2009, മേയ് 20, ബുധനാഴ്‌ച

തായ്‌‌പേയ്

കടുംപച്ചക്കുന്നുകൾ, ഇടയ്ക്ക് താഴ്വരയിലൂടെ ഒഴുകുന്ന നദി, കുന്നിന്‍നിരകളിൽ പതിയിരിക്കുന്ന ഉഷ്ണനീരുറവകളും, വെള്ളച്ചാട്ടങ്ങളും, അധികം ദൂരെയല്ലാതെ തന്നെ സുന്ദരമായ ഒരഴിമുഖവും കടൽത്തീരവും, ഇതെല്ലാം ഒത്തുചേര്ന്നാൽ എങ്ങനെയിരിക്കും? കൂട്ടത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിര്മ്മിക്കപ്പെട്ട ബുദ്ധക്ഷേത്രങ്ങളും അതിനൊപ്പം തന്നെ അംബരചുംബികളും മെട്രോ റെയില്വേയുമടങ്ങുന്ന ഒരു ആധുനിക മുഖം കൂടി കൂടിച്ചേര്ന്നതാണു് തായ്‌‌പേയ്! തയ്‌‌വാന്‍ എന്നറിയപ്പെടുന്ന ദ്വീപ് രാജ്യത്തിന്റെ തലസ്ഥാനം. അവിടെയാണു ഇത്തവണ ഒരു കോണ്ഫറന്സിൽ പങ്കെടുക്കാന്‍ പോകേണ്ടി വന്നത്. നാലുദിവസം രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീളുന്ന കാര്യപരിപാടികൾ. ഇതിനിടയ്ക്ക് വീണുകിട്ടുന്ന (അല്ലെങ്കിൽ മുങ്ങുന്നത് വഴി കിട്ടുന്ന) ഒഴിവുസമയം കൊണ്ട് ഒരു ചെറിയ ഓട്ടപ്രദക്ഷിണം. അതായിരുന്നു ഇത്തവണത്തെ യാത്ര.

ആദ്യദിവസം രാത്രി അത്താഴം കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചത് തായ്‌‌പേയിയിലെ പ്രശസ്തമായ ഷി-ലിന്‍ രാത്രിക്കമ്പോളത്തിലേയ്ക്കായിരുന്നു (തെറ്റിദ്ധരിക്കേണ്ട, വേറെ തരം കമ്പോളമൊന്നുമല്ല). രാത്രി എട്ടുമണിമുതലാണു കമ്പോളം സജീവമാകുന്നത്. അത് അര്ദ്ധരാത്രിയും കഴിഞ്ഞു രണ്ടു മണി വരെ നീളും. ഇടുങ്ങിയ തെരുവുകൾ, രണ്ടു വശത്തും സോപ്പ്, ചീപ്പ്, കണ്ണാടികളൊക്കെ വില്ക്കുന്ന ഉന്ത്‌‌വണ്ടികൾ, പിറകിൽ വലിയ വലിയ തുണിക്കടകൾ, ഇലക്ട്രിക്/ഇലക്ട്രോണിക് കടകൾ തുടങ്ങിയവ. ഒരു തെരുവു മുഴുവന്‍ ഭക്ഷണശാലകൾ - തട്ടുകടകളും ചെറിയ റെസ്റ്റോറന്റുകളും. ബാംഗളൂരു് ഞായറാഴ്ച വൈകുന്നേരം ബ്രിഗേഡ് റോഡില് കാണുന്ന പോലത്തെ തിരക്ക്. ആരെയും മുട്ടാതെ ഒരടി നടക്കാന്‍ വയ്യ. ഉന്തുവണ്ടിക്കാരെല്ലാം എന്തൊക്കെയോ വിളിച്ചു പറയുന്നു. ഒരേയൊരു പ്രശ്നം - എല്ലാം ചൈനീസിലാണു്, ഒറ്റക്കുഞ്ഞിനും ആംഗലേയം വശമില്ലാ.

