2007, ജനുവരി 9, ചൊവ്വാഴ്ച

രണ്ടാം വാരം

ഡിസംബര്‍ 3 - ഡിസംബര്‍ 11

ഞായറാഴ്ച തുണികഴുകല്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൈകിട്ടു കുറച്ചു നടക്കാനും പോയി. അന്ന് കോട്ടയില്‍ പോയ ദിവസം ഒരു അരുവി കണ്ടിരുന്നു. അതിന്റെ തീരത്തിലൂടെ ഒരു മണിക്കൂര്‍ നടന്നു. പിന്നീട്‌ വീട്ടിലേയ്കുള്ള എഴുത്ത്‌ എഴുതി തീര്‍ത്തു. പക്ഷേ അത്‌ അയയ്കാന്‍ എടുത്തത്‌ ചൊവാഴ്ചയാണ്‍. അന്നു മഴയുണ്ടായിരുന്നു. വീട്ടിലേയ്കെഴുതിയ എഴുത്ത്‌ പുറം കുപ്പായത്തിന്റെ (jacket) അകത്ത്‌ വെച്ച് കൊണ്ട്‌ ഓടുന്നതിനിടയില്‍ എവിടെയോ കളഞ്ഞു പോയി (എന്റെ നാല്‌പത്‌ മിനുട്ടത്തെ എഴുത്ത്‌ :( ). പിന്നെ അത്രയും നേരം ഇരുന്നു ഒന്നുകൂടെ എഴുതാനുള്ള ക്ഷമയില്ലായിരുന്നു. .അതുകൊണ്ട്‌ സ്വിസ്‌ ഡയറി ഒന്നാം ഭാഗം പ്രിന്റൌട്ട്‌ എടുത്ത്‌ ഒരു കവറിലിട്ട്‌ ബുധനാഴ്ച വീട്ടിലേക്ക് അയച്ചു :)

തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും പണിചെയ്തു തുടങ്ങി. എന്റെ അടുത്ത്‌ ഇരിക്കുന്നത്‌ ഒരു സ്പാനിഷ്‌ ചേട്ടനും ഒരു സ്വിസ്‌ ചേച്ചിയുമാണ്‌. ഇവിടെ വെറുതെ ഇരിക്കുന്ന സ്വഭാവം രണ്ടുപേര്‍ക്കും ഇല്ല. പണിയില്ലെങ്കില്‍ വല്ല മല കയറാനോ, സ്കീ ചെയ്യാനോ ഒക്കെ പോകും. അവന്‍ എപ്പോഴും സ്വിസ്‌ ചോക്കളേറ്റ്‌സ്‌ കൂടെ കൊണ്ടു നടക്കും. സ്വിസ്‌ ചേച്ചി എപ്പോഴും പലതരം പഴങ്ങളും. അതുകാരണം ഞാന്‍ ദിവസവും ഇതൊക്കെ കഴിക്കുന്നു. എന്നിട്ട്‌ ഇവിടെ ചുമ്മാതിരിക്കുന്നു. മിക്കവാറും ഈക്കണക്കിനു പോയാല്‍ ഒരു ഫുട്ബാള്‍ പോലാകും.

തിങ്കളാഴ്ച വൈകുന്നേരം മലയാളി കൂട്ടുകാരനും ഒരു ആന്ധ്രാക്കാരനും കൂടെ ജോയിന്റ്‌ കുക്കിങ്ങിന്‌ വിളിച്ചു. ഒരാള്‍ക്ക്‌ മാത്രമായി പാചകം ചെയ്യുന്ന കഷ്ടപ്പാടൊഴിവാക്കാന്‍ കൂട്ടുകൃഷി പോലെ പലപ്പോഴും ഇങ്ങനെ ചെയ്തു വരുന്നു. എനിയ്ക്‌ ഒരു മുട്ടക്കൂസ്‌ തോരന്‍ വയ്കേണ്ടുന്ന പണിയേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ബാക്കി രണ്ടുപേര്‍ ചേര്‍ന്ന് ചോറ്‌, സാമ്പാര്‍, സോയാബീന്‍ കറി, സാലഡ്‌ തുടങ്ങിയവയുണ്ടാക്കിയതു കൊണ്ട്‌ ശാപ്പാടു കുശാലായിരുന്നു. ഞാന്‍ അതിന്റെ സന്തോഷസൂചകമായി രാത്രി ഒരു മണി വരെ അവരോട് കത്തി വച്ചു. (പിന്നിതു വരെ അവര്‍ വിളിച്ചില്ല :) ).

