, എല്ലാത്തിനും മേലേ ഹിമാനികളെ തഴുകിവരുന്ന ഇളം തണുപ്പുള്ള കാറ്റ് (ഹിമാനികള്‍ക്ക് തൊട്ടടുത്ത് പോലും സൂര്യപ്രകാശം ഉള്ളയിടങ്ങളില്‍ സാധാരണ പോലെ ഊഷ്മളത അനുഭവപ്പെടുന്നത് ഒരു അദ്ഭുതം തന്നെയായിരുന്നു). ഒരു നാലഞ്ച് കിലോമീറ്റര്‍ ഒരു ക്ഷീണവുമറിയാതെ നടന്നു. അപ്പോഴേയ്ക്കും ഞങ്ങള്‍ രണ്ട് താഴ്വരകളുടെ സംഗമസ്ഥാ‍നത്ത് എത്തിയിരുന്നു. ഞങ്ങള്‍ നടന്നു വന്ന വഴി അവിടെ തീരുന്നതായും കണ്ടു.


മഞ്ഞുനദി

അവിടുത്തെ പാറകള്‍ക്ക് അതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ചെങ്കല്‍ച്ചുവപ്പ് നിറമായിരുന്നു. മാത്രവുമല്ല, എല്ലാ പാറകളും താരതമ്യേന ചെറുതും മറ്റുള്ളവയേക്കാളും മിനുസമുള്ളവയുമായിരുന്നു. എന്ത് കൊണ്ടും അവിടെ താഴേക്കിറങ്ങുന്നത് മറ്റേത് സ്ഥലത്തേക്കാളും എളുപ്പമായിരിക്കും എന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ മഞ്ഞുപാളികളെ തൊടാനായി ഞങ്ങള്‍ താഴേയ്ക്ക് പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങാന്‍ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാളും ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു ഓന്തിനെപ്പോലെ പാറയില്‍ അള്ളിപ്പിടിച്ച് കൊണ്ട് താഴേക്കുള്ള ആ പ്രയാണം പൂര്‍ത്തിയാക്കാന്‍. ഒരു തവണ ഞാന്‍ മേല്‍പ്പോട്ടും കീഴ്പ്പോട്ടും പോകാനാവാതെ ഒരു വെട്ടില്‍ ആയി പോകുക പോലും ഉണ്ടായി. എങ്കിലും ഒരു മുപ്പത് നാല്പത് മിനുട്ടത്തെ പരിശ്രമത്തിന്റെ ഫലമായി ഞങ്ങളെല്ലാം താഴെ എത്തി.

ഞങ്ങള്‍ക്ക് തൊട്ടുമുന്നില്‍ ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ മഞ്ഞു പാളി നീണ്ടു നിവര്‍ന്ന് കിടക്കുന്നു. ഭീമാകാരമായ മഞ്ഞുപാളി. പാറ പോലെ ഉറച്ച പ്രതലം. “സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും” എന്ന കവി വാക്യം അന്വര്‍ത്ഥമാക്കുന്ന പോലെ നട്ടുച്ചയ്ക്കും ഉരുകാനുള്ള യാതൊരു ഭാവവുമില്ലാതെ ഉള്ള കിടപ്പ്. ഇടയ്ക്കിടെയുള്ള ആഴമേറിയ വിള്ളലുകള്‍ കട്ടിയേറിയ നീല മഞ്ഞുകട്ടകളെ കാട്ടിത്തരുന്നു. ഗര്‍ത്തങ്ങളെ ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കിയും മഞ്ഞ് കട്ടകളില്‍ തെന്നാതെ സൂക്ഷിച്ചും എല്ലാവരും പതിയെ അതിന് മുകളില്‍ കയറി നാലഞ്ച് ചുവട് വച്ചു.


നീല മഞ്ഞ് പാളികള്‍

പറ്റുന്നത്രയും സമയം അവിടെയിരുന്നിട്ട് പോകാം എന്നുള്ളത് സ്വാഭാവികമായും കൂട്ടായ തീരുമാനമായിരുന്നു. കൊണ്ട് പോയ ഭക്ഷണം അവിടെയിരുന്നു കഴിച്ചു. അതിനു ശേഷം സൂര്യരശ്മികളേറ്റ് ചൂടു പിടിച്ച പാറപ്പുറത്ത് മഞ്ഞ് പാളികളുടെ കാറ്റുമേറ്റ് അല്പസമയം എല്ലാവരും മയങ്ങി.

മടക്കയാത്ര തികച്ചും ദുഷ്കരമായിരുന്നു. 700 മീറ്ററോളം പൊക്കമുള്ള ബെറ്റ്മെര്‍‌ഹോണിന്റെ മുകളറ്റം വരെയും പാറക്കെട്ടുകളിലൂടെ കയറേണ്ടി വന്നു. മുകളിലെത്തിയപ്പോള്‍ തീര്‍ത്തും ക്ഷീണിച്ചിരുന്നു. പക്ഷേ വലിയ ഒരു ഞെട്ടല്‍ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ തിരിച്ചെത്താന്‍ താമസിച്ചത് മൂലം അവസാനത്തെ കേബിള്‍ കാറും പോയിക്കഴിഞ്ഞിരുന്നു. വീണ്ടും അടുത്ത മറുവശത്തെ മലഞ്ചെരുവിലൂടെ ബെറ്റ്മെര്‍‌-ആല്പിലേയ്ക്ക് മലയിറക്കം. രാവിലെ പത്തരയ്ക്ക് തുടങ്ങിയ മലകയറിയിറങ്ങല്‍ അവസാനിച്ചത് രാത്രി എട്ടുമണിയ്ക്കാണ്. ഒരേയൊരു മണിക്കൂര്‍ മഞ്ഞ് പാളികള്‍ക്കടുത്ത് വിശ്രമിച്ചതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയവും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായിരുന്നു. ശരീരത്തിലെ ഓരോ പേശിയും വലിയുന്നത് അറിയാമായിരുന്നു. മടക്കയാത്രയില്‍ ഒരാള്‍ പോലും സംസാരിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും ആ മഹാദ്ഭുതം കാണാന്‍ ചെലവാക്കിയ ഊര്‍ജ്ജവും സമയവും ഒരിക്കലും അധികമായിട്ടില്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു

5 അഭിപ്രായങ്ങൾ:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

Interesting description with fascinating photoes.....Really good work.

Unknown പറഞ്ഞു...

ഈ കമന്റ് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി.. അരീക്കോടന്‍ ചേട്ടന് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് കേട്ടോ. തുടര്‍ന്നെഴുതുക. വായനക്കാര്‍ പിന്നാലെ എത്തിക്കൊള്ളും...

Unknown പറഞ്ഞു...

ബെര് ളിയ്ക്ക് സ്വാഗതം.

കൂടുതല് പടങ്ങള് കാണാന് ഇവിടെ നോക്കുക

Anil cheleri kumaran പറഞ്ഞു...

രസകരമായ വായനാനുഭവം.