രണ്ടും കല്പിച്ച് ഇത്തിരി പോഷ് ആണെന്നു തോന്നിയ ഒരു കടയിൽ കഴിക്കാന്‍ കയറി. കിം ഫലം!! ചൈനീസ് മെനു മാത്രം. ഇംഗ്ലീഷ് എന്നൊക്കെ ചോദിച്ചിട്ട് ആരും മൈന്റ് ചെയ്യുന്നില്ല. ഭാഗ്യത്തിനു റെസ്റ്റോറന്റിന്റെ മൂലയ്ക്ക് കുറേ‌ പടങ്ങള്‌ ഉണ്ടായിരുന്നു. വെയിറ്ററെ അങ്ങോട്ട് വിളിച്ചിട്ട്, വലിയ കുഴപ്പമൊന്നും വരില്ലാ എന്ന് തോന്നിയ (ചുമ്മാ തോന്നി ;) ) ഒരു പടം തൊട്ട് നെഞ്ചത്ത് വെച്ചിട്ട് ഒന്ന് എന്ന് വിരൽ ഉയര്ത്തി കാണിച്ചു. കൂടെ വന്ന കൂട്ടുകാരനും അതേ പടി ചെയ്തു. " പൊട്ടന്‌‌മാരാരുന്നല്ലേ" എന്ന ഭാവത്തിൽ അയ്യാൾ ഇരിക്കാനുള്ള സ്ഥലം കാണിച്ചു തന്നു. അവിടെ ചെന്നിരുന്നു ഇച്ചിരി കഴിഞ്ഞതും ഒരു ഗ്യാസ് സ്റ്റൗ വന്നു. അതിന്റെ മുകളിൽ കലത്തിൽ എന്തൊക്കെയോ തിളയ്ക്കുന്നു. കുറേ നൂഡില്സ്, പിന്നെന്തൊക്കെയോ ചെടികളുടെയും മൃഗങ്ങളുടേയും ഒക്കെ സ്പെയർ പാര്ട്ട്സ് - ചെമ്മീന്‍, ചിക്കന്‍, കണവ, സാലഡ് ഇല,റവ ഒക്കെയുണ്ട് - , അറ്റത്ത് തൊട്ടുകൂട്ടാന്‍ വയ്ക്കുന്നത് പോലെ ഇത്തിരി ചോറും, ഇതെല്ലാം തിന്നാനായിട്ട് രണ്ട് കമ്പും (Chop sticks) . സാധനം എന്താണെന്നറിഞ്ഞിട്ട് കഴിപ്പ് നടക്കില്ലെന്നതിനാൽ കമ്പ് കൊണ്ട് കുത്തിയെടുക്കാന്‍ പറ്റിയതെല്ലാം വാരിത്തിന്നു.


താഴെ വരിയിൽ വലത്ത് നിന്ന് മൂന്നാമത് അതായിരുന്നു അത്താഴം :)

രണ്ടാമത്തെ ദിവസത്തെ വൈകുന്നേരം കോണ്ഫറന്സിൽ പങ്കെടുക്കാനെത്തിയവര്ക്കുള്ള വിരുന്നായിരുന്നതിനാൽ, വൈകുന്നേരം പുറത്ത് പോകാന്‍ കഴിഞ്ഞില്ല. തായ്‌‌പേയിയിലെ അത്യാവശ്യം വലിയ എന്നാൽ പരമ്പരാഗത ശൈലിയിൽ നിര്മ്മിച്ചിരിക്കുന്ന ഗ്രാന്റ് ഹോട്ടൽ. ചൈനീസ് ശരറാന്തലുകളും വ്യാളിചിത്രങ്ങൾ പതിച്ചിരിക്കുന്ന മച്ചുമൊക്കെയായി മറ്റൊരു വിസ്മയം. വിരുന്നിനൊപ്പം സംഗീത നൃത്ത പരിപാടികളുമായി ഒരു സായാഹ്നം ചെലവഴിച്ചപ്പോൾ പുറത്ത് പോകാന്‍ കഴിയാത്തതിന്റെ വിഷമം പാടേ മാറി.