ഈ ആഴ്ച മുഴുവന്‍ മഴയായിരുന്നു. അത്‌ ഈ ശനിയാഴ്ച വരെയും തുടരുന്നു. വൈകുന്നേരം അഞ്ചു മണിയാകുമ്പോഴേക്കും നേരം ഇരുട്ടുന്നു. അതുകൊണ്ട്‌ നേരത്തെ കിടന്നുറങ്ങുന്നു, അതു പരിഹരിയ്ക്കാനായി രാവിലെ താമസിച്ച്‌ എഴുന്നേല്‍ക്കുന്നു. താപനില താഴേക്ക്‌ തന്നെ. ഒരു ദിവസം 2 ഡിഗ്രി വരെ കണ്ടു. ഇന്ന് കുന്നുകളുടെ മുകളില്‍ നിന്ന് പകുതി വരെ മഞ്ഞ്‌ പെയ്തിരിക്കുന്നതായി കണ്ടു. കാലാവസ്ഥാ പ്രവചനവും താപനില ഇനിയും കുറയുമെന്ന് തന്നെയാണ്‌ (ഇവിടെ സാധാരണ പറയുന്ന പോലെ ഒക്കെ സംഭവിക്കാറുണ്ട്‌).

ഈ വെള്ളിയാഴ്ച അവധി ആയിരുന്നു. അന്ന് ഇന്‍ഡ്യയിലുള്ള കൂട്ടുകാരുമായി ചാറ്റ്‌ ചെയ്തു. ഇവിടെ വന്നിട്ട്‌ ജിമ്മില്‍ പോകാന്‍ തുടങ്ങണം എന്നു വിചാരിച്ചിരുന്നു. ഇവിടെ വന്നപ്പോഴാണ്‌ അതിന്‌ കാശ്‌ കൊടുക്കേണം എന്നറിയുന്നത്‌. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ലാത്തതു കൊണ്ട്‌ യോഗ ചെയ്യാം എന്ന് തീരുമാനിച്ചു. ഒരുത്തന്റെ കയ്യില്‍ നിന്ന് യോഗ പാഠങ്ങള്‍ വാങ്ങിച്ചു. എന്താകുമെന്ന് കണ്ടറിയണം.

ഇതിനിടയില്‍ ഫ്രഞ്ച്‌ പഠിക്കാന്‍ പോയി തുടങ്ങി. അയാള്‍ ഴ്ഷേ മ്‌ാപേല്‌ എന്നൊക്കെ പറയുന്നു. എഴുതുന്നതും വായിക്കുന്നതും ആയി ഒരു ബന്ധവും ഇല്ല. pardon എന്നെഴുതിയാല്‍ പാഹ്ദോ ങ്‌ എന്നോ മറ്റോ ആണു വായിക്കുന്നത്‌ (അതു ശരിക്കുള്ള ഹ്‌ അല്ല മറ്റെന്തോ ആണ്‌). ഒരാഴ്ചയില്‍ ഒരു ക്ലാസ്‌ മാത്രമേ ഉള്ളൂ. ഈ നിലയ്ക്കു പോയാല്‍ ഞാന്‍ ഇവിടുള്ളവരെ മലയാളം പഠിപ്പിക്കുകയാവും എളുപ്പം.

ഇതിനിടയില്‍ എന്റെ പെര്‍മിറ്റ്‌ വന്നു. അതു പോയി വാങ്ങിച്ചു. അതില്‍ എന്തൊക്കെയോ ഫ്രഞ്ചില്‍ എഴുതിയിരിക്കുന്നു. ഒരു ഐഡിയയും ഇല്ല. അതും കൊണ്ട്‌ ബാങ്ക്‌ അക്കൌണ്ട്‌ തുറക്കാന്‍ പോയപ്പോള്‍ ജോലിയുടെ കരാര്‍ കൂടെ വേണം എന്നു പറഞ്ഞു. അതും കൊണ്ടു ഇനി തിങ്കളാഴ്ച വീണ്ടും പോകേണം.

സൂപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശനം ഇടയ്ക്ക്‌ നടത്തുന്നു. ഒരു ദിവസം "പെര്‍സിമോണ്‍സ്‌" എന്ന ഒരു പഴം വാങ്ങിക്കൊണ്ടു വന്നു. പക്ഷേ അതും വഴിക്കെവിടെയോ കളഞ്ഞുപോയി. പിന്നെ പിറ്റേ ദിവസം ഒന്നുകൂടെ പോയി വാങ്ങി. ഒരു കുഴമ്പ്‌ പോലെ ഇരുന്നു. കൊള്ളാമായിരുന്നു.

അങ്ങനെ ആഴ്ചാന്ത്യം ആയി. ഇന്ന് നടക്കാന്‍ പോകണമെന്നു വച്ചിട്ടു നടന്നില്ല. മഴ തന്നെ മഴ. നാളെ ഉച്ചയ്ക്‌ തനിയെ നടയ്ക്കാന്‍ പോകണം.

7 അഭിപ്രായങ്ങൾ:

magnifier പറഞ്ഞു...

എഴുതിയാല്‍ ഒരു കമന്റ് സ്വയം ഇടുക..അതിനെ പിന്‍ മൊഴികളില്‍ എത്തിക്കുക! ഇതൊക്കെ എല്ലാര്‍ക്കും കാണണ്ടേ!