വ്യാളികൾ നിറഞ്ഞ മച്ചും ശരറാന്തലും


മൂന്നാം ദിവസം ജോലി അല്പം നേരത്തേ തീര്ന്നത് കൊണ്ട്, തായ്‌‌പേയിയുടെ വടക്ക് ഭാഗത്തുള്ള ദാന്ഷുയി(താംസുയി) അഴിമുഖത്ത് പോകാമെന്ന് തീരുമാനിച്ചു. ദാന്ഷുയി നദി സമുദ്രത്തിൽ ചേരുന്ന ഭാഗമാണു ഇവിടം. തായ്‌‌വാനിലെ ഏറ്റവും നീളം കൂടിയ നദിയാണു് ദാന്ഷൂയി. മെട്രോ റെയില്വേ സ്റ്റേഷന്റെ അടുത്ത് നിന്നും ബോട്ട് സര്വീസുകൾ ഉണ്ട്. പുഴക്കരയിൽ നിന്നും അഴിമുഖം വഴി ഒരു ഹാര്ബർ വരെ നീളുന്ന അരമണിക്കൂർ ദൈര്ഘ്യമുള്ള ബോട്ട് യാത്രയും ഹാര്ബറില്നിന്നുമുള്ള സൂര്യാസ്തമയവുമാണു് ദാന്ഷുയിയിലെ പ്രധാന ആകര്ഷണങ്ങൾ.


ദാന്ഷുയി പുഴയോരം

പ്രതീക്ഷിച്ചതിലും ദൂരം കൂടുതലുണ്ടായിരുന്നു ദാന്ഷുയിക്ക്. മെട്രോയിൽ നിന്നിറങ്ങി തിരക്കിട്ട് ബോട്ട്ജെട്ടിയിൽ എത്തിയപ്പോഴേയ്ക്കും ആറുമണി കഴിഞ്ഞു. ടിക്കറ്റുമെടുത്ത് ബോട്ടിൽ കയറിയപ്പോഴേയ്ക്കും ഒരു കാര്യം മനസിലായി - ഹാര്ബറിനു പകരം ബോട്ടിൽ ഇരുന്ന് തന്നെ സൂര്യാസ്തമയം കാണേണ്ടി വരുമെന്ന്. നാലുപാടുമുള്ള ചില കൊച്ചു ചിത്രങ്ങൾ ഒപ്പിയ ശേഷം മുഴുവന്‍ ശ്രദ്ധയും സൂര്യാസ്തമയത്തിലേയ്ക്ക് തിരിച്ചു. സൂര്യാസ്തമയ സമയത്ത് ബോട്ട് അഴിമുഖത്തെത്തിയിരുന്നു. കടലില് നിന്നുള്ള അസ്തമയക്കാഴ്ച ഒരു പുതിയ അനുഭവമായി. പാഞ്ഞടുക്കുന്ന തിരമാലകളുടെ വന്യതകള്ക്കും അടിച്ചു പറത്തുന്ന കാറ്റിന്റെ ചൂളം വിളിയ്ക്കും, തൂവാനത്തിന്റെ തൊട്ടു തലോടലുകളിൽ നിന്നും ഇടയില് നിന്നകന്ന് ദൂരെ ശാന്തസുന്ദരമായ ഒരു സൂര്യാസ്തമയം.

ആഴിക്കങ്ങേക്കരയുണ്ടോ..

ഹാര്ബറിൽ പോയി തിരിച്ചെത്തിയ ശേഷം ഇത്തിരി ചുറ്റിനടന്നിട്ട് അത്താഴം കഴിക്കാനായിരുന്നു പ്ലാന്‍. തായ്വാന്‍ ഭക്ഷണം കിട്ടുന്ന തെരുവ് കയ്യിലിരുന്ന ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇന്ന് ശരിക്കുള്ള തായ്വാന്‍ ഭക്ഷണം കഴിച്ചിട്ടേയുള്ളൂ എന്ന അഹങ്കാരത്തിൽ ചെന്ന ഞങ്ങളെ എതിരേറ്റത് "FROG EGGS" എന്നെഴുതിയ ഒരു വലിയ പരസ്യപ്പലകയാണു്. അത് കണ്ടില്ലാന്നു നടിച്ച് അടുത്ത കടയിലേയ്ക്ക് നോട്ടം തിരിച്ചപ്പോൾ ഏതൊ ഒരു പക്ഷിയുടെ കഴുത്ത് മുകള്‌ മേല്പ്പോട്ടുള്ള ഭാഗം (കൊക്കുള്പ്പെടെ) എണ്ണയിലിട്ട് പൊരിച്ച് നിറുത്തിയിരിക്കുന്നു. തൊട്ടടുത്ത കടയിൽ, നാട്ടിലെ ബേക്കറിയിൽ കേക്കും, അലുവയുമൊക്കെ വച്ചിരിക്കുന്നത് പോലെയുള്ള വലിയ കണ്ണാടി അലമാരകൾ. അതിനകം മുഴുവന്‍ അട്ടകൾ ഓടി നടക്കുന്നു. ഫ്രെഷ് ആയിട്ട് പൊരിച്ച് കൊടുക്കാനാണെന്ന് തോന്നുന്നു. എന്തായാലും ഞങ്ങൾ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