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ആല്‍പ്സ്‌ താഴ്വരയിലിരുന്ന് ഒരാള്‍ ഡയരി എഴുതുകയാണ്‍ല്ലേ... നടക്കട്ടെ സഹോദരാ.. നന്നായിരിക്കുന്നു.

സു | Su പറഞ്ഞു...

കുറച്ച് നടന്ന് കാഴ്ചകളൊക്കെ എഴുതൂ. ചിത്രങ്ങളും പോന്നോട്ടെ. യോഗ നല്ലതാണ്. പക്ഷെ പിന്നെ യോഗത്തെ കുറ്റം പറയരുത്.

Unknown പറഞ്ഞു...

മാഷേ വീരഭദ്രസേവയുണ്ടോ? :-)(കട്:വടക്കേകൂട്ടാലനാരായണന്‍ നായര്‍ക്ക്)

അല്ലാ.. പല സാധനങ്ങളും വഴിയില്‍ കളഞ്ഞ് പോയതായി കേട്ടതോണ്ട് ചോദിച്ചതാ.

ഇപ്പൊ ഓര്‍മ്മവന്നത്: വി.കെ.എന്റെ തന്നെ ‘പിതാമഹനി‘ല്‍ സര്‍ ചാത്തുവിന്റെ അനിയന്‍ നാരായണന്റെ ഭാര്യാപിതാവ് ബിപിന്‍ചന്ദ്രബാബു സര്‍ചാത്തുനായരോട് പരാതിപ്പെടുന്നു.

ബിപിന്‍: നാരായണന്‍ വല്ലാതെ മദ്യപിക്കുന്നുവത്രേ
സര്‍ ചാത്തു: ആര് പറഞ്ഞു?
ബി: ജനം പറയുന്നു
സര്‍: ജനം പറയുന്നതിനെ പറ്റി വീണ കുതിരയെ വീണ്ടും തല്ലുന്ന പോലെ പറയുകയാണെങ്കില്‍ ജനം കുടിച്ചതിന്റെ ബാക്കിയെ നാരായണന്‍ കുടിയ്ക്കുന്നുള്ളൂ.
ബിപിഞ്ചന്ദ്രബാബു ഫ്ലാറ്റ്. :-)

Unknown പറഞ്ഞു...

magnifier :) സ്വാഗതം, blogsend അഡ്രസ്‌ പിന്മൊഴി സെറ്റ്‌ ചെയ്തിരുന്നതാ... പക്ഷേ ഗൂഗിള്‍ എന്നോടു ചൂടായി.. നീയാരാടാ ഇവിടേയ്ക്ക്‌ മെയില്‍ അയക്കാന്‍ എന്നും ചോദിച്ച്... ചങ്ങാതിമാരെ എന്റെ blog4comments വരി തീര്‍ന്നോ?

ചിത്രകാരാ നന്ദി :)

സു :) അതു ഒരു ചെറിയ പ്രശ്നം പറ്റിയതാ സൂ, നമ്മുടെ പ്ലഗ്ഗ്‌-ഇല്‍ നിന്ന്‌ സ്വിസ്സ്‌ പ്ലഗ്ഗിലേക്കുള്ള കണക്ടര്‍ കിട്ടിയില്ലായിരുന്നു.. ഇപ്പൊ ഒരുവിധം ഒപ്പിച്ചിട്ടുണ്ട്‌.. അടുത്ത തവണ മുതല്‍ പടങ്ങളും ഇടാം (പിന്നെ രാവിലേ 8 മണി വരെ ഉറങ്ങുന്ന യോഗമാണൊ അതോ യോഗയാണൊ നല്ലത്‌ എന്ന്‌ കൂലങ്കഷമായി ആലോചിക്കുന്നതേയുള്ളൂ :) )

ദില്‍ബൂ :) ഹ ഹ :) സ്വിസ്സ്‌കാര്‍ കുടിച്ചിട്ടൂം തീരാത്തതുകൊണ്ടാ ഞാനും ഇവിടെ വൈന്‍ കുടിക്കുന്നത്‌ പിന്നെ സേവയല്ല ബാധയാന്നാ തോന്നുന്നേ... എന്തായാലും ഇപ്പൊ വലിയ പ്രശ്നമില്ല.. എന്റെ കൂട്ടുകാരന്റെ കയ്യില്‍ നിന്നും സാധനങ്ങള്‍ കളഞ്ഞു പോകാന്‍ തുടങ്ങി :)

ശാലിനി പറഞ്ഞു...

സ്വിസ് ഡയറി ഇഷ്ടപ്പെട്ടു. ഫോട്ടൊകള്‍ കൂടി ഇടൂ.

Unknown പറഞ്ഞു...

ശാലിനീ :) സ്വാഗതം .. അടുത്ത തവണ മുതല്‍ ഫോട്ടോസും ഇടാം.. (ദൈവമെ ഇനി അത്‌ കണ്ടെത്തുമ്പോള്‍‍ എന്നെ നാട്ടുകാറെല്ലാം കൂടി ഓടിച്ചിട്ടു തല്ലുമോ ആവോ :) )