രണ്ട് ദിവസത്തെ നഗരക്കാഴ്ചകൾ കഴിഞ്ഞതും ഇനി ഒരല്പം പ്രാന്തപ്രദേശങ്ങൾ കൂടി കണ്ടു കളയാം എന്ന് തീരുമാനിച്ചു. കോണ്‍ഫറന്‍സ് തുടങ്ങുമ്പോൾ പതിനൊന്ന് മണിയാകും. അതിനു മുന്‍പ് വുലായി വെള്ളച്ചാട്ടം കാണാമെന്ന് തീരുമാനിച്ചു. തായ്‌‌പേയ്ക്ക് തെക്കു വശം ഉള്ള ഒരു ചെറിയ ടൂറിസ്റ്റ് ഗ്രാമം.വുലായി വെള്ളച്ചാട്ടവും അവിടെയുള്ള ഉഷ്ണനീരുറവകളും പ്രശസ്തമാണു്.

മെട്രോ ട്രെയിനുകള്‍ കയറിയിറങ്ങി സിന്‌ഡ്യാന്‍ എന്ന അവസാനത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ തന്നെ സമയം എട്ടു കഴിഞ്ഞു. ഒരു ടാക്സിക്കാരന്‍ അവിടെ നിന്ന് വുലായിക്ക് ആളുണ്ടോ എന്നും വിളിച്ച് ചോദിക്കുന്നു.. കാര്‍ വാടക കൂടുതലായതിനാല്‍ ബസില്‍ പോകാന്‍ തീരുമാനിച്ചു. ബസുകളൊക്കെ എന്തൊക്കെയോ ബോര്‍ഡും വച്ച് പോകുന്നു. ആകെ ഉള്ള ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒന്‍പതു മണിക്കേ തുറക്കൂ. ചുറ്റും നോക്കിക്കൊണ്ട് നില്ക്കുന്നതിനിടയില്‍ ഒരു ബസ് വന്ന് ആളെ കയറ്റാന്‍ തുടങ്ങിയതും ടാക്സിക്കാരന്‍ അത് വുലായിക്കുള്ളതാണു്‌ പോയി കയറൂ എന്ന് എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞതും ഒപ്പം കഴിഞ്ഞു. ഓടിക്കയറിയതും ബസ് നീങ്ങിത്തുടങ്ങി. അയാള്‍ക്ക് ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തു.


ബിലാന്‍ (വുലായിക്കുള്ള വഴിക്കിടയില്)

ഇവിടെ നിന്നും വുലായിക്കുള്ള വഴി മലകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയുടെ (ദാന്ഷുയിയുടെ ഒരു പോഷകനദി) തീരം പിടിച്ചാണു്‌. അതിമനോഹരങ്ങളായ പച്ചപ്പട്ട് മൂടിയ വലിയ മലനിരകള്‍. വനപ്രദേശങ്ങളിലൂടെ ഓരോ തിരിവിലും പുതിയ ദൃശ്യങ്ങളും മുന്നിലെത്തിച്ച്കൊണ്ട് മലമ്പാതകളിലൂടെ ബസ് അതിവേഗം നീങ്ങുകയാണു്. വസന്തകാലമായതിനാൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പൂത്തമരങ്ങള്‌ മാത്രം എന്ന അവസ്ഥ. ഇടയ്ക്കിടയ്ക്ക് അടയാളപ്പെടുത്തിയിരിക്കുന്ന ട്രെക്കിംഗ് റൂട്ടുകള്. ഒരു വശത്ത് തല്ലിപ്പതഞ്ഞൊഴുകുന്ന പുഴ. സ്വിറ്റ്സര്ലാന്റിനോട് കിടപിടിക്കുന്ന പ്രകൃതിഭംഗി. മുക്കാൽ മണിക്കൂറോളമുള്ള യാത്രാ സമയം കടന്നുപോയതറിഞ്ഞതേയില്ല. വെള്ളച്ചാട്ടത്തിലെത്താന്‍ പിന്നേയും അത്രയും സമയം തന്നെ നടക്കേണ്ടി വന്നെങ്കിലും അപ്പോഴത്തേ ആവേശത്തിൽ അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. വെയിലാണെങ്കിലും മരങ്ങളുടെ നിഴൽ പറ്റി നടന്നാൽ നല്ല തണുപ്പുണ്ട്. ചൂണ്ടയിടീല്, ക്യാമ്പിങ്ങ്, പിക്നിക്, ഇതിനൊക്കെ പറ്റിയ സ്ഥലം.


വുലായി

ഇവിടെയുള്ള സക്കൂറാ മരങ്ങൾ പൂക്കുന്നത് കാണാന്‍ ഒരുപാട് സന്ദര്ശകരെത്താറുണ്ടത്രേ. ഒരിത്തിരി നേരം നിന്നിട്ട് വേഗം മടങ്ങി. മടക്കയാത്രയിൽ ബസിൽ കൂടെ ഒരു ഇംഗ്ലീഷ് അധ്യാപിക ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം ഉഷ്ണനീരുറവകളെ സന്ദര്ശിക്കാനായി മാറ്റിവയ്ക്കുന്നു. അവർ ജോലിചെയ്യുന്ന സർവ്വകലാശാലയ്ക്കടുത്ത് ഒരു നല്ല പുരാതനമായ ക്ഷേത്രം ഒരു കുന്നിന്‍ മുകളിൽ ഉണ്ടെന്നും അവിടെ പോകാതെ മടങ്ങരുതെന്നും പറഞ്ഞപ്പോൾ വൈകുന്നേരത്തെ പരിപാടി അതുതന്നെ എന്ന് തീരുമാനിച്ചു.

നിര്ഭാഗ്യവശാൽ വൈകുന്നേരം ഇറങ്ങിയപ്പോൾ ഒരുപാട് വൈകി. ഓടിപ്പിടിച്ച് കുന്നിന്റെ ചുവട്ടിൽ എത്തിയപ്പോൾ തന്നെ വൈകുന്നേരം അഞ്ചരയായി. ഒരു കാട്ടിലൂടെയാണു് എളുപ്പവഴി. സന്ധ്യയ്ക്ക് കാട്ടിലൂടെ കയറാന്‍ തോന്നാത്തതു കൊണ്ട് വളഞ്ഞു തിരിഞ്ഞ് റോഡ് മാര്ഗ്ഗം പോകാന്‍ തീരുമാനിച്ചു. അധികം കയറുന്നതിനു മുന്പു തന്നെ ഇരുട്ടായതിനാൽ യാത്ര പകുതിവഴിയിലുപേക്ഷിച്ച് മടങ്ങേണ്ടീ വന്നു. ദൂരെ മലമുകളിൽ ക്ഷേത്രദീപങ്ങൾ കാണാമായിരുന്നു.

സമയം രാത്രിയായിക്കഴിഞ്ഞു. തിരികേ മെട്രോയിൽ ഇരുന്നപ്പോൾ വെറുതേ കയ്യിലിരുന്ന ടൂറിസ്റ്റ് ഗൈഡ് ഒന്ന് മറിച്ചു. കാണാനിനിയുമേറേ. പാലസ് മ്യൂസിയം, ബൊട്ടാണിക്കൽ ഗാര്ഡന്സ്, പൊക്കത്തിന്റെ കാര്യത്തിൽ കേമനായ തായ്‌‌പേയ്-101 (പുറമേ നിന്ന് മാത്രം കണ്ടു), ഇലക്ട്രോണിക് മാര്ക്കറ്റുകള്, മലനിരകളുടെ മീതേയുള്ള കേബിള്കാർ സഞ്ചാരം, തേയിലനിര്മ്മാണ ഫാക്ടറികള്, അങ്ങനെ നീളുന്നു, പട്ടിക. ഒരു മടങ്ങിവരവുണ്ടാകണം എന്ന് മനസിൽ കുറിച്ച്കൊണ്ട് ഞാന്‍ പുറത്ത് ഓടിമറയുന്ന വെളിച്ചങ്ങളും നോക്കിയിരുന്നു.

(സമര്പ്പണം: വല്ലതും എഴുതി ബ്ലോഗിലിടാന്‍ ഉപദേശിച്ച നിരക്ഷരന്‍ ചേട്ടനു്)

10 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

പോകാൻ ഉദ്ദേശിക്കുന്നവർക്കും, പോകാൻ സാധിക്കാത്തവർക്കുംവേണ്ടി ഇങ്ങനെയൊക്കെ എഴുതിയിടുന്നത് നല്ലതാണെന്ന് എന്റെ അഭിപ്രായം. :)

അരുണ്‍ കരിമുട്ടം പറഞ്ഞു...

എന്തായാലും ഇവിടൊന്നും പോകാന്‍ പറ്റില്ല, പിന്നെ ഇതെങ്കിലും ആകട്ടെ

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഫോട്ടോകള്‍ വലുപ്പത്തില്‍ ഇത്രേം പിശുക്കണ്ട... :)
നന്നായിട്ടുണ്ട്..വിവരണം,..

Unknown പറഞ്ഞു...

സു: അതു ശരി മൈസൂർ കഴിഞ്ഞ് അടുത്തത് ബാംഗ്ലൂർ വഴി തായ്‌‌പേയ് ആണല്ലേ :)

അരുണ്:‌ അങ്ങനെ പറയല്ലേ, ദാ മാന്ദ്യമൊക്കെ തീര്ന്നു. അടുത്ത ഓൺസൈറ്റ് തായ്‌‌വാനിലേയ്ക്ക് ഒപ്പിക്കൂ :)

hAnLLaLTh: നന്ദി :) (അതിൽ ക്ലിക്കിയാൽ വലുതായി കാണാം കേട്ടോ)

കണ്ണനുണ്ണി പറഞ്ഞു...

അവിടൊക്കെ പോവാതെ കഴിഞ്ഞുലോ.. നന്നായി കുഞ്ഞന്‍സ്...വിവരണം

Sands | കരിങ്കല്ല് പറഞ്ഞു...

തായ്പേയ് സ്വിസ്സിന്റെ ഭാഗമായതറിഞ്ഞില്ലായിരുന്നു ;)

എന്നാലും ഹോട്ടലുകാരെക്കൊണ്ട് “പൊട്ടന്മാരായിരുന്നല്ലേ” എന്നു പറയിച്ചല്ലോ.. അതു കേട്ടപ്പോ മനസ്സിനൊരു കുളിര്‍മ്മ.

:)

ഞാന്‍.

Unknown പറഞ്ഞു...

കണ്ണനുണ്ണി :) നന്ദി ..
കരിങ്കല്ലേ :) ഡയറി മാത്രം സ്വിസ്.. മനസിലായാ, ഇതൊക്കെ എഴുതീത് ഇവിടുത്തെ ആ ഇരട്ടവരയന്‍ ബുക്കിലാന്ന് ;)

അജ്ഞാതന്‍ പറഞ്ഞു...

എങ്ങനെടൈ കോലുകൊണ്ട് വാരിത്തിന്നുന്നത്.....

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഈയുള്ളനന്റെ ബ്ലോഗത്ത് ഒരു കമന്റിട്ടതുകൊണ്ട് ഇങ്ങോട്ടൊന്നു വരാൻ തോന്നി.ഇങ്ങോട്ടുവരാൻ കഴിയാതിരുന്നെങ്കിൽ നഷ്ടമായെനെ! സന്തോഷം!

mini//മിനി പറഞ്ഞു...

എന്നിട്ട് അവിടെ നിന്ന് ഏതെങ്കിലും വന്യജീവികളെ തിന്നാന്‍ കഴിഞ്ഞൊ? കിട്ടിയ ചാന്‍സ് കളയണ്ട.